അഞ്ച് ഹൈക്കോടതി ജഡ്ജിമാരെ സുപ്രീംകോടതി ജഡ്ജിമാരാക്കാന്‍ കേന്ദ്രത്തിന് കൊളീജിയത്തിന്റെ ശുപാര്‍ശ
ന്യൂദല്‍ഹി: സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കുന്നതിന് അഞ്ച് ഹൈക്കോടതി ജഡ്ജിമാരുടെ പേരുകള്‍ സുപ്രീം കോടതി കൊളീജിയം കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ചേര്‍ന്ന ആറംഗ കൊളീജിയം യോഗത്തിന് ശേഷമാണ് ശുപാര്‍ശ വന്നത്.
രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തല്‍, പാട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോള്‍, മണിപ്പൂര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി വി സഞ്ജയ് കുമാര്‍, പാട്‌ന ഹൈക്കോടതി ജഡ്ജി എ അമാനുള്ള, അലഹബാദ് ഹൈക്കോടതി ജഡ്ജി മനോജ് മിശ്ര എന്നിവരെ സുപ്രിം കോടതി ജഡ്ജിമാരാക്കാനാണ് ശുപാര്‍ശ.

നേരത്തെ ജസ്റ്റിസ് ദീപങ്കര്‍ ദത്തയെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. തിങ്കളാഴ്ച ജസ്റ്റിസ് ദീപങ്കര്‍ ദത്തയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം സുപ്രീം കോടതിയിലെ മൊത്തം ജഡ്ജിമാരുടെ എണ്ണം 28 ആയി ഉയര്‍ന്നു.
ജസ്റ്റിസ് ദത്തയുടെ പേര് ഒപ്പിടുന്നത് വരെ സുപ്രീം കോടതിയിലെ ജഡ്ജിമാരെ നിയമിക്കുന്നതിന് സര്‍ക്കാരിന് പുതിയ ശുപാര്‍ശകള്‍ നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി കൊളീജിയം തീരുമാനിച്ചിരുന്നു. നിലവില്‍ ആറ് ഒഴിവുകള്‍ സുപ്രീംകോടതിയില്‍ അവശേഷിക്കുന്നുണ്ട്. അതേസമയം നിലവില്‍ ഉള്ള 28 ജഡ്ജിമാരില്‍ ഒമ്പത് പേര്‍ 2023-ല്‍ വിരമിക്കുന്നവരാണ്.
ജസ്റ്റിസ് ദത്തയെ സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്താന്‍ കേന്ദ്രം അനുമതി നല്‍കിയതിന് ശേഷം ചൊവ്വാഴ്ച, ആറംഗ കൊളീജിയം ആദ്യമായി യോഗം ചേര്‍ന്നതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു
സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരുടെ കൊളീജിയത്തിന്റെ ഭാഗമായ ഏറ്റവും മുതിര്‍ന്ന രണ്ടാമത്തെ ജഡ്ജിയായ ജസ്റ്റിസ് എസ് എ നസീര്‍ ജനുവരി 4 ന് വിരമിക്കും. അതിനാല്‍ അദ്ദേഹം വിരമിക്കുന്നതിന് മുമ്പ് ചില ശുപാര്‍ശകള്‍ നല്‍കാനായിരുന്നു ശ്രമം. പുതിയ ശുപാര്‍ശകള്‍ കേന്ദ്രം അംഗീകരിച്ചാല്‍ സുപ്രീം കോടതിയുടെ ശേഷി 33 ആയി ഉയരും.
സെപ്തംബര്‍ 26-ന് അന്നത്തെ ചീഫ് ജസ്റ്റിസ് യു യു ലളിതിന്റെ നേതൃത്വത്തിലുള്ള കൊളീജിയം ജസ്റ്റിസ് ദത്തയുടെ പേര് ശുപാര്‍ശ ചെയ്തിരുന്നതാണ്. എന്നാല്‍ അദ്ദേഹത്തിന്റെ നിയമനത്തിനുള്ള സര്‍ക്കാര്‍ വിജ്ഞാപനം ഡിസംബര്‍ 11-ന് മാത്രമാണ് വന്നത്.












Click it and Unblock the Notifications