ഇനി പഠിച്ചാലേ ജയിക്കൂ; ആർടിഇ നിയമത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം, 5, 8 ക്ലാസുകൾ കടുപ്പമാവും
ന്യൂഡൽഹി: ഒന്നാം തരം മുതൽ എട്ടാം തരം വരെയുള്ള വിദ്യാർത്ഥികൾക്ക് മുടക്കം കൂടാതെ അടുത്ത ക്ലാസുകളിൽ പ്രവേശിക്കാൻ കഴിയുന്ന നയത്തിൽ നിർണായക മാറ്റം വരുത്തി കേന്ദ്ര സർക്കാർ. നിലവിലുണ്ടായിരുന്ന 'നോ ഡിറ്റൻഷൻ' നയം പൂർണമായി കേന്ദ്രം എടുത്തുമാറ്റിയതോടെ ഇനി മുതൽ എട്ടാം തരം വരെയുള്ള ക്ലാസുകൾക്ക് പതിവായി പരീക്ഷകൾ നടത്താനുള്ള അധികം സംസ്ഥാന സർക്കാരുകളിൽ നിക്ഷിപ്‌തമാവും.
ഇത്തരം പരീക്ഷകളിൽ തുടർച്ചയായി പരാജയപ്പെടുന്ന വിദ്യാർത്ഥികൾ ഇതേ ക്ലാസുകളിൽ തന്നെ തുടരേണ്ടി വരും. എട്ടാംതരം വരെ ഓൾപാസ് എന്ന സമ്പ്രദായത്തിന് ഇതോടെ അവസാനമാവും. വിദ്യാഭ്യാസ അവകാശ നിയമത്തിന് കീഴിലുള്ള 'നോ-ഡിറ്റൻഷൻ' നയം അനുസരിച്ച് 1 മുതൽ 8 വരെയുള്ള ക്ലാസുകളിലെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാകുന്നതുവരെ ഒരു വിദ്യാർത്ഥിയെയും പരാജയപ്പെടുത്താനോ സ്‌കൂളിൽ നിന്ന് പുറത്താക്കാനോ പാടില്ലെന്നായിരുന്നു ചട്ടം.

8-ാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർത്ഥികളെയും അടുത്ത ക്ലാസിലേക്ക് ജയിപ്പിച്ച് വിടണമെന്നായിരുന്നു ഇതുവരെയുള്ള ചട്ടം. എന്നാൽ ഇനി അതുണ്ടാവില്ല. പരീക്ഷകളിൽ പരാജയപ്പെടുന്ന വിദ്യാർത്ഥികൾ ഇതേ ക്ലാസുകളിൽ തുടർന്ന് പഠിക്കേണ്ടി വരും. 5, 8 ക്ലാസുകളിലെ വിദ്യാർത്ഥികളെയാവും ഈ തീരുമാനം കൂടുതലായി ബാധിക്കുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
2019ലെ വിദ്യാഭ്യാസ അവകാശ നിയമത്തിലെ (ആർടിഇ) ഭേദഗതിക്ക് ശേഷം കുറഞ്ഞത് 16 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും രണ്ട് ക്ലാസുകൾക്കുള്ള 'നോ ഡിറ്റൻഷൻ നയം' ഇതിനകം തന്നെ ഒഴിവാക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾ വാർഷിക പരീക്ഷകളിൽ പരാജയപ്പെട്ടാൽ, അവർക്ക് അധിക കോച്ചിംഗും ഫലം വന്ന് രണ്ട് മാസത്തിനുള്ളിൽ വീണ്ടും പരീക്ഷ എഴുതാനുള്ള അവസരവും നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഔപചാരിക വിദ്യാഭ്യാസം പൂർത്തിയാകുന്നതുവരെ ഒരു സ്‌കൂളിനും ഒരു കുട്ടിയെയും പുറത്താക്കാൻ കഴിയില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദ്യാല വിദ്യാലയങ്ങൾ, സൈനിക് സ്‌കൂളുകൾ എന്നിവയുൾപ്പെടെ കേന്ദ്രസർക്കാരിന്റെ കീഴിലുള്ള മൂവായിരത്തിലധികം സ്‌കൂളുകൾക്കും ഈ വിജ്ഞാപനം ബാധകമാകും.
ഡൽഹി, ഗുജറാത്ത്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾ നേരത്തെ തന്നെ പുതിയ ഭേദഗതി നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കേരളം ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. വിദ്യാർത്ഥികളുടെ സമ്മർദ്ദം വർദ്ധിപ്പിക്കുമെന്നും നിരന്തര മൂല്യനിർണയം മെച്ചപ്പെടുത്തുകയാണ് വിദ്യാർത്ഥികളുടെ അറിവ് മെച്ചപ്പെടുത്താൻ വേണ്ടതെന്നുമായിരുന്നു കേരളം സ്വീകരിച്ച നിലപാട്.












Click it and Unblock the Notifications