കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പിടിയിലായ ചൈനീസ് പൗരന്‍ നേരത്തെ ചാരവൃത്തിക്കും പിടിയില്‍
ദില്ലി: കള്ളപ്പണ വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സമെന്‍റ് അറസ്റ്റ് ചെയ്ത ചൈനീസ് പൗരന്‍ നേരത്തെ ചാരവൃത്തി കേസിലും അറസ്റ്റിലായിട്ടുണ്ടെന്ന് ഇന്ത്യാ ടുഡെയുടെ റിപ്പോര്‍ട്ട്. ആയിരം കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ആദായാനികുതി വകുപ്പ് കഴിഞ്ഞ ദിവസം ദില്ലി, ഗാസിയാബാദ്, ഗുരുഗ്രാം മേഖലകളില്‍ വ്യാപക റെയിഡ് നടത്തിയിരുന്നു. ചൈനീസ് ബന്ധമുള്ള കേന്ദ്രങ്ങളിലായിരുന്നു റെയിഡ്. ഇതിലൊരിടത്ത് നിന്നാണ് ലുവോ സാങ് എന്ന ചൈനീസ് പൗരനെ ആദായനികുതി വകുപ്പ് അറസ്റ്റ് ചെയ്തത്.
ഇയാളെ നേരത്തെ ചാരവൃത്തി കേസിലും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2018 സെപ്റ്റംബറിൽ ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ ആണ് ലുവോ സാങ്നെ ചാരവൃത്തി ആരോപിച്ച് പിടികൂടിയത്. എന്നാൽ ഇയാളെ പിന്നീട് കോടതി വിട്ടയക്കുകയായിരുന്നു. ലുവോ സാങ് ചൈനയ്ക്ക് വേണ്ടി ചാരവൃത്തിയിൽ ഏർപ്പെടുന്നതായും ഹവാല, കള്ളപ്പണ ഇടപാടുകൾ നടത്തുന്നതായും ദില്ലി പോലീസ് ആരോപിക്കുന്നു.

ചാർളി പേങ് എന്ന വ്യാജപേരിലാണ് ഇയാൾ ഡൽഹിയിൽ താമസിച്ചുവന്നിരുന്നത്. ഈ പേരിലുള്ള ആധാര്‍ കാര്‍ഡും ഇന്ത്യൻ പാസ്പോർട്ടും ഇയാളുടെ കൈവശമുണ്ടായിരുന്നു. ഏകദേശം നാല്‍പതോലം ബാങ്ക് അക്കൗണ്ടുകളാണ് ഇയാള്‍ നിയന്ത്രിച്ചിരുന്നത്. ഇതിൽ പത്തോളം അക്കൗണ്ടുകൾ വ്യാജ ചൈനീസ് കമ്പനികളുടെ പേരിലായിരുന്നു. ബാങ്ക് ഉദ്യോഗസ്ഥരുടെ കൂടി സഹായത്തില്‍ 300 കോടിയുടെ ഇടപാടുകള്‍ ഈ അക്കൗണ്ടിലൂടെ നടത്തിയിട്ടുണ്ടെന്നാണ് വിവരം.
പലതവണയായി ആകെ 1000 കോടി രൂപയുടെ കള്ളപ്പണം ഇയാള്‍ വെളുപ്പിച്ചെന്നാണ് നിഗമനം. ഇയാളില്‍ നിന്നും പിടിച്ചെടുത്ത എല്ലാ രേഖകളിലും ചാര്‍ളി പേങ് എന്നാണ് പേര് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ പാസ്പോട്ട് ലഭിക്കുന്നതിനായി ഒരു മിസോറാം സ്വദേശിയെ ഇയാള്‍ വിഹാഹം ചെയ്തതായും വിവരമുണ്ട്. ഇവരുടെ പേരിലുള്ള പാസ്പോർട്ടും ആദായനികുതി വകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്.












Click it and Unblock the Notifications