'ചൈനയും പാകിസ്താനും ചേർന്ന് സർപ്രൈസിന് തയ്യാറെടുക്കുന്നു', യുദ്ധത്തെ കുറിച്ച് ആശങ്കയുമായി രാഹുൽ ഗാന്ധി
ദില്ലി: ചൈനയും പാകിസ്താനും ഒരുമിച്ച് തയ്യാറെടുക്കുകയാണെന്നും യുദ്ധമുണ്ടായാല്‍ അത് ഈ രണ്ട് രാജ്യങ്ങള്‍ക്കും എതിരെ ആയിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയുടെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വിരമിച്ച സൈനികരുമായുളള കൂടിക്കാഴ്ചയുടെ വീഡിയോയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ചൈനയും പാകിസ്താനും ഒരുമിച്ച് ചേര്‍ന്നിരിക്കുന്നു. ഒരു യുദ്ധം ഉണ്ടാവുകയാണെങ്കില്‍ അത് ഈ രണ്ട് രാജ്യങ്ങളോടുമാകും. അങ്ങനെ വന്നാല്‍ രാജ്യത്തിന് വലിയ നാശമുണ്ടാകും. ഇന്ത്യ ഇപ്പോള്‍ വളരെ ദുര്‍ബലമായ അവസ്ഥയിലാണ്. സൈനികരോട് എനിക്ക് ബഹുമാനം മാത്രമല്ല ഉളളത്, സ്‌നേഹവും അടുപ്പവും ഉണ്ട്. നിങ്ങള്‍ ഈ നാടിനെ സംരക്ഷിച്ചു. നിങ്ങളില്ലാതെ ഈ നാട് നിലനില്‍ക്കില്ലായിരുന്നു, രാഹുല്‍ ഗാന്ധി പറഞ്ഞു.

നേരത്തെ നമുക്ക് രണ്ട് ശത്രുക്കള്‍ ആയിരുന്നു ഉണ്ടായിരുന്നത്. ചൈനയും പാകിസ്താനും. ഇവര്‍ രണ്ട് കൂട്ടരേയും രണ്ടായി നിര്‍ത്തുക എന്നതായിരുന്നു നമ്മുടെ നയം. രണ്ട് പേരുമായിട്ടല്ല, ഇപ്പോള്‍ മൂന്ന് പേരുമായിട്ടാണ് യുദ്ധം, ചൈനയും പാകിസ്താനും തീവ്രവാദവും. ഇന്ന് ചൈനയും പാകിസ്താനും ചേര്‍ന്ന ഒരു മുന്നണിയാണ് ഉളളത്. യുദ്ധം സംഭവിച്ചാല്‍ ഈ രണ്ട് കൂട്ടരുമായിട്ടാകും. സൈനികമായിട്ട് മാത്രമല്ല ചൈനയും പാകിസ്താനും സഹകരിക്കുന്നത്, സാമ്പത്തികമായി കൂടിയാണ്, രാഹുല്‍ ഗാന്ധി പറഞ്ഞു.
കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങളെ അടക്കം രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. 2014 മുതല്‍ നമ്മുടെ സാമ്പത്തിക രംഗം താഴേക്ക് പോവുകയാണ്. രാജ്യത്ത് അശാന്തിയും വെറുപ്പും ആശയക്കുഴപ്പവും നിലനില്‍ക്കുന്നു. ചൈനയും പാകിസ്താനും നമുക്ക് സര്‍പ്രൈസ് തരാന്‍ തയ്യാറെടുക്കുകയാണ്. അതുകൊണ്ടാണ് സര്‍ക്കാരിന് മൗനം പാലിക്കാനാകില്ലെന്ന് താന്‍ തുടര്‍ച്ചയായി പറഞ്ഞ് കൊണ്ടിരിക്കുന്നത്. അതിര്‍ത്തിയില്‍ എന്ത് സംഭവിച്ചു എന്ന് സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളോട് പറയണം. എന്ത് നടപടിയെടുക്കാന്‍ ഉദ്ദേശിക്കുന്നോ അത് ഇന്ന് തന്നെ വേണം. ശരിക്കും 5 വര്‍ഷം മുന്‍പേ തന്നെ നടപടിയെടുക്കേണ്ടതായിരുന്നു, എന്നാല്‍ നമ്മളത് ചെയ്തില്ല. വേഗത്തില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ വലിയ നഷ്ടമുണ്ടാകും. അരുണാചലിലും ലഡാക്കിലും അതിര്‍ത്തിയില്‍ എന്താണ് സംഭവിക്കുന്നത് എന്നത് തന്നെ വളരെ ആശങ്കപ്പെടുത്തുന്നു, രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ഡിസംബര്‍ 31ന് ചൈന വിഷയത്തില്‍ പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗ് രാജ്യസഭയില്‍ പ്രതികരിച്ചിരുന്നു. അരുണാചല്‍ പ്രദേശിലെ തവാംഗ് സെക്ടറില്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ സംഘം നിയന്ത്രണ രേഖ മറികടക്കാന്‍ ശ്രമം നടത്തിയിരുന്നുവെന്നും ഏകപക്ഷീയമായി തല്‍സ്ഥിതി മാറ്റാന്‍ ശ്രമം നടത്തിയെന്നും രാജ്‌നാഥ് സിംഗ് സഭയെ അറിയിച്ചു. എന്നാല്‍ ഇന്ത്യന്‍ സൈനികരുടെ സമയോചിതമായ ഇടപെടല്‍ കാരണം അവര്‍ക്ക് തിരിച്ച് പോകേണ്ടി വന്നുവെന്നും പ്രതിരോധ വകുപ്പ് മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications