പശ്ചിമ ബംഗാളില്‍ ബിജെപി എംപി അര്‍ജുന്‍ സിംഗിന്റെ വീട്ടിന് നേരെ ബോംബേറ്: വെടിവെപ്പുമെന്ന്!!
കൊല്‍ക്കത്ത: നോര്‍ത്ത് 24 പര്‍ഗാന ജില്ലയിലെ ബാരക് പൂരില്‍ നിന്നുള്ള ബിജെപി എംപി അര്‍ജുന്‍ സിങ്ങിന്റെ വസതിക്ക് നേരെ ബോംബേറ്. ബുധനാഴ്ച രാത്രിയോടെയാണ് അജ്ഞാത സംഘം ബോംബേറ് നടത്തിയത്. അക്രമികള്‍ വസതിക്ക് പുറത്ത് വെടിയുതിര്‍ക്കുകയും ചെയ്തു.
നിരവധി നാടന്‍ ബോംബുകളാണ് ബരാക്പൂരിലെ മസ്ദൂര്‍ ഭവനിലെ വസതിക്ക് പുറത്ത് എറിഞ്ഞത്. രാത്രി ഒന്‍പത് മണിയോടെ രണ്ട് ബോംബുകള്‍ അദ്ദേഹത്തിന്റെ വീട് ലക്ഷ്യമാക്കി എറിഞ്ഞു. സംഭവത്തെത്തുടര്‍ന്ന് നിരവധി പോലീസ് ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ബരാക്പൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ മനോജ് വര്‍മ്മ പ്രദേശത്തും സിങ്ങിന്റെ വീടിനു ചുറ്റും പെട്രോളിംഗ് നടത്തി. പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണ്.

ഇക്കഴിഞ്ഞ ജൂണില്‍ പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഭട്പാറ പ്രദേശത്ത് തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബാരക്പൂരില്‍ നിന്നുള്ള ലോക്‌സഭാ അംഗം അര്‍ജുന്‍ സിംഗ് ടിഎംസിയില്‍ നിന്ന് ബിജെപിയിലേക്ക് കടന്നപ്പോള്‍ മുതലാണ് ഈ പ്രദേശത്ത് പിരിമുറുക്കം വര്‍ദ്ധിച്ചത്.












Click it and Unblock the Notifications