അധികാരത്തിന് വേണ്ടിയുള്ളതായിരുന്നു ബിജെപിയുടെ രഥയാത്ര; ഞങ്ങളുടേത് സത്യത്തിനെന്ന് കനയ്യ കുമാര്‍
കന്യാകുമാരി: 1990ല്‍ ബിജെപി നടത്തിയ രഥയാത്ര അധികാരം പിടിക്കാന്‍ വേണ്ടി മാത്രമുള്ളതായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാര്‍. കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്ര നടത്തുന്നത് സത്യത്തിന് വേണ്ടിയാണെന്നും കനയ്യ വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ യാത്രയില്‍ കനയ്യ കുമാറും അംഗമാണ്.
കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള 3570 കിലോമീറ്റര്‍ ദൂരവും യാത്രയില്‍ കനയ്യയുണ്ടാവും. ഇത് രാഷ്ട്രീയം മാത്രം ലക്ഷ്യം വെച്ചുള്ള യാത്രയല്ലെന്നും കനയ്യ പറഞ്ഞു. ഭരണഘടനയില്‍ ആസ്പദമാക്കിയുള്ള രാജ്യത്തിന്റെ ചിന്തയെയാണ് അത് പ്രതിനിധികരിക്കുന്നതെന്നും കനയ്യ കുമാര്‍ പറഞ്ഞു.

എല്‍കെ അദ്വാനിയുടെ നേതൃത്വത്തില്‍ 1990ല്‍ നടത്തിയ രഥയാത്രയില്‍ നിന്ന് എത്രയോ വ്യത്യസ്തമാണ് കോണ്‍ഗ്രസ് നടത്തുന്ന യാത്ര. അദ്വാനിയുടേത് ഒരു രാഷ്ട്രീയ യാത്രയായിരുന്നു. അധികാരത്തിന് വേണ്ടി മാത്രമുള്ളതായിരുന്നു ആ യാത്ര. എന്നാല്‍ സത്യത്തെ ഉയര്‍ത്തി പിടിക്കാനാണ് കോണ്‍ഗ്രസ് യാത്രയെന്ന് കനയ്യ അവകാശപ്പെട്ടു.
അദ്വാനിയുടെ യാത്രയുടെ നെഗറ്റീവ് കാര്യങ്ങളെ കറിച്ച് സംസാരിക്കാന്‍ താല്‍പര്യമില്ല. രാജ്യം അതിന്റെ ദൂഷ്യ വശങ്ങള്‍ എന്തൊക്കെയാണെന്ന് അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ് യാത്രയുടെ പിന്നിലെ പോസിറ്റീവായ കാര്യങ്ങളെ കുറിച്ചാണ് എനിക്ക് ഉയര്‍ത്തി കാണിക്കാനുള്ളത്. ജനങ്ങളുടെ കാഴ്ച്ചപ്പാടുകളെയാണ് അത് പ്രതിനിധീകരിക്കുന്നത്.
ബിജെപിക്ക് ആ യാത്രയിലൂടെ അധികാരം പിടിക്കാന്‍ സാധിച്ചു. എന്നാല്‍ കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര സത്യത്തെ പുനസ്ഥാപിക്കും. ഈ രാജ്യമെന്നത് എല്ലാവര്‍ക്കുമുള്ളതാണെന്നും കനയ്യകുമാര്‍ പറഞ്ഞു. അദ്വാനിയുടെ രഥയാത്ര ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ നിര്‍ണായക സംഭവമായിരുന്നു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുക എന്നതായിരുന്നു ഈ യാത്രയുടെ ലക്ഷ്യം.
പല സംസ്ഥാനങ്ങളിലും ഇതിന് പിന്നാലെ കലാപങ്ങളുണ്ടായിരുന്നു. ബിജെപിയുടെ രാഷ്ട്രീയ മുന്നേറ്റം സാധ്യമായതും ഈ .യാത്രയ്ക്ക് ശേഷമാണ്. ഏതൊരു ഇന്ത്യക്കാരനും കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള കാല്‍നടയാത്രയില്‍ പങ്കെടുക്കാന്‍ സാധിക്കുന്നത് ഭാഗ്യമുള്ള കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ ഭിന്ന സംസ്‌കാരങ്ങളെ പ്രതിനിധീകരിക്കുന്ന യാത്രയായിരിക്കും ഇത്. രാജ്യം വിഭജിക്കപ്പെട്ട് കിടക്കുകയാണെന്ന വിമര്‍ശനം ഇപ്പോഴുണ്ട്. അതിനെ ഒന്നിപ്പിക്കേണ്ടതുണ്ട്. ഭൗമശാസ്ത്രപരമായി രാജ്യം വിഭജിക്കപ്പെട്ടിട്ടില്ല. ചരിത്രപരമായും അത് അങ്ങനെ തന്നെയാണ്.
എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാരിന്റെ നയങ്ങളും താല്‍പര്യങ്ങളും കാണുമ്പോള്‍ പാവപ്പെട്ടവരും പണക്കാരനും തമ്മില്‍ വലിയ അന്തരമുള്ളതായി കാണാം. കോര്‍പ്പറേറ്റുകള്‍ക്ക് നികുതി ഇളവ് നല്‍കുന്നു. തൈരിനും പാലിനും വരെ ജിഎസ്ടി ചുമത്തുന്നു. ഇത് പാവപ്പെട്ടവരെ ബാധിക്കുന്നുവെന്നും കനയ്യ കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications