മണിപ്പൂരില്‍ വീണ്ടും സംഘർഷം: മോറെ ബസാറില്‍ വീടുകള്‍ അഗ്നിക്കിരയാക്കി, ബസുകള്‍ക്ക് തീയിട്ടു
ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘർഷം. മ്യാൻമർ അതിർത്തിയോട് ചേർന്നുള്ള മോറെ ജില്ലയിലെ മോറെ ബസാർ പ്രദേശത്താണ് കലാപമുണ്ടായത്. ഒരു സംഘം അക്രമികള് നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും തീയിട്ടു. ശക്തമായ തീപിടുത്തത്തെത്തുടർന്ന്, അക്രമികളും സുരക്ഷാ സേനയും തമ്മിൽ വെടിവയ്പ്പും ഉണ്ടായതായും റിപ്പോർട്ടുണ്ട്.
ഉദ്യോഗസ്ഥരെ കൊണ്ടുപോകാൻ സുരക്ഷാ സേന ഉപയോഗിച്ചിരുന്ന രണ്ട് ബസുകൾ കാങ്‌പോപി ജില്ലയിൽ ജനക്കൂട്ടം അഗ്നിക്കിരയാക്കിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് മോറെ ബസാറിലും ആക്രമണമുണ്ടയതെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. രണ്ട് സംഭവങ്ങളിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ചൊവ്വാഴ്ച വൈകുന്നേരം ദിമാപൂരിൽ നിന്ന് ബസുകൾ വരുമ്പോൾ സപോർമേനയിലാണ് ആക്രമണം നടന്നത്. മണിപ്പൂർ രജിസ്‌ട്രേഷൻ നമ്പറിലുള്ള ബസുകൾ സപോർമേനയിൽ നാട്ടുകാർ തടഞ്ഞുനിർത്തി, മറ്റേതെങ്കിലും സമുദായത്തിൽപ്പെട്ടവർ കയറിയിട്ടുണ്ടോയെന്ന് പരിശോധിക്കുകയും ഇതിനിടയില്‍ ചിലർ ബസുകൾ കത്തിക്കുകയുമായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കുന്നു.
അതേസമയം, ഷോപ്പിങ് മാളില്‍ വെച്ച് മണിപ്പൂരി യുവതിയെ കയ്യേറ്റം ചെയ്ത ജവാനെ ബിഎസ്എഫ് സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. കടയ്ക്കുള്ളിലെ സിസിടിവി ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ, സോഷ്യൽ മീഡിയയിൽ വലിയ രീതിയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ജവാനെതിരെ നടപടിയുണ്ടായത്.
ബി എസ് എഫ് ഹെഡ് കോൺസ്റ്റബിളായ സതീഷ് പ്രസാദ് എന്നയാളാണ് സ്ത്രീക്കെതിരെ അതിക്രമം കാണിച്ചതെന്ന് തിരിച്ചറിഞ്ഞ ഉടന്‍ തന്നെ അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. "ജൂലൈ 20 ന് ഇംഫാലിൽ പെട്രോൾ പമ്പിന് സമീപമുള്ള ഒരു കടയിലാണ് സംഭവം. ഹെഡ് കോൺസ്റ്റബിൾ സതീഷ് പ്രസാദ് ആണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ സസ്‌പെൻഡ് ചെയ്യുകയും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്," ഒരു മുതിർന്ന ബി എസ് എഫ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
പരാതി ലഭിച്ചതിനെ തുടർന്ന് പ്രതിക്കെതിരെ ബിഎസ്എഫ് ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. "അദ്ദേഹത്തെ കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്, അദ്ദേഹത്തിനെതിരെ വകുപ്പുതല നടപടികൾ ആരംഭിച്ചിട്ടുണ്ട്," ഉദ്യോഗസ്ഥർ പറഞ്ഞു.
ഏകദേശം മൂന്ന് മാസം മുമ്പ് സംസ്ഥാനത്ത് പൊട്ടിപ്പുറപ്പെട്ട വംശീയ കലാപത്തില്‍ 160-ലധികം ആളുകൾ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് കണക്ക്. മേയ് 3 ന് പട്ടികവർഗ (എസ്ടി) പദവിക്കായി മെയ്തേയ് സമുദായത്തിന്റെ ആവശ്യത്തിൽ പ്രതിഷേധിച്ച് മലയോര ജില്ലകളിൽ 'ആദിവാസി ഐക്യദാർഢ്യ മാർച്ച്' സംഘടിപ്പിച്ചതിന് പിന്നാലെയായിരുന്നു അക്രമം പൊട്ടിപ്പുറപ്പെടുന്നത്.












Click it and Unblock the Notifications