
റെയില്‍വേ ജീവനക്കാര്‍ക്ക് ബോണസ്; 78 ദിവസത്തെ ശമ്പളം ബോണസായി പ്രഖ്യാപിച്ച് കേന്ദ്രം
ദില്ലി: റെയില്‍വേ ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. 78 ദിവസത്തെ വേതനത്തിന് തുല്യമായ തുകയാണ് ബോണസായി അനുവദിക്കുന്നത്. ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. 2021-2022 സാമ്പത്തിക വര്‍ഷത്തെ ബോണസാണ് പ്രഖ്യാപിച്ചത്.
11.27 ലക്ഷം നോണ്‍ ഗസറ്റഡ് റെയില്‍വേ ജീവനക്കാരുണ്ട്. ഇവര്‍ക്കാണ് ഈ തീരുമാനം കൊണ്ട് ഗുണമുണ്ടാവുക. ബോണസ് നല്‍കാന്‍ 1832.09 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ വകയിരുത്തി. ഇത് കൂടാതെ പൊതുമേഖല എണ്ണക്കമ്പനികള്‍ക്ക് 22000 കോടി രൂപ ഒറ്റത്തവണ ഗ്രാന്റായി അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്.
7000 രൂപ മുതലായിരിക്കും ബോണസ് ഉണ്ടാവുക. പരമാവധി 17951 രൂപ ഉണ്ടാവും. 78 ദിവസത്തെ വേതനം കണക്കാക്കുമ്പോള്‍ കിട്ടുന്ന തുകയാണിത്. പാസഞ്ചര്‍ ഗുഡ്‌സ് ട്രെയിനുകളുടെ പ്രവര്‍ത്തനത്തില്‍ റെയില്‍വേ ജീവനക്കാര്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് റെയില്‍വേ മന്ത്രാലയം നേരത്തെ പറഞ്ഞിരുന്നു.
സമ്പദ് വ്യവസ്ഥയെ ചലിപ്പിക്കുന്നത് ഇവയാണെന്നും മന്ത്രാലയം അഭിപ്രായപ്പെട്ടിരുന്നു. റെയില്‍വേ പ്രവര്‍ത്തനം നടത്തുന്ന ഇടങ്ങളില്‍ അവശ്യ സാധനങ്ങളുടെ കുറവ് ഉണ്ടാവില്ലെന്നും മന്ത്രാലയം പറഞ്ഞു.
ദീപാവല-ദസറ ഉത്സവ കാലത്തോട് അനുബന്ധിച്ചാണ് ബോസ് നല്‍കുന്നത്. കഴിഞ്ഞ വര്‍ഷവും സമാനമായ തുക റെയില്‍വേ ജീവനക്കാര്‍ക്ക് നല്‍കിയിരുന്നു. ആര്‍പിഎഫ്, ആര്‍പിഎസ്എഫ് ഉദ്യോഗസ്ഥരൊഴികെയുള്ള നോണ്‍ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്കാണ് ബോണസ് അനുവദിച്ചിട്ടുള്ളത്. അതേസമയം ഇന്ധന വിലവര്‍ധനവ് പൊതുജനങ്ങളില്‍ സൃഷ്ടിക്കുന്ന അധികഭാരം കുറയ്ക്കുന്നതിനാണ് പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എണ്ണക്കമ്പനികള്‍ക്ക് 22000 കോടി രൂപ അനുവദിച്ചിരിക്കുന്നത്.
പൊതുമേഖല എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നിവ സര്‍ക്കാര്‍ നിര്‍ണയിക്കുന്ന വിലയ്ക്കാണ് ഉപയോക്താക്കള്‍ക്ക് എല്‍പിജി വിതരണം ചെയ്യുന്നത്.
ജൂണ്‍ 2020 മുതല്‍ ജൂണ്‍ 2022 വരെയുള്ള കാലയളവില്‍ അന്താരാഷ്ട്ര തലത്തില്‍ ലിക്വിഫൈഡ് പെട്രോളിയം ഗ്യാസിന് 300 ശതമാനം വിലക്കയറ്റം നേരിട്ടിരുന്നു. എന്നാല്‍ അതിന്റെ 72 ശതമാനം ബാധ്യത മാത്രമാണ് ഉപയോക്താക്കളിലേക്ക് എത്തിച്ചതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഇതിലൂടെ എണ്ണ കമ്പനികള്‍ക്കുണ്ടായ ബാധ്യത നികത്താനാണ് പണം അനുവദിക്കുന്നത്.