57 കേന്ദ്രീയ വിദ്യാലയങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം; വരുന്നത് ഈ മേഖലകളില്‍: 4,000 തൊഴിലവസരങ്ങളും
ന്യൂഡല്‍ഹി: രാജ്യത്ത് 57 പുതിയ കേന്ദ്രീയ വിദ്യാലയങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ഇന്ത്യയിലുടനീളം 57 പുതിയ കേന്ദ്രീയ വിദ്യാലയങ്ങള്‍ (കെവി) ആരംഭിക്കാന്‍ അംഗീകാരം നല്‍കിയത്. പുതിയ കെവികള്‍ സ്ഥാപിക്കുന്നതിന് ഏകദേശം 5,862.55 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. 86,640 വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം വര്‍ധിച്ചതും പ്രതിരോധ, അര്‍ധ സൈനിക ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ മക്കളുടെ വര്‍ധിച്ചു വരുന്ന വിദ്യാഭ്യാസ ആവശ്യങ്ങള്‍ പരിഗണിച്ചുമാണ് തീരുമാനം. 2020 ലെ ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച്, 57 പുതിയ സ്‌കൂളുകളില്‍ ആദ്യമായി പ്രീ-പ്രൈമറി വിദ്യാഭ്യാസം നല്‍കുന്ന ബാല്‍വാടികളും ഉള്‍പ്പെടുത്തും.

ഓരോ കെവിയിലും ഏകദേശം 1,520 വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളാന്‍ കഴിയും. 81 ജീവനക്കാര്‍ ഉണ്ടാകും. 57 സ്‌കൂളുകളിലായി മൊത്തം 86,640 വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളാന്‍ കഴിയും. 4,617 സ്ഥിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. സ്‌കൂളുകളുടെ നിര്‍മ്മാണവും അനുബന്ധ പ്രവര്‍ത്തനങ്ങളും കൂടിയാകുമ്പോള്‍ അധിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.
നിലവില്‍ ഇന്ത്യയിലും വിദേശത്തുമായി (മോസ്‌കോ, കാഠ്മണ്ഡു, ടെഹ്റാന്‍) 1,288 കേന്ദ്രീയ വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഏകദേശം 13.6 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇതില്‍ ചേര്‍ന്ന് പഠിക്കുന്നത്.
57 സ്‌കൂളുകളില്‍ 20 എണ്ണം സ്ഥാപിക്കുന്നത്, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ സാന്നിധ്യമുണ്ടായിട്ടും നിലവില്‍ കെവി ഇല്ലാത്ത ജില്ലകളിലായിരിക്കും. തീവ്രവാദ ബാധിത പ്രദേശങ്ങളില്‍ നാലെണ്ണവും വടക്കുകിഴക്കന്‍, മലയോര പ്രദേശങ്ങളില്‍ അഞ്ചെണ്ണവും സ്ഥാപിക്കും. ഏഴ് സ്‌കൂളുകള്‍ ആഭ്യന്തര മന്ത്രാലയം സ്‌പോണ്‍സര്‍ ചെയ്യും. ബാക്കി 50 സ്‌കൂളുകള്‍ സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശ അധികാരികള്‍ സ്‌പോണ്‍സര്‍ ചെയ്യണം.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 85 പുതിയ കെവികള്‍ അനുവദിച്ചിരുന്നു. കേരളത്തിനും ഒരു കേന്ദ്രീയ വിദ്യാലയം അന്ന് അനുവദിച്ചിരുന്നു. ഇടുക്കിയിലെ തൊടുപുഴയിലാണ് പുതിയ കേന്ദ്രീയ വിദ്യാലയം അനുവദിച്ചത്. ഇതോടെ കേരളത്തിലെ കേന്ദ്രീയ വിദ്യാലയങ്ങളുടെ എണ്ണം 39 ആകും.












Click it and Unblock the Notifications