'അനാദരവുള്ളതും മര്യാദയില്ലാത്തതും'; തിരഞ്ഞെടുപ്പ് കമ്മീഷണർ നിയമനത്തിൽ വിയോജന കുറിപ്പ് പരസ്യമാക്കി രാഹുൽ
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ നിയമനത്തിന് പിന്നാലെ തന്റെ വിയോജന കുറിപ്പ് പരസ്യമാക്കി പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയുമായ രാഹുൽ ഗാന്ധി. സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാണ് കേന്ദ്ര നടപടിയെന്ന് രാഹുൽ ആരോപിച്ചു. അംബേദ്ക്കറുടെ ആശയങ്ങൾ ഉയർത്തിപിടിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും എക്‌സിൽ പങ്കുവച്ച പോസ്‌റ്റിലൂടെ രാഹുൽ ഗാന്ധി അറിയിച്ചു.
ഇന്നലെ രാത്രിയോടെയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാറിനെ കേന്ദ്രം പ്രഖ്യാപിച്ചത്. 'ഒരു സ്വതന്ത്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നതിന്റെ ഏറ്റവും അടിസ്ഥാനപരമായ വസ്‌തുത, എക്‌സിക്യൂട്ടീവ് ഇടപെടലുകളില്‍ നിന്ന് മുക്തമായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും, തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെയും തിരഞ്ഞെടുക്കുന്ന പ്രക്രിയയാണ്.' രാഹുൽ ഗാന്ധി തന്റെ വിയോജന കുറിപ്പിലൂടെ അറിയിച്ചു.

'സുപ്രീം കോടതി ഉത്തരവ് ലംഘിച്ച്, സുപ്രീം കോടതി ചീഫ് ജസ്‌റ്റിസിനെ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഈ സെലക്ഷന്‍ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി. ഇത് നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രതയെക്കുറിച്ചുള്ള കോടിക്കണക്കിന് വോട്ടര്‍മാരുടെ ആശങ്കകള്‍ വഷളാക്കുകയാണ് ചെയ്യുന്നത്' രാഹുൽ കുറിപ്പിൽ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. സെലക്ഷന്‍ കമ്മിറ്റിയുടെ ഘടനയും, പ്രക്രിയയും സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയും 48 മണിക്കൂറിനുള്ളില്‍ കോടതി വാദം കേള്‍ക്കാനിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, ഇതിൽ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും അര്‍ധരാത്രിയില്‍ തീരുമാനമെടുത്തത് അനാദരവും മര്യാദകേടുമാണ്; രാഹുൽ വിമർശിച്ചു.
അടുത്തിടെ കേന്ദ്രം കൊണ്ടുവന്ന നിയമമാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനം വിവാദങ്ങളിലേക്ക് നയിച്ചത്. പുതിയ സെലക്ഷൻ കമ്മിറ്റിയിൽ പ്രധാനമന്ത്രിയും ഒരു ക്യാബിനറ്റ് മന്ത്രിയും (ഇത്തവണ അമിത് ഷാ) പ്രതിപക്ഷ നേതാവും ഉൾപ്പെടുന്നു. ഈ പാനൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ തിരഞ്ഞെടുക്കുമെന്നാണ് പുതിയ നിയമം.
എന്നാൽ സെലക്ഷൻ കമ്മിറ്റിയുടെ നിഷ്‌പക്ഷത കവരാൻ ഇത് കാരണമാകും എന്നാണ് പല ഭാഗത്ത് നിന്ന് ഉയരുന്ന പ്രധാന വിമർശനം. നേരത്തെ ക്യാബിനറ്റ് മന്ത്രിക്ക് പകരം സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് ആയിരുന്നു കമ്മിറ്റിയിൽ ഉണ്ടായിരുന്നത്. ഇതാണ് മോദി സർക്കാർ മാറ്റിയത്. തുടർന്ന് പ്രതിപക്ഷം ഉൾപ്പെടെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
അതേസമയം, കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാറിനെയാണ് രാജ്യത്തെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തത്. ഹരിയാന മുൻ ചീഫ് സെക്രട്ടറി വിവേക് ജോഷിയെ തിരഞ്ഞെടുപ്പ് കമ്മീഷണറായും നിയമിച്ചിട്ടുണ്ട്. നിയമനങ്ങളിൽ രാഹുൽ ഗാന്ധി വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications