പ്രഭാതഭക്ഷണം നൽകിയില്ല; മരുമകൾക്ക് നേരെ വെടിയുതിർത്ത് ഭർതൃപിതാവ്
താനെ; മഹാരാഷ്ട്രയിലെ താനെയിൽ പ്രഭാതഭക്ഷണം നൽകിയില്ല എന്ന് ആരോപിച്ച് ഭർതൃപിതാവ് യുവതിക്ക് നേരെ വെടിയുതിർത്തു. കാശിനാഥ് പാണ്ഡുരംഗ് പാട്ടീലെന്ന എഴുപത്തിയെട്ടുകാരനാണ് മരുമകൾക്കെതിരെ വെടിയുതിർത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 307 (കൊലപാതകശ്രമം), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), ആയുധ നിയമം എന്നിവ ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തതായി സീനിയർ ഇൻസ്പെക്ടർ സന്തോഷ് ഘടേക്കർ പറഞ്ഞു. വാർത്ത ഏജൻസിയായ പിടിഐ ആണ് ഈ വാർത്ത പുറത്ത് വിട്ടത്.
വ്യാഴാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം നടന്നത്. താനെയിലെ റാബോഡി പ്രദേശത്ത് താമസിക്കുന്ന 42 കാരിയായ യുവതിക്കാണ് വെടിയേറ്റത്. രാവിലെ ചായയ്‌ക്കൊപ്പം മരുമകൾ പ്രഭാതഭക്ഷണം നൽകാത്തതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്ന് പ്രതിയുടെ മറ്റൊരു മരുമകൾ പൊലീസിന് മൊഴി നൽകി. പ്രാതൽ വിളമ്പാത്തതിന്റെ പേരിൽ വഴക്കുണ്ടാക്കുകയും ഇതിനിടയിൽ കൈവശം സൂക്ഷിച്ചിരുന്ന റിവോൾവർ എടുത്ത് മരുമകൾക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നു. സംഭവത്തിൽ പരിക്കേറ്റ യുവതി നിലവിൽ താനെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

യുവതിയുടെ അടിവയറ്റിലാണ് വെടിയേറ്റിരിക്കുന്നത്. ഇവർക്ക് ഗുരുതരമായ പരിക്കുകൾ ഉണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. വീട്ടിലുണ്ടായിരുന്ന മറ്റ് ബന്ധുക്കൾ ചേർന്നാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. ആക്രമണത്തിന് പിന്നിൽ മറ്റെന്തെങ്കിലും പ്രകോപനമുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. ഗാർഹീക പീഡനങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് മഹാരാഷ്ട്ര. ലോക്ഡൗൺ കാലഘട്ടത്തിൽ രാജ്യത്താകെമാനം ഇത്തരത്തിൽ ഗാർഹിക പീഡനങ്ങൾ വർധിച്ചു വരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മാന്യമായി ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുന്നത് സംബന്ധിച്ച പരാതികളാണ് ഏറ്റവുമധികം ഫയല്‍ ചെയ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ വർഷം മാത്രം സ്ത്രീകൾക്കെതിരായ അക്രമണങ്ങൾക്ക് മുപ്പത്തൊന്നായിരത്തിൽ അധികം പരാതികളാണ് ദേശീയ വനിതാ കമ്മീഷന് ലഭിച്ചത്. 2014ന് ശേഷം ആദ്യമായാണ് ഇത്രയധികം പരാതികള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. ലഭിച്ചിരിക്കുന്ന പരാതികളില്‍ പകുതിയും ഉത്തര്‍ പ്രദേശില്‍ നിന്ന് മാത്രമുള്ളതാണെന്നതും ശ്രദ്ധേയമാണ്. എന്തുകൊണ്ടാണ് യുപിയില്‍ നിന്ന് ഇത്രയധികം പരാതികള്‍ ഉയര്‍ന്നുവന്നതെന്നതില്‍ വ്യക്തതയില്ല. 15,828 പരാതിയും യുപിയില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. യുപി കഴിഞ്ഞാല്‍ ദില്ലി ( 3,336 ), മഹാരാഷ്ട്ര ( 1,504 ), ഹരിയാന (1,460 ), ബീഹാര്‍ ( 1,456 ) എന്നിങ്ങനെയാണ് പട്ടികയില്‍ ആദ്യം വരുന്ന സംസ്ഥാനങ്ങള്‍.












Click it and Unblock the Notifications