കേന്ദ്രത്തിന്റെ അമ്പരപ്പിച്ച മാറ്റം, ബിഎസ്എഫ് മേധാവിയെ മാറ്റി, കേരള കേഡറിലേക്ക് തിരിച്ചയച്ചു
ന്യൂഡല്‍ഹി: ബിഎസ്എഫ് മേധാവിയെ അപ്രതീക്ഷിതമായി നീക്കി കേന്ദ്ര സര്‍ക്കാര്‍. സര്‍വീസ് കാലാവധി തീരാന്‍ ബാക്കി നില്‍ക്കെയാണ് ബിഎസ്എഫ് മേധാവി നിതിന്‍ അഗര്‍വാളിനെ നീക്കിയിരിക്കുന്നത്. അദ്ദേഹത്തെ കേരള കേഡറിലേക്ക് തിരിച്ചയച്ചിരിക്കുകയാണ്. കേന്ദ്രത്തിന്റേത് അസാധാരണ നടപടിയാണ്. അതേസമയം കേരള കേഡറിലേക്ക് മടക്കിയച്ചത് എന്തിനാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.
ജമ്മു മേഖലയില്‍ തുടര്‍ച്ചയായുണ്ടായ നുഴഞ്ഞുകയറ്റത്തില്‍ കേന്ദ്രം അതൃപ്തിയിലാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഇതേ തുടര്‍ന്നാണ് ബിഎസ്എഫ് മേധാവിയെ മാറ്റിയതെന്നാണ് സൂചന. ജമ്മു കശ്മീരിലും, നിയന്ത്രണരേഖയിലുമെല്ലാം നുഴഞ്ഞുകയറ്റം വ്യാപകമായിരുന്നു.

നിതിന്‍ അഗര്‍വാളിന് പുറമേ ബിഎസ്എഫ് വെസ്റ്റ് എസ്ഡിജി വൈബി ഖുറാനിയയെയും സ്ഥാനത്ത് നിന്ന് നീക്കിയിട്ടുണ്ട്. ഖുറാനിയയെ ഒഡീഷയിലെ ഡിജിപിയായി നിയമിച്ചിട്ടുണ്ട്. ഖുറാനിയ 1990 ബാച്ച് ഒഡീഷ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ്. അതേസമയം 2026 വരെ നിതിന്‍ അഗര്‍വാളിന്റെ കാലാവധിയുണ്ടായിരുന്നു.
അതേസമയം നിതിന്‍ അഗര്‍വാളിന്റെ കേരള കേഡറിലേക്കുള്ള മടക്കം സംസ്ഥാന പോലീസിലെ ഉന്നത സ്ഥാനങ്ങളിലും മാറ്റങ്ങളുണ്ടാക്കും. കഴിഞ്ഞ തവണ സംസ്ഥാന ഡിജിപി നിയമനത്തിനുള്ള പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്നു നിതിന്‍ അഗര്‍വാള്‍. എന്നാല്‍ കേരള കേഡറിലേക്ക് മടക്കമില്ലെന്ന് അറിയിച്ചതോടെയാണ് ഷെയ്ക്ക് ദര്‍വേസ് ഡിജിപിയായത്.
ജമ്മു കശ്മീരില്‍ തുടര്‍ച്ചയായി പാകിസ്താനില്‍ നിന്ന് നുഴഞ്ഞുകയറ്റം വര്‍ധിച്ച് വരികയാണ്. സൈന്യത്തിന് ഇത് വലിയ വെല്ലുവിളിയായി മാറിയിരുന്നു. 1989 ബാച്ച് കേരള കേഡര്‍ ഐപിഎല്‍ ഉദ്യോഗസ്ഥനായ നിതിന്‍ അഗര്‍വാള്‍. കഴിഞ്ഞ വര്‍ഷം ജൂണിലാണ് നിതിന്‍ അഗര്‍വാളിനെ ബിഎസ്എഫ് മേധാവിയായി നിയമിച്ചത്.
പങ്കജ് കുമാര്‍ വിരമിച്ചതിനെ തുടര്‍ന്നായിരുന്നു നിയമനം. സിആര്‍പിഎഫ് ഡിജി സുജോയ് ലാലായിരുന്നു അതിന് ശേഷം നിതിന്‍ അഗര്‍വാള്‍ എത്തുന്നത് വരെ താല്‍ക്കാലികമായി ബിഎസ്എഫിന്റെ തലപ്പത്തുണ്ടായിരുന്നത്.
ഖുറാനിയ നേരത്തെ ജമ്മു ഫ്രണ്ടിയറില്‍ രണ്ട് ദിവസത്തെ സന്ദര്‍ശത്തനത്തിനായി എത്തിയിരുന്നു. സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിക്കാന്‍ കൂടിയാണ് അദ്ദേഹമെത്തിയത്. ഈ സമയത്താണ് അദ്ദേഹത്തെ മാറ്റിയത്. സൈനികരുമായി കൂടിക്കാഴ്ച്ചയും അദ്ദേഹം നടത്താന്‍ തീരുമാനിച്ചിരുന്നു.












Click it and Unblock the Notifications