'കശ്‌മീർ ഫയൽസ് കണ്ടു മടങ്ങുമ്പോൾ കാറിന് നേരെ ബോംബേറ്, രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്'; ബിജെപി എംപി
കൊൽക്കത്ത : ദി കശ്മീര്‍ ഫയല്‍സ് ചിത്രം കണ്ട് മടങ്ങുമ്പോൾ തനിക്ക് നേരെ ബോംബാക്രമണം നടന്നതായി ബംഗാളിലെ ബിജെപി എംപി ജനന്നാഥ് സർക്കാർ. തന്റെ കാറിന്റെ പിന്നിലാണ് ബോംബ് വീണതെന്നും കഷ്‌ടപ്പെട്ട് രക്ഷപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. റാണാഘട്ട് മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംപിയാണ് ജനന്നാഥ് സർക്കാർ. കാർ നല്ല വേഗത്തിലായിരുന്നു സഞ്ചരിച്ചിരുന്നതെന്നും അതിനാൽ മാത്രമാണ് മരണത്തിൽ നിന്ന് രക്ഷപ്പെടാനായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവേക് രഞ്ജൻ അഗ്നിഹോത്രിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ പുതിയ സിനിമയാണ് ദി കശ്മീർ ഫയൽസ്.
സിനിമക്ക് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നികുതി ഇളവുകൾ വരെ ലഭ്യമാക്കിയിട്ടുണ്ട്. അനുപം ഖേർ, പല്ലവി ജോഷി, ദർശൻ കുമാർ തുടങ്ങിയവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബിജെപി പ്രചാരണത്തിനിറങ്ങിയതോടെ ചിത്രം ഉത്തരേന്ത്യയിലുടനീളം ബോക്‌സ് ഓഫീസുകളിൽ വലിയ കളക്ഷൻ നേടുന്നുണ്ട്. അതേ സമയം പശ്ചിമ ബംഗാളിൽ ക്രമസമാധാനം തകർന്നിരിക്കുകയാണെന്ന് എംപി ആരോപിച്ചു. സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണം. ഈ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ അതു മാത്രമേ മാർഗമുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ആദ്യം രണ്ട് സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിച്ചിരുന്നത്. എന്നാൽ വലിയ പ്രചാരണം ലഭിച്ചതോടെ ഇന്ന് കേരളത്തിൽ 108 സ്‌ക്രീനുകളിൽ സിനിമ പ്രദർശിപ്പിക്കുന്നുണ്ട്. കശ്‌മീർ പണ്ഡിറ്റുകളുടെ പലായനമാണ് ചിത്രം ചർച്ച ചെയ്യുന്നത്. സിനിമ റിലീസ് ആയതിന് പിന്നാലെ ഹിന്ദുത്വ കേന്ദ്രങ്ങളിൽനിന്നും അതിഭയങ്കരമായ പിന്തുണയാണ് സിനിമക്ക് ലഭിച്ചത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ സിനിമക്ക് സമ്പൂർണ നികുതിയിളവ് പ്രഖ്യാപിച്ചു. മധ്യപ്രദേശ് സർക്കാർ സിനിമ കാണാൻ പൊലീസുകാർക്ക് ഒരു ദിവസത്തെ അവധി അനുവദിച്ചു.

അസം സർക്കാർ മുഴുവൻ സർക്കാർ ജീവനക്കാർക്കും സിനിമ കാണുന്നതിനായി അരദിവസത്തെ അവധി അനുവദിച്ചു. ഒരു പടികൂടി കടന്ന് അസം കശ്മീരായി മാറ്റില്ല എന്ന് സംസ്ഥാനത്തെ മുസ്‍ലിംകൾ ഉറപ്പുതരണമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ആവശ്യപ്പെട്ടു. ഏറ്റവും ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും 'ദി കശ്മീർ ഫയൽസ്' സിനിമക്കുവേണ്ടി രംഗപ്രവേശം ചെയ്‌തിരുന്നു. സിനിമ എല്ലാവരും കാണണം, സിനിമയെ പ്രോത്സാഹിപ്പിക്കണം എന്നും മോദി അണിയറ പ്രവർത്തകരുമായുള്ള ചിത്രം സഹിതം സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തിയിരുന്നു.

അതേ സമയം സിനിമക്ക് ബിജെപി നൽകുന്ന പിന്തുണക്കെതിരെ ഒരു വിഭാഗം കശ്‌മീരി പണ്ഡിറ്റുകൾ രംഗത്തെത്തിയിട്ടുണ്ട്. ഞങ്ങളുടെ ദുരിത ജീവിതത്തിന് കാരണക്കാരായവർ തന്നെയാണ് ഇപ്പോൾ സിനിമക്ക് വേണ്ടിയും രംഗത്തെത്തിയിരിക്കുന്നതെന്ന് പണ്ഡിറ്റുകൾ പറയുന്നു.












Click it and Unblock the Notifications