പഞ്ചാബില്‍ ചന്നി ഫേവറിറ്റ്, അമരീന്ദറിനെ പോലെ രണ്ട് സീറ്റില്‍ മത്സരിക്കും, സിദ്ദുവിന് വീണ്ടും നിരാശ
ദില്ലി: പഞ്ചാബില്‍ ഹൈക്കമാന്‍ഡ് എല്ലാം തീരുമാനിച്ച് ഉറപ്പിച്ചത് പോലെയാണ് കാര്യങ്ങള്‍. നവജ്യോത് സിംഗിന് പ്രതീക്ഷിച്ചത് പോലെ നിരാശയുണ്ടാവുമെന്ന് കൂടുതല്‍ വ്യക്തമായി വരികയാണ്. രണ്ട് സീറ്റില്‍ മുഖ്യമന്ത്രി ചരണ്‍ജിത്ത് ചന്നി മത്സരിക്കാന്‍ ഒരുങ്ങുകയാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഏകദേശം പ്രഖ്യാപിച്ച് കഴിഞ്ഞു.
കഴിഞ്ഞ തവണ അമരീന്ദര്‍ സിംഗ് സംസ്ഥാനത്ത് രണ്ട് സീറ്റില്‍ മത്സരിച്ചത് പോലുള്ള വന്‍ തന്ത്രമാണ് ഇത്. പഞ്ചാബിലാകെ ഈ നീക്കം തരംഗമുണ്ടാക്കുമെന്നാണ് സൂചന. കാരണം കുറഞ്ഞ കാലത്തിനുള്ളില്‍ ജനപ്രിയ മുഖ്യമന്ത്രിയായി ചന്നി മാറി കഴിഞ്ഞു. പാര്‍ട്ടിയിലും ജനപ്രീതിയിലും ഒരുപോലെ സ്വാധീനവും ചന്നിക്കാണ്.

നവജ്യോത് സിംഗ് സിദ്ദുവിനാണ് ഏറ്റവും തിരിച്ചടിയുണ്ടായിരിക്കുന്നത്. തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന പിടിവാശിയിലായിരുന്നു സിദ്ദു. എന്നാല്‍ ദളിത് വോട്ടുബാങ്കിനെ പിണക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറല്ല. പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ ഭാവി പ്ലാന്‍ കൂടിയാണിത്. അത് മുന്നോക്ക വിഭാഗമായ സിദ്ദുവിന് വേണ്ടി തകര്‍ക്കാന്‍ രാഹുല്‍ തയ്യാറല്ല. സിദ്ദുവിന് വന്‍ നിരാശയാണ് ഇതിലൂടെ ഉണ്ടാവാന്‍ പോകുന്നത്. പ്രധാനമായും നേതൃത്വത്തെ വെല്ലുവിളിച്ച് കൂടുതല്‍ പേരെ കൂടെ നിര്‍ത്താന്‍ സിദ്ദു ശ്രമിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ വലിയൊരു വിഭാഗം ഇതിലൂടെ സിദ്ദുവില്‍ നിന്ന് അകന്നു. അവരുടെ പിന്തുണയാണ് ചന്നിക്ക് കൂടുതലായി ലഭിച്ചിരിക്കുന്നത്.

ചന്നിയുടെ രണ്ട് സീറ്റ് സുപ്രധാന മണ്ഡലങ്ങളാണ്. ബദോര്‍, ചംകോര്‍ സാഹിബ് എന്നിവിടങ്ങളില്‍ നിന്നാണ് മത്സരിക്കുന്നത്. ബദോറില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിത്വമാണ് ഇന്ന് പ്രഖ്യാപിച്ചത്. മൂന്നാം ഘട്ട പട്ടികയില്‍ എട്ട് സ്ഥാനാര്‍ത്ഥികളാണ് ഉള്ളത്. ചംകോര്‍ സാഹിബ് ചന്നിയുടെ സ്വന്തം മണ്ഡലമാണ്. കഴിഞ്ഞ ഒരു ദശാബ്ദമായി ഇവിടെ നിന്നാണ് അദ്ദേഹം മത്സരിച്ച് ജയിക്കുന്നത്. ബദോര്‍ ചന്നിക്ക് നല്ല മത്സരം കാഴ്ച്ചവെക്കാന്‍ സാധിക്കുന്ന മേഖലയാണെന്നാണ് വിശ്വാസം. സംഗ്രൂര്‍ ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമാണ് ബദോര്‍. ഇതേ മേഖലയില്‍ നിന്ന് ധുരിയില്‍ നിന്നാണ് എഎപിയുടെ ഭഗവന്ത് മന്‍ ഇത്തവണ മത്സരിക്കുന്നത്. ഭഗവന്താണ് എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി.

ബദോര്‍ സംവരണ മണ്ഡലം കൂടിയാണിത്. ഇത് എഎപിയുടെ കോട്ടയാണ്. കോണ്‍ഗ്രസിന് വലിയ ശക്തി ഇവിടെയുണ്ടെന്ന് കരുതാനാവില്ല. കഴിഞ്ഞ തവണ ആകെ ഇരുപത് ശതമാനം വോട്ട് മാത്രമാണ് കോണ്‍ഗ്രസിന് ഇവിടെ ലഭിച്ചത്. പക്ഷേ ഇത് അമരീന്ദര്‍ എടുത്തത് പോലെയുള്ള രാഷ്ട്രീയ റിസ്‌കാണ്. അത് വലിയ രാഷ്ട്രീയ നേട്ടം കോണ്‍ഗ്രസിന് ഉണ്ടാക്കി തരുമെന്ന് ഉറപ്പാണ്. ഇത് ഭഗവന്തിനെതിരെയുള്ള നേരിട്ടുള്ള പോരാട്ടമാക്കി പ്രചാരണം നടത്താന്‍ കോണ്‍ഗ്രസിന് സാധിക്കും. അതാണ് നേതൃത്വം ആഗ്രഹിക്കുന്നത്. രാഷ്ട്രീയ റിസ്‌ക് എടുത്തതോടെ ചന്നി ബഹുദൂരം മുന്നിലെത്തിയിരിക്കുകയാണ്. ഇനി സിദ്ദുവിന് അദ്ദേഹത്തെ തൊടാന്‍ പോലും സാധിക്കില്ല.

കോണ്‍ഗ്രസിന് സീറ്റ് കുറഞ്ഞാല്‍ അതിന്റെ എല്ലാ പഴിയും സിദ്ദു കേള്‍ക്കേണ്ടി വരും. എന്നാല്‍ സീറ്റ് വര്‍ധിക്കുകയോ ജയിക്കുകയോ ചെയ്താല്‍ അത് ചന്നിയുടെ മികവായി മാറും. സിദ്ദു ശരിക്കും കുരുക്കിലാണ് വീണിരിക്കുന്നത്. രണ്ടിലൊരാള്‍ക്കേ മുഖ്യമന്ത്രിയാവാനാവൂ എന്ന സൂചനയാണ് രാഹുല്‍ നല്‍കിയത്. ചരണ്‍ജിത്ത് സിംഗ് ചന്നി, നവജ്യോത് സിംഗ് സിദ്ദു എന്നിവരില്‍ ഒരാളേ ഉണ്ടാവൂ എന്ന് വ്യക്തമായി രാഹുല്‍ പറഞ്ഞിരിക്കുകയാണ്. ഇതില്‍ ഗാന്ധി കുടുംബം സിദ്ദുവിനൊപ്പമാണ്. എന്നാല്‍ അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയാല്‍ അതോടെ ദളിത് വിഭാഗം ഇടയും. അത് പഞ്ചാബില്‍ മാത്രമല്ല ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും അടക്കം കോണ്‍ഗ്രസിന് ദോഷം ചെയ്യും. അതുകൊണ്ട് ചന്നിയെ പിന്തുണയ്ക്കാതെ മറ്റ് മാര്‍ഗം ഹൈക്കമാന്‍ഡിനില്ല.

പട്യാല മേയര്‍ വിഷ്ണു ശര്‍മയെ പട്യാലയില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. യുദ്ധമാണ് ഇവിടെ നടക്കാന്‍ പോകുന്നത്. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ മണ്ഡലമാണ് ഇത്. അമരീന്ദറിന്റെ മുന്‍ വിശ്വസ്തനാണ് വിഷ്ണു ശര്‍മ. മുന്‍ കേന്ദ്ര മന്ത്രി പവന്‍കുമാര്‍ ബന്‍സലിന്റെ മകന്‍ മനീഷ് ബന്‍സലിനെ ബര്‍നാലയില്‍ നിന്നാണ് മത്സരിപ്പിക്കുന്നത്. ജലാലാബാദില്‍ നിന്നും മോഹന്‍ സിംഗ് പാലിയന്‍വാലയും, അട്ടാരിയില്‍ നിന്ന് തര്‍സേം സിംഗ് സിയാലയും, ഖേം കരണില്‍ നിന്ന് സുഖ്ബാല്‍ സിംഗ് ഭുല്ലാറും, നവന്‍ഷെഹറില്‍ നിന്ന് സത്ബീര്‍ സിംഗ് സെയ്‌നിയും മത്സരിക്കും.ലുതിയാന സൗത്തില്‍ ഈശ്വര്‍ജോത് സിംഗ് ചീമയാണഅ സ്ഥാനാര്‍ത്ഥി.












Click it and Unblock the Notifications