104 സീറ്റുകൾ വരെ ലഭിക്കും; കർണാടകത്തിൽ ബിജെപിക്ക് ആശ്വാസമായി സർവ്വേ
ബെംഗളൂരു; കർണാടകത്തിൽ ബി ജെ പിയുടെ പ്രതീക്ഷകൾ ഇരട്ടിപ്പിച്ച് പാർട്ടിയുടെ ആഭ്യന്തര സർവ്വേ. നിലവിൽ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടന്നാൽ ബി ജെ പി 104 സീറ്റുകൾ വരെ നേടുമെന്നാണ് സർവ്വേ ഫലം. കോൺഗ്രസിന് 70 സീറ്റുകളും ജെ ഡി എസിന് 20 സീറ്റുകളുമാണ് സർവ്വേ പ്രവചിക്കുന്നത്.ബിഎസ്പി, എ ഐ എം ഐ എം, എ എ പി എന്നിവയുൾപ്പെടെ മറ്റ് ചെറിയ പാർട്ടികളും സ്വതന്ത്രരും 20 സീറ്റുകൾ നേടുമെന്നും സർവ്വേ പറയുന്നു.

മുതിർന്ന നേതാവും സംസ്ഥാന ബി ജെ പിയിലെ പ്രബലനുമായ യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയത് അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് വലിയ തിരിച്ചടിക്ക് കാരണമാകുമെന്ന ആശങ്കകൾ പാർട്ടിക്കുള്ളിൽ തന്നെ ശക്തമാണ്. എന്നാൽ യെഡ്ഡിയെ പോലൊരു നേതാവിന്റെ അഭാവത്തിലും ബി ജെ പിക്ക് മുന്നേറാൻ സാധിക്കുമെന്നാണ് സർവ്വേ വ്യക്തമാക്കുന്നതെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

മുൻ വർഷങ്ങളിലേത് പോലെ തന്നെ ബി ജെ പിയുടെ ശക്തി കേന്ദ്രങ്ങളിൽ ആർക്കും കടന്ന് കയറാൻ സാധിക്കില്ലെന്നാണ് സർവ്വേ തെളിയിക്കുന്നത്. തീരദേശ കർണാടക, മുംബൈ-കർണാടക, കല്യാണ-കർണാടക, മധ്യ കർണാടക തുടങ്ങിയ സ്വാധീന മേഖലകളിൽ നിന്ന് തന്നെയാണ് ബി ജെ പിക്ക് കൂടുതൽ നേട്ടം കൊയ്യാൻ സാധിക്കുക. പഴയ മൈസൂർ മേഖലയിൽ ഇത്തവണയും പതിവ് തെറ്റില്ലെന്ന് സർവ്വേ ചൂണ്ടിക്കാട്ടുന്നു. ജെ ഡി എസിനും ഒരു പരിധി വരെ കോൺഗ്രസിനുമാണ് ഈ മേഖലയിൽ സ്വാധീനം കൂടുതൽ.

ബംഗളൂരു റൂറൽ, രാമനഗര, മാണ്ഡ്യ, ഹാസൻ, കോലാർ, മൈസൂരു റൂറൽ, തുംകുരു തുടങ്ങിയ പരമ്പരാഗത ബി ജെ പി ഇതര ജില്ലകളിൽ പ്രാദേശിക തലത്തിൽ സ്വാധീനം നേടിയെടുക്കാൻ ബി ജെ പിക്ക് സാധിച്ചിട്ടുണ്ടെങ്കിലും ഇവിടങ്ങളിൽ ജെ ഡി എസും കോൺഗ്രസും തമ്മിലാണ് പ്രധാനമായും മത്സരം എന്നും സർവ്വേയിൽ പറയുന്നു. അതേസമയം ചില ബി ജെ പി കോട്ടകളിൽ പല പ്രമുഖർക്കും അടിതെറ്റും എന്നും സർവ്വേ ചൂണ്ടിക്കാട്ടുന്നുണ്ട്. ഭരണ വിരുദ്ധ വികാരം ഇവർക്ക് വിനയായേക്കുമെന്നാണ് സർവ്വേയിൽ പറയുന്നത്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും 104 സീറ്റ് നേടി ബി ജെ പിയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. പിന്നീട് ജെ ഡി എസിൽ നിന്നും കോൺഗ്രസിൽ നിന്നുമായി 17 എം എൽ എമാർ ബി ജെ പിയിലേക്ക് മറുകണ്ടം ചാടുകയായിരുന്നു. ഇവരിൽ 15 പേരായിരുന്നു പിന്നീട് ഉപതിരഞ്ഞെടുപ്പിൽ ജയിച്ചത്. എന്നാൽ ഈ സീറ്റുകളിൽ ഇപ്പോഴും ബി ജെ പിക്ക് അനുകൂലമായ തരംഗം ഉണ്ടാകാൻ സാധ്യത ഇല്ലെന്നാണ് സർവ്വേകൾ വ്യക്തമാക്കുന്നത്.

അതേസമയം പുതിയ സർവ്വേ മുഖ്യമന്ത്രി ബസവരാജ് ബൊമ്മിയെ സംബന്ധിച്ച് വലിയ ആശ്വാസമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. എട്ട് മാസങ്ങൾ മുൻപ് സമാനമായ സർവ്വേ ബി ജെ പി നടത്തിയിരുന്നു. അന്ന് കുറഞ്ഞത് 40 സീറ്റുകളെങ്കിലും ബി ജെ പിക്ക് നഷ്ടമായേക്കുമെന്നായിരുന്നു സർവ്വേയിലെ കണ്ടെത്തൽ. പുതിയ സർവ്വേ ബി ജെ പി ക്യാമ്പിന് ഊർജ്ജം നൽകുന്നുണ്ടെന്ന് നേതാക്കൾ പ്രതികരിച്ചു. സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് ഭരണപക്ഷത്തിന്റെ ദൗർബല്യം മുതലെടുക്കുന്നതിൽ പരാജയപ്പെട്ടുവെന്നും സർവ്വേ ചൂണ്ടിക്കാട്ടുന്നുണ്ട്.












Click it and Unblock the Notifications