പനീര്‍ശെല്‍വത്തിന്റെ ശക്തി മോദിയും ഷായും? ബിജെപി തമിഴ്നാട്ടിലേക്ക്? കോണ്‍ഗ്രസിന് നെഞ്ചിടിപ്പ് !!
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെയും വ്യക്തമായ പിന്തുണയുള്ളതു കൊണ്ടാണ് പനീര്‍ ശെല്‍വം ഇത്തരത്തിലൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നതെന്നും സൂചനകളുണ്ട്.
ചെന്നൈ: ചെന്നൈയില്‍ ഒറ്റ രാത്രി കൊണ്ട് കാര്യങ്ങള്‍ മാറി മറിയുകയാണ്. ഒരു വെളിപാടുണ്ടായതു പോലെ പനീര്‍ ശെല്‍വം ശശികലയ്‌ക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്തു വന്നതോടെ തമിഴ്‌നാട് രാഷ്ട്രീയം എങ്ങോട്ടേക്കാണെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ശശികലയ്‌ക്കെതിരായ പനീര്‍ ശെല്‍വത്തിന്റെ വെളിപ്പെടുത്തലുകള്‍ക്കു പിന്നില്‍ ബിജെപിയാണെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന സൂചനകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെയും വ്യക്തമായ പിന്തുണയുള്ളതു കൊണ്ടാണ് പനീര്‍ ശെല്‍വം ഇത്തരത്തിലൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നതെന്നും സൂചനകളുണ്ട്.
അതേസമയം ബിജെപിയുടെ പുതിയ തന്ത്രങ്ങളില്‍ കോണ്‍ഗ്രസിനും ആശങ്കയുണ്ട്. തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പിന്നില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരാണെന്നാരോപിച്ച് കോണ്‍ഗ്രസും രംഗത്തെത്തിയിരിക്കുകയാണ്.മോദി സര്‍ക്കാര്‍ തമിഴ്‌നാട് രാഷ്ട്രീയത്തിലെ സ്ഥിതിഗതികള്‍ മുതലെടുക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

പനീര്‍ശെല്‍വത്തിന് പിന്തുണ
ജയലളിതയുടെ മരണത്തിനു പിന്നാലെ തമിഴ്‌നനാട് പിടിച്ചെടുക്കുന്നതിന് എല്ലാ പാര്‍ട്ടികളും കഴിയുന്നതൊക്കെ ചെയ്തിരുന്നു. ബിജെപി തമിഴ്‌നാട് ലക്ഷ്യം വയ്ക്കുന്നതായ സൂചനകള്‍ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് രണ്ട് ദിവസത്തിനകം ശശികലയ്‌ക്കെതിരെ പനീര്‍ശെല്‍വം ആരോപണങ്ങളുമായി രംഗത്തെത്തിയതിനു പിന്നില്‍ ബിജെപിയാണെന്നാണ് പുറത്തു വരുന്ന സൂചനകള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെയും പിന്തുണ പനീര്‍ ശെല്‍വത്തിനുണ്ടെന്നാണ് വിവരങ്ങള്‍. ഇക്കാര്യം പനീര്‍ശെല്‍വം തന്നെ തുറന്നു പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. പനീര്‍ ശെല്‍വം ശശികലയെ തള്ളി രംഗത്തെത്തിയത് പെട്ടെന്നുള്ള നടപടിയായിരുന്നില്ലെന്നും മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുള്ള നീക്കങ്ങളായിരുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

ബിജെപിക്ക് നേട്ടം
തമിഴ്‌നാട്ടിലെ നിലവിലുണ്ടായിരിക്കുന്ന പിളര്‍പ്പ് മുതലാക്കാന്‍ തന്നെയാണ് ബിജെപിയുടെ ശ്രമം എന്നാണ് സൂചനകള്‍. തമിഴ്‌നാട്ടിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം 40 എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് പനീര്‍ശെല്‍വം പറയുന്നത്. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍ ബിജെപി പനീര്‍ശെല്‍വത്തെ പിന്തുണച്ചേക്കും. മാത്രമല്ല ഡിഎംകെയും പുറത്ത് നിന്ന് പിന്തുണയ്ക്കുമെന്നാണ് സൂചനകള്‍. പനീര്‍ശെല്‍വത്തെ മുന്‍നിര്‍ത്തി ബിജെപിക്ക് തമിഴ്‌നാട് പിടിക്കാനായാല്‍ ബിജെപിക്ക് വലിയ നേട്ടം തന്നെയായിരിക്കും.

അവസരം മുതലാക്കി പനീര്‍ശെല്‍വം
ജയലളിതയുടെ മരണത്തിനു പിന്നാലെ ശശികല എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയായതിലും രാജിവയ്ക്കാന്‍ നിര്‍ബന്ധിച്ചതിലും പനീര്‍ശെല്‍വത്തിന് കടുത്ത എതിര്‍പ്പുണ്ടായിരുന്നുവെന്നാണ് സൂചനകള്‍. എന്നാല്‍ ശശികലയുടെ നീക്കം ജനങ്ങളില്‍ പ്രതിഷേധം ഉണ്ടാക്കിയ അവസരം മുതലെടുത്ത് ശശികലയ്‌ക്കെതിരെ രംഗത്തു വരാന്‍ പനീര്‍ ശെല്‍വത്തിനും ആയി. കേന്ദ്രത്തിന്റെ പിന്തുണയും പനീര്‍ശെല്‍വത്തിന് തുണയായി. ശശികലയ്‌ക്കെതിരെ പാര്‍ട്ടിയില്‍ തന്നെ എതിര്‍പ്പുകളുണ്ട്. ഇതും പനീര്‍ശെല്‍വത്തിന് അനുകൂലമാകുമെന്നാണ് സൂചനകള്‍.

സുപ്രീംകോടതി വിധി കാത്ത്
തമിഴ്‌നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന്റെ നീക്കത്തിനു പിന്നില്‍ കേന്ദ്രത്തിന്റെ സ്വാധീനമാണെന്നും ആരോപണമുണ്ട്. ചൊവ്വാഴ്ച ശശികലയുടെ സത്യപ്രതിജ്ഞ നടക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ അനധികൃത സ്വത്ത് സമ്പാദന കേസില്‍ സുപ്രീംകോടതി വിധി വരാനിരിക്കെ തിടുക്കപ്പെട്ട് ശശികലയുടെ സത്യപ്രതിജ്ഞ നടത്തേണ്ടെന്നായിരുന്നു ഗവര്‍ണറുടെ തീരുമാനം. അറ്റോര്‍ണി ജനറലില്‍ നിന്ന് ഗവര്‍ണര്‍ക്ക് ഇത്തരത്തിലൊരു നിയമോപദേശം ലഭിച്ചതായാണ് വിവരം. ദില്ലിയിലെത്തിയ ശേഷമാണ് ഗവര്‍ണര്‍ ചെന്നൈയിലേക്കുള്ള യാത്ര വൈകിപ്പിച്ചത്. ഇത് കേന്ദ്രത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണെന്നാണ് സൂചനകള്‍. ശശികലയുടെ സത്യപ്രതിജ്ഞ വൈകിപിക്കുന്ന ഗവര്‍ണറുടെ നീക്കം കേന്ദ്രത്തിന്റെ അറിവോടെയാണെന്ന് വ്യക്തമാണ്.

തകര്‍ക്കാന്‍ ബിജെപി
ശശികല തമിഴ് നാട് മുഖ്യമന്ത്രിയായാല്‍ അത് കോണ്‍ഗ്രസിനാകും ഏറെ ഗുണമാവുക. ശശികലയുടെ ഭര്‍ത്താവ് എം നടരാജന്‍ കഴിഞ്ഞ മാസം ദില്ലിയില്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ഉള്‍പ്പൈടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി സൂചനകള്‍ പുറത്ത് വരുന്നുണ്ട്. ഇത് ബിജെപിയെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇതാണ് തമിഴ്‌നാട്ടിലെ പുതിയ നീക്കത്തിന് കാരണമായതെന്നും സൂചനകളുണ്ട്.

കോണ്‍ഗ്രസിന് ആശങ്ക
അതേസമയം ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ തമിഴ്‌നാട്ടിലെ സാഹചര്യങ്ങള്‍ മുതലെടുക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. തമിഴ്‌നാട്ടില്‍ മോദി വൃത്തികെട്ട കളി കളിക്കുകയാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. അതേസമയം തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് കാര്‍ത്തി ചിദംബരവും രംഗത്തെത്തി. തമിഴ്‌നാട്ടില്‍ ബിജെപി നടത്തുന്ന നീക്കങ്ങള്‍ കോണ്‍ഗ്രസിനെയും ആശങ്കപ്പെടുത്തുന്നു. ബിജെപിയുടെ പിന്തുണയോടെ പനീര്‍ശെല്‍വം തമിഴ്‌നാട് മുഖ്യമന്ത്രിയായാല്‍ അത് കോണ്‍ഗ്രസിന് വന്‍ തിരിച്ചടി തന്നെയാകും.












Click it and Unblock the Notifications