ബാഗേജില്‍ വെടിയുണ്ട; യുക്രെയിനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിയെ ദില്ലിയില്‍ തടഞ്ഞു, ചോദ്യം ചെയ്തു
ദില്ലി: യുക്രൈനില്‍ നിന്ന് ദില്ലി വിമാനത്താവളത്തില്‍ എത്തിയ മലയാളി വിദ്യാര്‍ത്ഥിനിയെ തടഞ്ഞുവച്ചു. വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്ന് വിമാനത്താവളത്തിലെ സുരക്ഷ വിഭാഗം വെടിയുണ്ട കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിയെ തടഞ്ഞുവച്ചതെന്നാണ് വിവരം. ഇന്നലെ ദില്ലിയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിയില്‍ നിന്നാണ് വെടിയുണ്ട കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പ്രത്യേക വിമാനത്തില്‍ കേരളത്തിലേക്ക് തിരിക്കാനിരുന്ന വിദ്യാര്‍ത്ഥിയെയാണ് സുരക്ഷ വിഭാഗം ഉദ്യോഗസ്ഥര്‍ തടഞ്ഞത്.

ബാഗേജില്‍ നടത്തിയ പരിശോധനയിലാണ് വെടിയുണ്ട കണ്ടെടുത്തത്. സുരക്ഷ വിഭാഗം ഇക്കാര്യം കേരള ഹൗസ് അധികൃതരെയും അറിയിച്ചിരുന്നു. വിദ്യാര്‍ത്ഥിയുടെ രക്ഷാകര്‍ത്താക്കളെയും വിവരം അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ സുരക്ഷ വിഭാഗം വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്തുവരികെയാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കേരള ഹൗസ് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
അതേസമയം, യുക്രെയിനില്‍ നിന്ന് ഓപ്പറേഷന്‍ ഗംഗ രക്ഷാദൗത്യം വഴി ഡല്‍ഹിയിലും മുംബൈയിലുമെത്തിയ 238 മലയാളികളെ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് കേരളത്തില്‍ എത്തിച്ചു. ഡല്‍ഹിയില്‍നിന്നുള്ള ചാര്‍ട്ടേഡ് വിമാനത്തില്‍ 180 പേരെയും മുംബൈയില്‍ എത്തിയ 58 പേരെയുമാണ് ഇന്ന് ഇതുവരെ കേരളത്തിലേക്ക് എത്തിച്ചത്. ഇതോടെ രക്ഷാദൗത്യം ആരംഭിച്ചതിനുശേഷം എത്തിയ 890 പേരെ സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലേക്ക് എത്തിച്ചു.
യുക്രെയിനില്‍നിന്നു കൂടുതലായി ആളുകള്‍ എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഡല്‍ഹിയില്‍നിന്നു കൊച്ചിയിലേക്കു പ്രത്യേക ചാര്‍ട്ടേഡ് ഫ്ളൈറ്റുകള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇന്ന്(മാര്‍ച്ച് 04) മൂന്നു ഫ്ളൈറ്റുകളാണു സര്‍വീസ് നടത്തുന്നത്. ഇതില്‍ ആദ്യ ഫ്ളൈറ്റ് 180 യാത്രക്കാരുമായി ഉച്ചകഴിഞ്ഞ് 2:50നു കൊച്ചിയില്‍ എത്തി. രണ്ടാമത്തെ വിമാനം 180 യാത്രക്കാരുമായി 8.30ഓടെ കൊച്ചിയില്‍ എത്തും. മൂന്നാമത്തെ വിമാനം ഇന്നു രാത്രി ഡല്‍ഹിയില്‍നിന്നു പുറപ്പെടും. മടങ്ങിയെത്തുന്നവര്‍ക്കു കൊച്ചിയില്‍നിന്നു സ്വദേശങ്ങളിലേക്കു പോകാന്‍ നോര്‍ക്ക റൂട്ട്സിന്റെ നേതൃത്വത്തില്‍ പ്രത്യേക ബസുകളും ഒരുക്കിയിരുന്നു. നോര്‍ക്കയുടെ വനിതകള്‍ അടങ്ങുന്ന പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
ബുക്കാറെസ്റ്റില്‍നിന്നു രണ്ടു വിമാനങ്ങളിലായി 58 പേരാണ് ഇന്നു(മാര്‍ച്ച് 04) മുംബൈയില്‍ എത്തിയത്. ഇതില്‍ 22 പേരെ തിരുവനന്തപുരത്തേക്കുള്ള വിമാനങ്ങളിലും 27 പേരെ കൊച്ചിയിലേക്കുള്ള വിമാനങ്ങളിലും അഞ്ചു പേരെ കണ്ണൂരേയ്ക്കുള്ള വിമാനങ്ങളിലും നാലു പേരെ കോഴിക്കോടേയ്ക്കുള്ള വിമാനങ്ങളിലും നാട്ടില്‍ എത്തിച്ചു. മുംബൈയില്‍ എത്തുന്നവരെ കേരളത്തിലെ സ്വദേശങ്ങളോട് ഏറ്റവും അടുത്തുള്ള വിമാനത്താവളത്തിലേക്കുള്ള ടിക്കറ്റ് ലഭ്യതയനുസരിച്ചാണു നാട്ടിലേക്ക് അയക്കുന്നത്.












Click it and Unblock the Notifications