കർണാടക നിയമസഭയിൽ നാടകീയ രംഗങ്ങൾ; നടപടി തടസപ്പെടുത്തി, 18 ബിജെപി എംഎൽമാർക്ക് സസ്‌പെൻഷൻ
ബെംഗളൂരു: കർണാടക നിയമസഭയിൽ നാടകീയ രംഗങ്ങൾക്കൊടുവിൽ പ്രതിഷേധിച്ച എംഎൽഎമാർക്കെതിരെ നടപടിയെടുത്ത് സ്‌പീക്കർ. 18 ബിജെപി എംഎൽഎമാരെ ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്‌തതായി സ്‌പീക്കർ യുടി ഖാദർ അറിയിച്ചു. സ്‌പീക്കറുടെ ഉത്തരവുകൾ അവഗണിച്ച് അച്ചടക്കമില്ലാത്തതും അനാദരവുള്ളതുമായ രീതിയിൽ പെരുമാറിയതിനാണ് ബിജെപി അംഗങ്ങൾക്ക് എതിരെ നടപടി എടുത്തിരിക്കുന്നത്.
നേരത്തെ ബിജെപി എംഎൽഎമാർ സഭാ നടപടികൾ തടസപ്പെടുത്തിയിരുന്നു. സസ്‌പെൻഡ് ചെയ്യപ്പെട്ട എംഎൽഎമാർ സ്‌പീക്കറുടെ ഡയസിലേക്ക് കയറുകയും സ്‌പീക്കർക്ക് നേരെ പേപ്പറുകൾ എറിയുകയും സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിക്കുകയും ചെയ്‌തിരുന്നു. ഇത് ഏറെ നേരം സഭാ നടപടികൾ സ്‌തംഭിക്കാൻ കാരണമായി.

സസ്‌പെൻഡ് ചെയ്യപ്പെട്ട എംഎൽഎമാരെ മാർഷലുകൾ ഇടപെട്ടാണ് പുറത്താക്കിയത്. പ്രതിപക്ഷ ചീഫ് വിപ്പ് ദൊഡ്ഡനഗൗഡ എച്ച് പാട്ടീൽ, അശ്വത് നാരായൺ സിഎൻ, എസ്ആർ വിശ്വനാഥ്, ബിഎ ബസവരാജ്, എം ആർ പാട്ടീൽ, ചന്നബസപ്പ (ചന്നി), ബി സുരേഷ് ഗൗഡ എന്നീ പ്രമുഖർ ഉൾപ്പെടെ പതിനെട്ട് എംഎൽഎമാർക്കാണ് ആറ് മാസത്തെ സസ്‌പെൻഷൻ.
ഇവർക്ക് പുറമേ എംഎൽഎമാരായ ഉമാനാഥ് എ കോട്യൻ, ശരണു സലാഗർ, ശൈലേന്ദ്ര ബെൽഡലെ, സി കെ രാമമൂർത്തി, യശ്‌പാൽ എ സുവർണ, ബിപി ഹരീഷ്, ഭരത് ഷെട്ടി വൈ, മുനിരത്ന, ബസവരാജ് മട്ടിമൂട്, ധീരജ് മുനിരാജു, ചന്ദ്രു ലമാനി എന്നിവരും നടപടി നേരിട്ടു. സസ്‌പെൻഷൻ ഉത്തരവ് പ്രകാരം, ഈ അംഗങ്ങൾക്ക് നിയമസഭാ ഹാൾ, ലോബി, ഗാലറികൾ എന്നിവയിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ട്.
സ്‌റ്റാൻഡിംഗ് കമ്മിറ്റികളുടെ യോഗങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നും, അവരുടെ പേരിൽ ഏതെങ്കിലും വിഷയമോ കാര്യമോ നിയമസഭാ അജണ്ടയിൽ ഉൾപ്പെടുത്തുന്നതിൽ നിന്നും അവർക്ക് വിലക്കുണ്ടാവും. സസ്പെൻഷൻ കാലയളവിൽ അവർ പുറപ്പെടുവിക്കുന്ന ഏതെങ്കിലും നിർദ്ദേശങ്ങൾ സ്വീകരിക്കില്ല, മാത്രമല്ല കമ്മിറ്റി തിരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യാൻ അവരെ അനുവദിക്കുകയുമില്ല.
ഹണി ട്രാപ്പ് അഴിമതിയും പൊതു കരാറുകളിൽ മുസ്ലീങ്ങൾക്ക് നാല് ശതമാനം സംവരണം നൽകുന്ന വിവാദ ബില്ലിന്റെ അംഗീകാരവും ഉൾപ്പെടെ രണ്ട് പ്രധാന വിഷയങ്ങൾ കാരണം രാവിലെ മുതൽ കർണാടക നിയമസഭ പ്രക്ഷുബ്‌ധമായിരുന്നു. കർണാടക മന്ത്രിയെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമം നടന്നതായി ആരോപണം ഉയർന്നതോടെയാണ് ഇത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയത്.
ബ്ലാക്ക് മെയിലിംഗിന്റെയും ബലപ്രയോഗത്തിന്റെയും തെളിവുകൾ സൂചിപ്പിക്കുന്ന സിഡികൾ ഉയർത്തിക്കാട്ടി ബിജെപി നേതാക്കൾ സഭയിൽ പ്രതിഷേധിച്ചു. ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. സർക്കാരിൽ ഉൾപ്പെട്ട ആരെയും സംരക്ഷിക്കില്ലെന്നും ഔദ്യോഗിക പരാതി ലഭിച്ചാൽ ഉന്നതതല അന്വേഷണം ആരംഭിക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ അവർക്ക് ഉറപ്പ് നൽകുകയായിരുന്നു.












Click it and Unblock the Notifications