നയാബ് സിംഗ് സൈനി ഹരിയാനയുടെ പുതിയ മുഖ്യമന്ത്രി; ഇന്ന് വൈകുന്നേരം 5 മണിക്ക് സത്യപ്രതിജ്ഞ
ന്യൂഡൽഹി: ബി ജെ പി നേതാവ് നയാബ് സിംഗ് സൈനി ഹരിയാനയുടെ പുതിയ മുഖ്യമന്ത്രിയാകും. ഇന്ന് വൈകുന്നേരം 5 മണിക്ക് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യും. മനോഹർ ലാൽ ഖട്ടറും അദ്ദേഹത്തിൻ്റെ മുഴുവൻ മന്ത്രിസഭയും നേരത്തെ ഹരിയാന ഗവർണർ ബന്ദാരു ദത്താത്രേയക്ക് രാജിക്കത്ത് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ മുഖ്യമന്ത്രിയായി നയാബ് സിംഗ് സൈനിയെ പ്രഖ്യാപിച്ചിരിക്കുന്നത്.
ലോക്സഭ സീറ്റു വിഭജനവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ഹരിയാനയിലെ ബി ജെ പി - ജെ ജെ പി സഖ്യം തകർന്നത്. ഇതേത്തുടർന്ന് കേന്ദ്രനിരീക്ഷകരായ അർജുൻ മുണ്ട, ബിപ്ലവ് ദേബ്, തരുൺ ഛുഗ് എന്നിവരുടെ സാന്നിധ്യത്തിൽ ബി ജെ പി എം എൽ എമാരുടെ യോഗം ചേർന്നു. ഈ യോഗത്തിലാണ് മനോഹർ ലാൽ ഖട്ടർ രാജിവെക്കാൻ തീരുമാനിച്ചത്.

ഖട്ടർ ഉൾപ്പെടെ 14 മന്ത്രിമാരും ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയുടെ നേതൃത്വത്തിലുള്ള ജെ ജെ പിയിൽ നിന്നുള്ള മൂന്ന് അംഗങ്ങളും അടങ്ങുന്നതായിരുന്നു സ്ഥാനമൊഴിയുന്ന മന്ത്രിസഭ. എല്ലാവരും ഒരുമിച്ച് രാജി സമർപ്പിച്ചു. ഗവർണറുടെ വസതിയിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് സൂചന.
ഒ ബി സി മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ ഏറെ സ്വാധീനമുള്ള വ്യക്തിയായ നയാബ് സൈനി, കുരുക്ഷേത്രയിൽ നിന്നുള്ള ബി ജെ പിയുടെ ലോക്‌സഭാ എം പിയാണ്. കഴിഞ്ഞ വർഷം ഒക്ടോബറിൽ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനായി നിയമിതനായി.












Click it and Unblock the Notifications