കോണ്‍ഗ്രസ് തോല്‍വി സമ്മതിച്ചെന്ന് ബിജെപി
ദില്ലി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനും മുന്നെ കോണ്‍ഗ്രസിലും ബിജെപിയും മത്സരം തുടങ്ങിയിരുന്നു. തങ്ങളുടെ പ്രധാനമന്ത്രി സ്ഥാര്‍ത്ഥി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയാണെന്ന് ബിജെപി നേരത്തെ തീരുമാനമെടുത്തു. എന്നാല്‍ കോണ്‍ഗ്രസിന് അക്കാര്യത്തില്‍ ഇതുരെ തീരുമാനമായിട്ടില്ല. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനര്‍ത്ഥിയായി പ്രഖ്യാപിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും കഴിഞ്ഞ ദിവസം അതും മാറ്റി.
രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാത്തതിലൂടെ കോണ്‍ഗ്രസ് സ്വയം പരാജയം സമ്മതിച്ചെന്നാണ് ബിജെപി പറയുന്നത്. കോണ്‍ഗ്രസിന്റെ പോരാട്ട വീര്യം നഷ്ടപ്പെട്ടു പോയെന്നും രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കേണ്ടെന്ന തീരുമാനം പാര്‍ട്ടിയെ മാനസികമായി ക്ഷയിപ്പിച്ചിരിക്കുകയാണെന്നും ബിജെപി നേതാവ് അരുണ്‍ ജെയ്റ്റിലി പറഞ്ഞു.

സര്‍വേ ഫലങ്ങളെല്ലാം നരേന്ദ്രമോഡിക്ക് അനുകൂലമായി വരുന്നത് കണ്ട് കോണ്‍ഗ്രസ് ആശയറ്റിരിക്കുകയാണെന്നാണ് ഇക്കാര്യത്തില്‍ ബിജെപി വക്താവ് ഷാനവാസ് ഹുസൈന്‍ പ്രതികരിച്ചത്. മോഡി പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുമെന്ന് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞിരിക്കുന്നെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.
കോണ്‍ഗ്രസിന് അധികാരത്തിലെത്താനാവില്ലെന്ന വസ്തുതയെക്കുറിച്ച് ബോധ്യമുണ്ട്. അതുകൊണ്ടാണ് രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കേണ്ടതില്ലെന്ന് അവര്‍ തീരുമാനിച്ചതെന്ന് ബിജെപി നേതാവും മുന്‍ മന്ത്രിയുമായ രവി ശങ്കര്‍ പ്രസാദും പറഞ്ഞു.
കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തലാണ് രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കേണ്ടെന്നും പകരം തിരഞ്ഞെടുപ്പിന്റെ മുഖ്യ ചുമതല അദ്ദേഹത്തിന് നല്‍കാമെന്നും കോണ്‍ഗ്രസ് തീരുമാനിച്ചത്.












Click it and Unblock the Notifications