'ഇടനിലക്കാരെ ഉപയോഗിച്ച് കേന്ദ്ര ഏജൻസികൾ ഭീഷണിപ്പെടുത്തുന്നു..'; തമിഴ്‌നാട് നിയമസഭാ സ്‌പീക്കർ
ചെന്നൈ: കേന്ദ്ര ഏജൻസികൾക്കെതിരെ ഗുരുതര ആരോപണവുമായി തമിഴ്‌നാട് നിയമസഭാ സ്‌പീക്കർ രംഗത്ത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി), സിബിഐ തുടങ്ങിയ കേന്ദ്ര ഏജൻസികൾ ഇടനിലക്കാരെ ഉപയോഗിച്ച് തന്നെ ഭീഷണിപ്പെടുത്തുകയാണെന്നാണ് തമിഴ്‌നാട് സ്‌പീക്കർ അപ്പാവു ആരോപിക്കുന്നത്.
തമിഴ്‌നാട്ടിലെ ഡിണ്ടിഗലിൽ ഇഡി ഉദ്യോഗസ്ഥനെ കൈക്കൂലി വാങ്ങിയതിന് ഡിവിഎസി അറസ്‌റ്റ് ചെയ്‌ത സംഭവത്തോട് പ്രതികരിക്കവെയാണ് അപ്പാവു ഈ ആരോപണം ഉന്നയിച്ചത്. കഴിഞ്ഞ മൂന്ന് മാസത്തോളമായി കേന്ദ്ര ഏജൻസികളിലെ ഇടനിലക്കാർ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.

'കഴിഞ്ഞ മൂന്ന് മാസമായി, ഈ ഇടനിലക്കാർ എന്നോട് നിരന്തരം ചില കാര്യങ്ങൾ പറയാൻ ശ്രമിക്കുകയാണ്. അത്തരം ഭീഷണികളൊന്നും എന്നോട് നടക്കില്ലെന്ന് ഞാൻ അവരോട് പറഞ്ഞു. ജീവിതത്തിൽ കൃഷി മാത്രം ചെയ്‌ത എന്നെ ഇങ്ങനെ ഭീഷണിപ്പെടുത്തുന്നുവെങ്കിൽ, അവർ എല്ലാവരോടും അങ്ങനെയാണോ ചെയ്യുന്നത്? ഞാൻ അവരോട് ചോദിച്ചു. ഇതാണ് രാജ്യത്തുടനീളം നടക്കുന്നത്' അദ്ദേഹം പറഞ്ഞു.
അതേസമയം, ഡിണ്ടിഗലിൽ സർക്കാർ ജീവനക്കാരന്റെ കൈയിൽ നിന്ന് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇഡി ഉദ്യോഗസ്ഥൻ അങ്കിത് തിവാരിയെ സംസ്ഥാന വിജിലൻസും അഴിമതി വിരുദ്ധ വിഭാഗവും അറസ്‌റ്റ് ചെയ്‌തത്. ഇയാളെ ഡിസംബർ 15 വരെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടിരിക്കുകയാണ്.
തമിഴ്‌നാട്ടിൽ സംസ്ഥാന സർക്കാരും കേന്ദ്രവും തമ്മിലുള്ള പോര് മുറുകുന്നതിനിടെയാണ് ഇത്തരമൊരു വെളിപ്പെടുത്തലുമായി സ്‌പീക്കർ തന്നെ രംഗത്തെത്തിയിരിക്കുന്നത്.
ഡിഎംകെ മന്ത്രി സെന്തിൽ ബാലാജിയുമായി ബന്ധപ്പെട്ട കേസിൽ ഉൾപ്പെടെ കേന്ദ്ര ഏജൻസികൾ വേട്ടയാടുകയാണെന്ന പ്രചരണമാണ് ഡിഎംകെ നടത്തിയിരുന്നത്. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ സ്‌പീക്കറുടെ വെളിപ്പെടുത്തലും പുറത്തുവന്നിരിക്കുന്നത്.












Click it and Unblock the Notifications