ബിജെപിയെ പൂട്ടും: ചണ്ഡീഗഢില്‍ കോണ്‍ഗ്രസും ആപ്പും സഖ്യത്തിലേക്ക്, കോണ്‍ഗ്രസിന് രണ്ട് പദവികള്‍
ബി ജെ പി യും എ എ പിയും തമ്മിലുള്ള നേർക്ക് നേർ പോരാട്ടത്തിന് വീണ്ടും വഴിയൊരുക്കി ചണ്ഡീഗഢ് മേയർ തിരഞ്ഞെടുപ്പ്. ജനുവരി 17 നാണ് നഗരസഭയിലേ മേയർ, ഡപ്യൂട്ടി സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ചണ്ഡീഗഡ് ഡെപ്യൂട്ടി കമ്മീഷണർ യശ്പാൽ ഗാർഗ് തിങ്കളാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിൽ, രാവിലെ 11 മണിക്ക് ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ കെട്ടിടത്തിലെ അസംബ്ലി ഹാളിൽ തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
വിജ്ഞാപനമനുസരിച്ച് ജനുവരി 12ന് വൈകിട്ട് അഞ്ച് മണിക്കകം നാമനിർദേശ പത്രിക സമർപ്പിക്കണം. നോമിനേറ്റഡ് കൗൺസിലർ അമിത് ജിൻഡാൽ അധ്യക്ഷനാകും. ഡെപ്യൂട്ടി കമ്മീഷണറുടെ സാന്നിധ്യത്തിലായിരിക്കും വോട്ടെടുപ്പ്.

കേന്ദ്ര ഭരണ പ്രദേശമായ ചണ്ഡീഗഢിൽ മേയറുടെ കാലാവധി ഒരു വർഷമാണ്. 35 അംഗ കോർപ്പറേഷനിൽ എ എ പിക്കും ബി ജെ പിക്കും 14 കൗൺസിലർമാർ വീതമാണുള്ളത്. അതുകൊണ്ടും ഇത്തവണയും തിരഞ്ഞെടുപ്പില്‍ വീറും വാശിയുമേറുമെന്ന കാര്യത്തില്‍ സംശയമില്ല. കോൺഗ്രസിന് ആറ് കൗൺസിലർമാരും എസ് എഡി ക്ക് ഒരാളുമുണ്ട്. ജനറൽ പൂളിൽ നിന്നാണ് ഇത്തവണ മേയർ സീറ്റ്.

കൗൺസിലർമാരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മേയർ, സീനിയർ ഡെപ്യൂട്ടി മേയർ, ഡെപ്യൂട്ടി മേയർ തുടങ്ങിയ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ജനുവരി ആദ്യവാരമാണ് ചണ്ഡീഗഢിൽ സാധാരണയായി കാണുന്നത്. എന്നാൽ, ഇത്തവണ ജനുവരി 17 ലേക്ക് നീട്ടുകയായിരുന്നു.

കഴിഞ്ഞ വർഷം നടന്ന കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ എ എ പിക്ക് 14 കൗൺസിലർമാരുമായി ഭൂരിപക്ഷം ലഭിച്ചപ്പോൾ ബി ജെ പിക്ക് 12 ഉം കോൺഗ്രസിന് ഒമ്പത് സീറ്റുകളും ലഭിച്ചു. എന്നാല്‍ രണ്ട് കോൺഗ്രസ് കൗൺസിലർമാർ പിന്നീട് ബി ജെ പിയിലേക്ക് മാറി. ഇതോടെയാണ് അവരുടെ എണ്ണം 14 ആയി. 35 അംഗ തിരഞ്ഞെടുക്കപ്പെട്ട പൗരസമിതി ഒഴികെ, ഒമ്പത് അധിക കൗൺസിലർമാർ നോമിനേറ്റഡ് കൗൺസിലർമാരായി സഭയിലുണ്ടെങ്കിലും അവർക്ക് വോട്ടവകാശമില്ല.

കോർപ്പറേഷന്റെ എക്‌സ് ഒഫീഷ്യോ അംഗമായ ചണ്ഡീഗഡ് എംപിക്ക് മേയർ തിരഞ്ഞെടുപ്പിൽ വോട്ടുണ്ട്. എംപി ബി ജെ പിയിൽ നിന്നായതിനാൽ ഭൂരിപക്ഷം നേടാനാകുമെന്ന പ്രതീക്ഷയിലാണ് പാർട്ടി. അതേസമയം മറുവശത്ത് എ എ പിയാവട്ടെ ബി ജെ പിയെ പരാജയപ്പെടുത്താൻ കോൺഗ്രസിന്റെ വോട്ടുകൾ നേടാനുള്ള ശ്രമത്തിലാണ് എ എ പി.

തന്റെ പാർട്ടിയുടെ വിജയത്തിൽ തനിക്ക് വളരെയധികം പ്രതീക്ഷയുണ്ടെന്ന് എ എ പിയുടെ പ്രതിപക്ഷ നേതാവ് യോഗേഷ് ധിംഗ്ര അഭിപ്രായപ്പെട്ടത്. "ഞങ്ങൾ ഞങ്ങളുടെ പരമാവധി നൽകുകയും ബി ജെ പിക്ക് മേയർ ഉള്‍പ്പടെ എല്ലാ സ്ഥാനങ്ങളും നഷ്ടമാവുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയും ചെയ്യും," അദ്ദേഹം പറഞ്ഞു.

ഭരണകക്ഷിയായ ബി ജെ പിയിൽ നിന്ന് അധികാരം പിടിച്ചെടുക്കാൻ പുറത്തുനിന്നുള്ള ധാരണയ്ക്കായി ഇരുപാർട്ടികളിലെയും ചില ഉന്നത നേതാക്കൾ തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ അതത് യൂണിറ്റുകളുടെ ഹൈക്കമാൻഡിൽ നിന്ന് അവർക്ക് ഇതുവരെ സഖ്യകാര്യത്തില്‍ അനുമതി ലഭിച്ചിട്ടില്ല.

കോൺഗ്രസിന് രണ്ട് സ്ഥാനങ്ങൾ വിട്ടുകൊടുത്ത് മേയർ സ്ഥാനം ഉറപ്പിക്കാനാണ് എ എ പിയുടെ ശ്രമം. എന്നാല്‍ ഇതിന് ദേശീയ നേതൃത്വത്തിന്റെ അനുമതി വേണം. "നമ്മൾ ഒന്നിച്ചാൽ ആർക്കും നമ്മെ തോൽപ്പിക്കാൻ കഴിയില്ല. ബി ജെ പി മേയറെ കാണാൻ കോൺഗ്രസിന് താൽപ്പര്യമില്ലെങ്കിൽ അവർ ഞങ്ങളെ പിന്തുണയ്ക്കണം. അവർക്ക് എന്താണ് വേണ്ടതെന്ന് കോൺഗ്രസ് പറയണം. ഇത് ഒരു സഖ്യമായിരിക്കില്ല, അവർക്ക് ഞങ്ങളെ പിന്തുണയ്ക്കാൻ കഴിയും, ''- എഎപി നേതാവ് പ്രേം ഗർഗ് വ്യക്തമാക്കി.












Click it and Unblock the Notifications