ഷിൻഡെ രാജ്യദ്രോഹിയെന്ന് കൊമേഡിയൻ കുനാൽ കമ്ര; കേസ്,ക്ലബ് അടിച്ച് തകർത്ത് ശിവസേന പ്രവർത്തകർ
മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും നിലവിലെ ഉപമുഖ്യമന്ത്രിയുമായ ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെയ്ക്കെതിരായ പരാമർശത്തിൽ കൊമേഡിയൻ കുനാൽ കമ്രക്കെതിരെ കേസെടുത്ത് പോലീസ്. മുംബൈ പോലീസാണ് ശിവസേന പ്രവർത്തകരുടെ പരാതിയിൽ കേസെടുത്തത്. അതിനിടെ കുനാൽ പരിപാടി അവതരിപ്പിച്ച അൺകോൺണ്ടിനെന്റൽ മുംബൈ ക്ലബ് ശിവസേന പ്രവർത്തകർ അടിച്ച് തകർത്തു.
കഴിഞ്ഞ ദിവസം നടന്ന പരിപാടിക്കിടെയായിരുന്നു കമ്രയുടെ പരാമർശം. ദിൽതോ പാഗൽ ഹേ എന്ന പാട്ട് പാടിക്കൊണ്ടായിരുന്നു ഷിൻഡെ രാജ്യദ്രോഹിയാണെന്ന പരാമർശം കമ്ര നടത്തിയത്. 2022 ൽ ഷിൻഡെ ശിവസേന ക്യാമ്പ് വിട്ട് ബിജെപിയിലെത്തിയത് ഉൾപ്പെടെയുള്ള സംഭവങ്ങൾ വിവരിച്ചുകൊണ്ട് സംസാരിക്കുന്നതിനിടെയായിരുന്നു പരിഹാസം.

പരിപാടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ ശിവസേന പ്രവർത്തകർ പരിപാടി നടന്ന ക്ലബിലെത്തി പ്രതിഷേധം തീർക്കുകയായിരുന്നു. അക്രമാസക്തരായ പ്രവർത്തകർ ക്ലബിലെ കസേരകളും മറ്റും തല്ലി പൊട്ടിച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതേസമയം കുനാൽ കമ്രയ്ക്ക് പിന്നിൽ ശിവസേന നേതാവ് ഉദ്ധവ് താക്കറെ ആണെന്നാണ് ലോക്സഭ എംപി നരേഷ് മസ്കെ ആരോപിക്കുന്നത്. കമ്രയ്ക്ക് താക്കറെ പണം നൽകിയെന്നും അയാൾ കോൺട്രാക്ട് കലാകാരനാണെന്നും നരേഷ് ആരോപിച്ചു.
'കമ്ര കോൺട്രാക്ട് കൊമേഡിയനാണ്. പക്ഷെ പാമ്പിന്റെ വാലിൽ അയാൾ ചവട്ടാൻ പാടില്ലായിരുന്നു. ഈ ബഹളമൊക്കെ കഴിഞ്ഞാൽ നേരിട്ടുള്ള പ്രത്യാഘാതം നേരിടേണ്ടി വരും. സ്വതന്ത്ര്യമായി ഈ രാജ്യത്തൂടെ താങ്കൾക്ക് പോകാൻ സാധിക്കില്ലെന്ന് ഞങ്ങൾ ഉറപ്പാക്കും. ഞങ്ങൾ ബാലസഹേബ് താക്കറെയുടെ ശിവസൈനികരയാണ്, ഞങ്ങൾ നിങ്ങളെ പിന്തുടർന്നാൽ നിങ്ങൾക്ക് ഈ രാജ്യം തന്നെ വിട്ടുപോകേണ്ടി വരും', നരേഷ് പറഞ്ഞു.
അതേസമയം ഇത്തരത്തിലുള്ള തരംതാണ കോമഡിയും ഉപമുഖ്യമന്ത്രിയെ അപമാനിച്ചുകൊണ്ടുള്ള പ്രതികരണങ്ങളും അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. 'ആരാണ് രാജ്യദ്രോഹിയെന്ന് 2024 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ജനങ്ങൾ വ്യക്തമാക്കിയതാണ്. ബാൽതാക്കറെയുടെ പാരമ്പര്യം ആർക്കാണെന്ന് ജനങ്ങൾ തീരുമാനിച്ചതാണ്. കുനാൽ കമ്ര ഖേദം പ്രകടിപ്പിക്കണം. ഭരണഘടന ഉയർത്തിക്കാട്ടി നിങ്ങൾക്ക് നിങ്ങളുടെ തെറ്റുകളെ ന്യായീകരിക്കാൻ സാധിക്കില്ല. ഭരണഘട സ്വാതന്ത്യം നൽകുന്നുണ്ട്. എന്നാൽ അതൊരിക്കലും സമ്പൂർണ സ്വാതന്ത്ര്യമല്ല, മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിൽ നിങ്ങൾക്ക് കടന്നുകയറാൻ സാധിക്കില്ല, അതിനെല്ലാം പരിമിതികളുണ്ട്', ഫഡ്നാവിസ് പറഞ്ഞു.
അതിനിടെ ശിവസേന പ്രവർത്തകർ നിയമം കൈയ്യിലെടുക്കരുതെന്ന് ഉപമുഖ്യമന്ത്രി അജിത് പവാർ അഭ്യർത്ഥിച്ചു. 'ആരും നിയമത്തിനേയും ഭരണഘടനയേയും മറികടക്കരുത്. പരിധിക്കുള്ളിൽ നിന്ന് സംസാരിക്കണം. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും, എന്നാൽ ആ അഭിപ്രായം പങ്കുവെയ്ക്കുന്നത് പോലീസ് ഇടപെടൽ ഉണ്ടാകുന്ന തരത്തിൽ ആകരുത്', പവാർ പറഞ്ഞു.












Click it and Unblock the Notifications