അമർനാഥിൽ മേഘവിസ്ഫോടനത്തെ തുടർന്ന് മിന്നൽ പ്രളയം, 15 പേർ മരിച്ചു, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു
അമര്‍നാഥ്: ജമ്മു കശ്മീരിലെ അമര്‍നാഥ് ഗുഹാ ക്ഷേത്രത്തിന് സമീപത്ത് മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് മിന്നല്‍ പ്രളയം. അപകടത്തില്‍ ഇതുവരെ 15 പേര്‍ മരണപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായും വിവരങ്ങള്‍ പുറത്ത് വരുന്നു. വൈകിട്ട് 5.30തോട് കൂടിയാണ് മേഘവിസ്‌ഫോടനമുണ്ടായത്. തുടര്‍ന്ന് ഗുഹാ ക്ഷേത്രത്തിന് സമീപത്ത് വന്‍ വെളളപ്പാച്ചിലുണ്ടാവുകയായിരുന്നു.
പ്രദേശത്ത് നേരത്തെ തന്നെ കനത്ത മഴയുണ്ടായിരുന്നു. അതിന് പിന്നാലെ മുകളില്‍ നിന്നും പൊടുന്നനെ വെള്ളത്തിന്റെ കുത്തൊഴുക്ക് ഉണ്ടായതോടെ അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കായി തയ്യാറാക്കായിരുന്ന ഭക്ഷണ ശാലകളും ടെന്റുകളും അടക്കം ഒലിച്ച് പോയി. 4 മുതല്‍ 6 പേര്‍ വരെ ഒരു ടെന്റില്‍ താമസിച്ചിരുന്നുവെന്ന് അധികൃതര്‍ പറയുന്നു. കുടുങ്ങിക്കിടക്കുന്നുവെന്ന് കരുതുന്നവര്‍ക്കായി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

പോലീസ്, സംസ്ഥാന ദുരന്ത നിവാരണ സേന, ദേശീയ ദുരന്ത നിവാരണ സേന എന്നിവര്‍ക്കൊപ്പം സൈന്യവും രക്ഷാ പ്രവര്‍ത്തനത്തിന് രംഗത്തുണ്ട്. പരിക്കേറ്റവരെ എയര്‍ ലിഫ്റ്റ് ചെയ്താണ് ആശുപത്രിയിലേക്ക് മാറ്റിയത്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ അമര്‍നാഥിലേക്കുളള തീര്‍ത്ഥാടക യാത്രകള്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണെന്ന് ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് പ്രസ്താവനയില്‍ അറിയിച്ചു. കാലാവസ്ഥ സാധാരണമായാല്‍ നാളെ യാത്ര പുനരാരംഭിക്കാനാകുമെന്നും ഐടിബിപി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ദുരന്തത്തില്‍ നടുക്കം രേഖപ്പെടുത്തി. പ്രധാനമന്ത്രി ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുമായി ഫോണില്‍ സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.












Click it and Unblock the Notifications