'ചൈന അതിര്‍ത്തി കൈയ്യേറുമ്പോള്‍ മോദി സര്‍ക്കാര്‍ ചൈനീസ് കമ്പനികളില്‍ നിന്ന് പണം സ്വീകരിച്ചു'
ദില്ലി: അതിര്‍ത്തിയില്‍ ചൈനയുമായി സംഘര്‍ഷ സാഹചര്യം നിലനില്‍ക്കവെ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള വാക് പോര് തുടരുന്നു. ചൈനീസ് കമ്പനികളില്‍ നിന്നും എംബസിയില്‍ നിന്നും രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ പണം സ്വീകരിച്ചുവെന്നാണ് കഴിഞ്ഞ ദിവസം ബിജെപി ആരോപിച്ചത്. കൊറോണയെ നേരിടാന്‍ മോദി സര്‍ക്കാര്‍ തയ്യാറാക്കിയ പിഎം കെയേര്‍സ് ഫണ്ടിലേക്ക് ചൈനീസ് കമ്പനികളില്‍ നിന്ന് സര്‍ക്കാര്‍ പണം സ്വീകരിച്ചുവെന്നാണ് ഇന്ന് കോണ്‍ഗ്രസ് പ്രത്യാക്രമണം നടത്തിയിരിക്കുന്നത്.

എന്തിനാണ് ചൈനീസ് കമ്പനികളില്‍ നിന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ പിഎം കെയേര്‍സ് ഫണ്ടിലേക്ക് പണം സ്വീകരിച്ചതെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിങ്‌വി ചോദിച്ചു. ചൈനീസ് സൈന്യം അതിര്‍ത്തിയില്‍ കൈയ്യേറ്റം നടത്തുന്ന വേളയിലാണ് പണം സ്വീകരിച്ചത്. വിവാദ കമ്പനിയായ ഹുവായില്‍ നിന്ന് ഏഴ് കോടി രൂപ മോദി സ്വീകരിച്ചോ? ഹുവായിക്ക് ചൈനീസ് സൈന്യവുമായി നേരിട്ട് ബന്ധമുണ്ടോ? ടിക് ടോക്കിന്റെ ഉടമസ്ഥരായ ചൈനീസ് കമ്പനി പിഎം കെയേര്‍സ് ഫണ്ടിലേക്ക് 30 കോടി രൂപ നല്‍കിയോ തുടങ്ങിയ ചോദ്യങ്ങളാണ് സിങ്‌വി ഉയര്‍ത്തിയിരിക്കുന്നത്.
ചൈനയുടെ 38 ശതമാനം ഓഹരി പങ്കാളിത്തമുള്ള പേടിഎം 100 കോടിയും ഒപ്പോ ഒരു കോടിയും സിയോമി 15 കോടിയുമാണ് പിഎം കെയേര്‍സ് ഫണ്ടിലേക്ക് നല്‍കിയത്. ഇതെല്ലാം നടന്നത് ചൈനീസ് സൈന്യം ഇന്ത്യന്‍ മണ്ണ് കൈയ്യേറുന്ന മെയ് മാസത്തിലായിരുന്നു. ചൈനീസ് സൈന്യത്തിന്റെ കൈയ്യേറ്റം അറിഞ്ഞിട്ടും പണം സ്വീകരിച്ചു. എന്തുകൊണ്ടാണ് മോദി ചൈനയുടെ പേരെടുത്ത് പറഞ്ഞ് വിമര്‍ശനം ഉന്നയിക്കാത്തത് എന്ന് ചോദിച്ച സിങ്‌വി പിഎം കെയേര്‍സ് ഫണ്ടിന്റെ ആധികാരികതയും ചോദ്യം ചെയ്തു.
ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ ചൈനീസ് ബന്ധം പുലര്‍ത്തുന്നത് ബിജെപിയാണെന്ന് സിങ്‌വി പറഞ്ഞു. നരേന്ദ്ര മോദിയെ പോലെ ചൈനയുമായി ബന്ധം പുലര്‍ത്തിയ മറ്റൊരു പ്രധാനമന്ത്രിക്ക് ഉണ്ടായിട്ടില്ല. ആറ് വര്‍ഷത്തിനിടെ 18 തവണ ചൈനയുമായി മോദി ചര്‍ച്ച നടത്തി. ബിജെപി അധ്യക്ഷന്‍മാരും ചൈനയില്‍ പോയി. രാജ്‌നാഥ് സിങും നിതിന്‍ ഗഡ്കരിയും ചൈന സന്ദര്‍ശിച്ചു. ബിജെപി എംപിമാര്‍ 2014ല്‍ ചൈന സന്ദര്‍ശിച്ചത് അമിത് ഷായുടെ നിര്‍ദേശ പ്രകാരമാണ്. 2009ല്‍ ആര്‍എസ്എസ് പ്രതിനിധികളും ചൈന സന്ദര്‍ശിച്ചുവെന്നും സിങ്‌വി പറഞ്ഞു.












Click it and Unblock the Notifications