'ഇന്ത്യ' സഖ്യത്തിൽ പോര് മുറുകുന്നു; രാഹുലിനെ കടന്നാക്രമിച്ച് അഖിലേഷ്, ജാതി സെൻസസിൽ വിമർശനം
അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ പ്രതിപക്ഷ കക്ഷികൾ ഒരു കുടക്കീഴിൽ അണിനിരക്കുന്ന 'ഇന്ത്യ' സഖ്യത്തിൽ പോര് മുറുകുന്നു. ബിഹാർ ജാതി സെൻസൻസ് വിഷയത്തിൽ നിരന്തരം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച അഖിലേഷ് യാദവ് വീണ്ടും ഒളിയമ്പുമായി രംഗത്ത് വന്നതോടെയാണ് ഇരുകക്ഷികൾക്കും ഇടയിലെ ഭിന്നത കൂടുതൽ ശക്തമാവുന്നത്. കോൺഗ്രസ് അധികാരത്തിൽ ഇരിക്കുമ്പോൾ എന്ത് കൊണ്ടാണ് ജാതി സെൻസൻസ് നടത്താതിരുന്നത് എന്ന ചോദ്യമാണ് അഖിലേഷ് ഉന്നയിക്കുന്നത്.
രണ്ട് തവണയായി അധികാരത്തിൽ ഇരിക്കുന്ന ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനെതിരെ മെഗാ പ്രതിപക്ഷ സഖ്യം രൂപീകരിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച പാർട്ടികളാണ് കോൺഗ്രസും, സമാജ്‌വാദി പാർട്ടിയും. എന്നാൽ തിരഞ്ഞെടുപ്പിനോട് അടുക്കവേ ഇരുകൂട്ടരും തമ്മിലുള്ള ബന്ധത്തിലെ വിള്ളലുകൾ പ്രകടമാക്കുന്ന പ്രസ്‌താവനകളാണ് നേതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്.

മധ്യപ്രദേശിലെ സത്നയിൽ ജാതി സെൻസസുമായി ബന്ധപ്പെട്ട രാഹുൽ ഗാന്ധിയുടെ എക്‌സ്-റേ പരാമർശത്തിന് മറുപടി നൽകവെയാണ് അഖിലേഷ് കോൺഗ്രസിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. ജാതി സെൻസസ് ഒരു എക്‌സ്-റേ പോലെയാണെന്നും, രാജ്യത്തെ വിവിധ വിഭാഗങ്ങളെ കുറിച്ചുള്ള കൃത്യമായ വിവരം നൽകുമെന്നുമായിരുന്നു രാഹുലിന്റെ പ്രസ്‌താവന. ഇതിനെ പരിഹസിച്ച അഖിലേഷ് കോൺഗ്രസ് ജാതി സെൻസസിന് വേണ്ടി വാദമുയർത്തുന്നത് അത്ഭുതകരമാണെന്നും ചൂണ്ടിക്കാട്ടി.
'ആ സമയത്തായിരുന്നു എക്‌സ്-റേ വേണ്ടിയിരുന്നത്. ഇപ്പോൾ നമുക്ക് എംആർഐയും സിടി സ്‌കാനും ഒക്കെയുണ്ട്. ഈ രോഗം പടർന്നുകഴിഞ്ഞു. അന്നേ ഈ പ്രശ്‌നം പരിഹരിച്ചിരുന്നെങ്കിൽ സമൂഹത്തിൽ ഇന്ന് കാണുന്ന നിലയിലുള്ള വിടവുകൾ ഉണ്ടാവുമായിരുന്നില്ല' രാഹുൽ ഗാന്ധിയെ പരിഹസിച്ചുകൊണ്ട് അഖിലേഷ് യാദവ് പറഞ്ഞു.
'കോൺഗ്രസ് ജാതി സെൻസസിനെ കുറിച്ച് സംസാരിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ അത്ഭുതം. ഇപ്പോൾ എക്‌സ്-റേയെ കുറിച്ച് പറയുന്ന ഈ ആളുകൾ തന്നെയാണ് സ്വാതന്ത്ര്യത്തിന് ശേഷം ജാതി സെൻസസ് നിർത്തിവച്ചത്' സമാജ്‌വാദി പാർട്ടി അധ്യക്ഷൻ ആരോപിച്ചു.
സ്വാതന്ത്ര്യലബ്‌ധിക്ക് ശേഷം രാജ്യത്ത് ജാതി സെൻസസ് നടത്താത്തതിന് കോൺഗ്രസിനെ അഖിലേഷ് വിമർശിച്ചു. മുലായം സിംഗ് യാദവ്, ശരദ് യാദവ്, ലാലു പ്രസാദ് യാദവ്, ദക്ഷിണേന്ത്യയിൽ നിന്നുള്ള വിവിധ രാഷ്ട്രീയ പാർട്ടികൾ എന്നിവർ ജാതി സെൻസസിന് വേണ്ടി ലോക്‌സഭയിൽ ശക്തമായി വാദിച്ചെങ്കിലും അന്ന് കോൺഗ്രസ് അത് അംഗീകരിച്ചില്ലെന്നും അഖിലേഷ് വ്യക്തമാക്കി.
'ഇപ്പോൾ എന്തിനാണവർ ജാതി സെൻസസ് നടത്താൻ പറയുന്നത് ? അവരുടെ പാരമ്പര്യ വോട്ട് ബാങ്ക് അവർക്കൊപ്പം ഇല്ലെന്ന് നന്നായി അവർക്കറിയാം. എന്നാൽ പിന്നാക്ക വിഭാഗങ്ങൾ, ദളിതർ, ആദിവാസികൾ എന്നിവർക്ക് കോൺഗ്രസ് അവരെ ചതിച്ചുവെന്ന് ഇപ്പോൾ മനസിലായി.' അഖിലേഷ് കൂട്ടിചേർത്തു.
വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ പുരോഗമിക്കവെയാണ് പ്രതിപക്ഷ മുന്നണിയിലെ രണ്ട് പ്രബല ശക്തികൾ പരസ്‌പരം ഏറ്റുമുട്ടുന്നത്. വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം കീറാമുട്ടിയായി നിൽക്കുന്നതിന് ഇടയിൽ എസ്‌പി-കോൺഗ്രസ് തർക്കം 'ഇന്ത്യ' സഖ്യത്തിന് തലവേദനയാകുമെന്ന് ഉറപ്പാണ്.












Click it and Unblock the Notifications