ലിവിംഗ് ടുഗേതറും യഥാർത്ഥ വിവാഹവും തമ്മിൽ എന്താണ് വ്യത്യാസം; സുപ്രീം കോടതി പരിശോധിക്കുന്നു
ദില്ലി: പരസ്പര സമ്മതത്തോടെ ഒരുമിച്ച ജീവിച്ച ശേഷം പങ്കാളി ഉപേക്ഷിക്കുന്ന സ്ത്രീകൾക്ക് ജീവനാംശത്തിന് അർഹതയുണ്ടോയെന്ന വിഷയം സുപ്രീം കോടതി പരിശോധിക്കുന്നു. യഥാർത്ഥ വിവാഹം കഴിക്കുന്നവർക്ക് നൽകുന്ന നിയമ പരിരക്ഷ ലിവിങ് ടുഗേതർ ബന്ധത്തിൽ ഏർപ്പെടുന്നവർക്കും നൽകണമോയെന്നും കോടതി പരിശോധിക്കും.
6 വർഷമായി പരസ്പര സമ്മതത്തോടെ ഒരുമിച്ച് ജീവിച്ച ശേഷം പങ്കാളിക്കെതിരെ പീഡനക്കേസ് ഫയൽ ചെയ്ത യുവതിയുടെ ഹർജിയിൽ വാദം കേൾക്കുന്നതിനിടെയായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.

ബലാത്സംഗമല്ല
ഉഭയ സമ്മത പ്രകാരം ഒരുമിച്ച് ജീവിച്ച ശേഷം അതിനെ ബലാത്സംഗമായി കാണാനില്ല. പക്ഷെ പങ്കാളിയായ പുരുഷൻ ഉപേക്ഷിക്കുന്ന സ്ത്രീകൾക്ക് നീതി ലഭിക്കാതിരിക്കരുത്. ഇത്തരം ബന്ധങ്ങളിൽ സ്ത്രീകൾ എന്തെങ്കിലും തരത്തിലുള്ള ചൂഷണങ്ങൾക്ക് ഇരയായിട്ടുണ്ടെങ്കിൽ അവരുടെ പരാതികൾ കേൾക്കാതിരിക്കുകയോ നീതി ലഭിക്കാതെ പോവുകയോ ചെയ്യരുതെന്ന് ജസ്റ്റിസ് ആദർശ് കുമാർ ഗോയൽ, ജസ്റ്റിസ് അബ്ദുൾ നാസർ എന്നിവർ അധ്യക്ഷരായ ബെഞ്ച് നിരീക്ഷിച്ചു.

അമിക്കസ് ക്യൂറി
ലിവിങ് ടുഗേതർ വിഷയവുമായി ബന്ധപ്പെട്ട നിരവധി പരാതികൾ ഉയർന്നു വരുന്ന സാഹചര്യത്തിൽ വിഷയം ഗൗരവമായി തന്നെ പരിഗണിക്കണമെന്ന് കോടതി നിരീക്ഷിച്ചു. കേസിന്റെ പ്രാധാന്യം മനസിലാക്കി മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വിയെ അമിക്കസ് ക്യൂറിയായി നിയമിച്ചു. കൂടാതെ വിഷയത്തിൽ കോടതിയെ സഹായിക്കാൻ അഡീഷണൽ സോളിസിറ്റർ ജനറലിനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് അറ്റോർണി ജനറലിന് കത്തയച്ചു.

യുവതിയുടെ പരാതി
ആറ് വർഷമായി തങ്ങൾ ഒരുമിച്ച് ജീവിക്കുകയായിരുന്നു. വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകിയതിനാലാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. പക്ഷെ ഒടുവിൽ പങ്കാളി വാക്ക് മാറിയെന്നുമാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. കേസ് തള്ളണമെന്നാവശ്യപ്പെട്ട് യുവതിയുടെ പങ്കാളി ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ കർണാടക ഹൈക്കോടതി വിസമ്മതിച്ചതോടെയാണ് കേസ് സുപ്രീം കോടതിയിൽ എത്തിയത്. പരസ്പര സമ്മതത്തോടെയോ അല്ലാതെയോ ഒരുമിച്ച് ജീവിക്കുന്ന സ്ത്രീയ്ക്കും പുരുഷനും യഥാർഥ വിവാഹത്തിൽ ലഭിക്കേണ്ട നിയമ പരിരക്ഷ ലഭിക്കേണ്ടതുണ്ടോയെന്നും സിവിൽ നിയമ പ്രകാരം നഷ്ടപരിഹാരം നൽകാൻ പുരുഷന് കഴിയുമോയെന്നുമുള്ള ചോദ്യങ്ങൾ വാദത്തിനിടെ ഉയരുകയായിരുന്നു.












Click it and Unblock the Notifications