'തനിക്ക് പകരം മകൻ';പ്രഖ്യാപനവുമായി ബിഎസ് യെദ്യൂരപ്പ..'കോൺഗ്രസിനെ ഭരണത്തിലേറാൻ അനുവദിക്കില്ല'
ബെംഗളൂരു; മകൻ ബിവൈ വിജേന്ദ്രയെ രാഷ്ട്രീയ പിൻഗാമിയായി പ്രഖ്യാപിച്ച് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി ജെ പി നേതാവുമായ ബി എസ് യെദ്യൂരപ്പ. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ തന്റെ മണ്ഡലമായ ശിക്കാരിപുരയിൽ നിന്നും വിജേന്ദ്ര മത്സരിക്കുമെന്ന് യെദ്യൂരപ്പ വ്യക്തമാക്കി. വിജേന്ദ്രയെ തിരഞ്ഞെടുപ്പിൽ വിജയിപ്പിക്കണമെന്നും യെദ്യൂരപ്പ ജനങ്ങളോട് അഭ്യർത്ഥിച്ചു. കോൺഗ്രസിനെ ഭരണത്തിലേറാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ദക്ഷിണേന്ത്യയിൽ ബി ജെ പി അധികാരത്തിലുള്ള ഒരേയൊരു സംസ്ഥാനമാണ് കർണാടക. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയത് മുതൽ നേതൃത്വവുമായി അതൃപ്തിയിലാണ് യെദ്യൂരപ്പയെന്നുള്ള വാർത്തകൾ ഉണ്ടായിരുന്നു. പുതിയ മന്ത്രി സഭയിൽ മകൻ വിജേന്ദ്രയ്ക്ക് അവസരം നൽകണമെന്ന് അഭ്യർത്ഥിച്ചിരുന്നുവെങ്കിൽ ദേശീയ നേൃത്വത്വം ഇതിന് ചെവികൊടുത്തിരുന്നില്ല. എന്നാൽ തനിക്ക് നേതൃത്വവുമായി യാതൊരു അതൃപ്തിയും ഇല്ലെന്നും തന്നെ പാർട്ടി ഒതുക്കിയിട്ടില്ലെന്നും യെദ്യൂരപ്പ പ്രതികരിച്ചു.

എന്ത് സംഭവിച്ചാലും കോൺഗ്രസിനെ അധികാരത്തിലേറാൻ അനുവദിക്കില്ല. ആര് മുഖ്യമന്ത്രിയാകണമെന്നത് സംബന്ധിച്ചുള്ള തർക്കമാണ് കോൺഗ്രസിൽ നടക്കുന്നത്. കോൺഗ്രസിനെ ഭരണത്തിൽ കയറ്റില്ല. സംസ്ഥാനത്ത് വീണ്ടും ബി ജെ പി തന്നെ അധികാരത്തിലേറും', യെദ്യൂരപ്പ പറഞ്ഞു. താമരചിഹ്നത്തിൽ ജയിക്കുന്നയാൾ മുഖ്യമന്ത്രിയാകുമെന്നും യെദ്യൂരപ്പ പറഞ്ഞു.

മന്ത്രി നാരായണ ഗൗഡയെ അദ്ദേഹത്തിന്റെ മണ്ഡലത്തിൽ വിജയിപ്പിക്കുന്നതിൽ ചുക്കാൻ പിടിച്ചത് വിജേന്ദ്രയാണെന്നും യെദ്യൂരപ്പ പറഞ്ഞു. വിജേന്ദ്ര കഠിനമായി പ്രവർത്തിച്ചു. അതിനാൽ ജില്ലയിലെ നാല് മണ്ഡലങ്ങളിൽ കഴിഞ്ഞ തവണ ബിജെപിക്ക് വിജയിക്കാനായെന്നും അദ്ദേഹം പറഞ്ഞു. ഷിമോഗ ജില്ലയിൽ ഉൾപ്പെടുന്ന മണ്ഡലമാണ് ശിക്കാരിപുര.

അതേസമയം നേതൃത്വവുമായി അതൃപ്തിയില്ലെന്ന് യെദ്യൂരപ്പ ആവർത്തിക്കുമ്പോഴും യെഡ്ഡിയെ മാറ്റി നിർത്തിയ തീരുമാനം ബി ജെ പിക്ക് തിരിച്ചടിയാകുമോയെന്ന ആശങ്ക പാർട്ടി നേതാക്കൾക്കിടയിൽ തന്നെ ഉണ്ട്. സംസ്ഥാനത്തെ പ്രബല സമുദായമായ ലിംഗായത്ത് വിഭാഗത്തിൽ നിന്നുള്ള നേതാവാണ് യെദ്യൂരപ്പ. അദ്ദേഹത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിർത്തരുതെന്ന സമുദായാംഗങ്ങളുടെ ശക്തമായ മുന്നറിയിപ്പിനെ തള്ളിയായിരുന്നു ദേശീയ നേതൃത്വത്തിന്റെ തീരുമാനം. ലിംഗായത്ത് വിഭാഗത്തിൽ നിന്നുള്ള നേതാവായ ബസവരാജ് ബൊമ്മിയെ മുഖ്യമന്ത്രിയാക്കിയതിലൂടെ ഈ അതൃപ്തികൾ പരിഹരിക്കാൻ സാധിക്കുമെന്നായിരുന്നു ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. എന്നാൽ യെദ്യൂരപ്പയെ പോലെ സമുദായത്തിൽ സ്വാധീനമുള്ള വ്യക്തിയല്ല ബസവരാജ് ബൊമ്മി. മാത്രമല്ല ബൊമ്മി സർക്കാർ അധികാരത്തിലേറിയത് മുതൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ തിരിച്ചടിയായേക്കുമെന്ന വികാരം പാർട്ടിയിൽ ഉണ്ട്. ഹിജാബ് വിവാദം അടക്കമുള്ളവ ബി ജെ പിക്ക് തിരഞ്ഞെടുപ്പിൽ വെല്ലുവിളി തീർത്തേക്കുമെന്നാണ് നേതൃത്വത്തിന്റെ ആശങ്ക.

അതേസമയം ലിംഗായത്ത് വിഭാഗത്തിലെ അതൃപ്തികൾ തങ്ങൾക്ക് അനുകൂലമാക്കാനുള്ള നീക്കങ്ങൾ മറുവശത്ത് കോൺഗ്രസ് ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡികെ ശിവകുമാറിന്റെ ഏറ്റവും വിശ്വസ്തയായ എം എൽ എയായ ലക്ഷ്മി ഹെബ്ബാൾക്കർ ബി എസ് യെദ്യൂരപ്പയുമായി നടത്തിയ കൂടിക്കാഴ്ച ഇതിന്റെ ഭാഗമായിട്ടാണോയെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. എന്നാൽ കൂടിക്കാഴ്ച വ്യക്തിപരം മാത്രമാണെന്നായിരുന്നു ലക്ഷ്മി പ്രതികരിച്ചത്.
ജാതി സമവാക്യങ്ങൾ ഏറെ നിർണായകമായ സംസ്ഥാനമാണ് കർണാടക. ലിംഗായത്ത, വൊക്കാലിഗ എന്നിവയാണ് സംസ്ഥാനത്ത് ശക്തമായ സ്വാധീനമുള്ള രണ്ട് സമുദായങ്ങൾ. ഇതിൽ ലിഗായത്ത് വിഭാഗം ബിജെപിയ്ക്കൊപ്പമാണ്. വൊക്കാലിഗ വിഭാഗമാകട്ടെ കോൺഗ്രസിനേയും ജെഡിഎസിനേയും പിന്തുണയ്ക്കുന്നു. ഡി കെ ശിവകുമാർ വൊക്കാലിഗ വിഭാഗക്കാരനാണ്.
'നസ്രിയ ഇങ്ങനെ ഇടയ്ക്കിടെ ഞെട്ടിക്കും..എങ്ങനെയെന്നല്ലേ? ഈ ഫോട്ടോസ് കണ്ടുനോക്കൂ...വൈറൽ












Click it and Unblock the Notifications