ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ വമ്പന്‍ അട്ടിമറി; ഇന്ത്യ സഖ്യത്തിനെതിരെ ബിജെപിക്ക് ജയം
ചണ്ഡീഗഡ്: ഇന്ത്യ സഖ്യത്തിന് ബിജെപിക്കെതിരെ ആദ്യ തോല്‍വി. ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയോടാണ് ഇന്ത്യ സഖ്യം അപ്രതീക്ഷിത തോല്‍വി വഴങ്ങിയത്. ഇതോടെ ബിജെപിയുടെ മനോജ് സോന്‍കര്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. ആംആദ്മി പാര്‍ട്ടിയുടെ കുല്‍ദീപ് കുമാറിനെയാണ് സോന്‍കര്‍ പരാജയപ്പെടുത്തിയത്.
കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും സഖ്യമായി മത്സരിച്ചാണ് ബിജെപിയെ നേരിട്ടത്. ഇന്ത്യ സഖ്യം എന്‍ഡിഎയ്‌ക്കെതിരെ നടത്തുന്ന ആദ്യ പോരാട്ടമായും ഇതിനെ വിലയിരുത്തിയിരുന്നു. നിതീഷ് കുമാര്‍ സഖ്യം വിട്ടതിന് പിന്നാലെ ഇന്ത്യ സഖ്യം നേരിടുന്ന തുടര്‍ച്ചയായ രണ്ടാമത്തെ തിരിച്ചടിയാണിത്.

35 അംഗ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ബിജെപി 16 സീറ്റുകളാണ് നേടിയത്. അതേസമയം എട്ട് വോട്ടുകള്‍ അസാധുവായി. വിവിധ പദവികളിലേക്ക് എഎപി-കോണ്‍ഗ്രസ് സഖ്യം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. കുല്‍ദീപ് കുമാര്‍ മേയര്‍ സ്ഥാനത്തേക്ക് മത്സരിച്ചപ്പോള്‍, കോണ്‍ഗ്രസ് സീനിയര്‍ ഡെപ്യൂട്ടി മേയര്‍, ഡെപ്യൂട്ടി മേയര്‍ എന്നീ പദവികളിലേക്കാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്.
സീനിയര്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥിയായി ബിജെപിയില്‍ നിന്ന് കുല്‍ജീത്ത് സന്ധുവാണ് മത്സരിച്ചത്. കോണ്‍ഗ്രസിന്റെ ഗുര്‍പ്രീത് സിംഗ് ഗാബിക്കെതിരെയായിരുന്നു മത്സരം. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് ബിജെപിയുടെ രജീന്ദര്‍ ശര്‍മയും കോണ്‍ഗ്രസിന്റെ നിര്‍മല ദേവിയും തമ്മിലായിരുന്നു മത്സരം. ഈ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതേയുള്ളൂ.
അതേസമയം കോണ്‍ഗ്രസും എഎപിയും കൈകോര്‍ത്ത് ബിജെപിയെ നേരിടുന്നത് കൊണ്ട് ദേശീയ തലത്തില്‍ തന്നെ വളരെ ശ്രദ്ധയോടെ വീക്ഷിച്ചിരുന്ന തെരഞ്ഞെടുപ്പായിരുന്നു ഛണ്ഡീഗഡിലെ മേയര്‍ തെരഞ്ഞെടുപ്പ്. കഴിഞ്ഞ എട്ട് വര്‍ഷമായി ബിജെപിയാണ് മേയര്‍ സ്ഥാനത്തുണ്ടായിരുന്നത്. 14 കൗണ്‍സിര്‍മാരാണ് നിലവിലെ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ബിജെപിക്കുള്ളത്. സീക്രട്ട് ബാലറ്റിലൂടെയായിരുന്നു മേയര്‍ തെരഞ്ഞെടുപ്പ് നടന്നത്.
മേയര്‍ സ്ഥാനം പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്യപ്പെട്ടതാണ്. അതേസമയം സോന്‍കറിന് പതിനാറ് വോട്ട് കിട്ടിയപ്പോള്‍ കുല്‍ദീപ് കുമാറിന് പന്ത്രണ്ട് വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. അതേസമയം എട്ട് വോട്ടുകള്‍ അസാധുവായതില്‍ എഎപി-കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ കനത്ത പ്രതിഷേധത്തിലാണ്.
ബിജെപി ചതിച്ചതാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ അദ്ദേഹം അതൃപ്തി അറിയിച്ചു. ഒരു മേയര്‍ തെരഞ്ഞെടുപ്പില്‍ ഇത്രയും തരം താഴ്ന്നുവെങ്കില്‍ പൊതു തെരഞ്ഞെടുപ്പില്‍ ഏതറ്റം വരെയും ബിജെപിക്ക് പോകുമെന്ന് കെജ്രിവാള്‍ തുറന്നടിച്ചു.












Click it and Unblock the Notifications