മോദിയെ എനിക്ക് ഭയമൊന്നുമില്ല, ഇഡിയെ വെച്ച് സമ്മര്‍ദത്തിലാക്കാമെന്ന് കരുതേണ്ട; വിമര്‍ശനവുമായി രാഹുല്‍
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. താന്‍ മോദിയെ ഭയപ്പെടുന്നേയില്ലെന്ന് അദ്ദേഹം പറഞ്ഞു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇഡിയുടെ നടപടിയില്‍ താന്‍ ഭയപ്പെടില്ലെന്നും രാഹുല്‍ പറഞ്ഞു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് മോദിക്കെതിരെ രൂക്ഷ വിമര്‍ശനം രാഹുല്‍ ഉന്നയിക്കുന്നത്.

കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് യങ് ഇന്ത്യന്‍ ഓഫീസ് സീല്‍ ചെയ്തിരുന്നു. രാഹുലിനെയും സോണിയയെയും ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു യങ് ഇന്ത്യയുടെ ഓഫീസ് ഇഡി സീല്‍ ചെയ്തത്.
ദില്ലി പോലീസ് കോണ്‍ഗ്രസ് ആസ്ഥാനം വളഞ്ഞ് ബ്ലോക് ചെയ്തിരുന്നു. രാഹുലിന്റെയും സോണിയയുടെയും വസതികളും ഇതുപോലെ വളഞ്ഞ് ബ്ലോക് ചെയ്തിരുന്നു. ഇതെല്ലാം ഇന്ന് പാര്‍ലമെന്റില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തു. തന്നെ ഭയപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അതുകൊണ്ടൊന്നും ഞങ്ങള്‍ കുലുങ്ങില്ല.
നരേന്ദ്ര മോദിയെ ഞങ്ങള്‍ ഭയപ്പൈടുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. അവര്‍ക്ക് എന്തെല്ലാം വേണോ, അതെല്ലാം അവര്‍ ഒരുപക്ഷേ ചെയ്‌തേക്കും. അതൊന്നും ഒരു വിഷയമേയല്ല. രാജ്യത്തെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഞാന്‍ തുടരും. ജനാധിപത്യത്തെയും സാഹോദര്യത്തെയും രാജ്യത്ത് സംരക്ഷിക്കുകയാണ് തന്റെ പ്രവര്‍ത്തനമെന്നും രാഹുല്‍ പറഞ്ഞു.
സത്യത്തെ ബാരിക്കേഡ് ഉപയോഗിച്ച് തടയാനാവില്ല. നിങ്ങള്‍ക്ക് എന്ത് വേണമെങ്കില്‍ ചെയ്‌തോളൂ. ഞാന്‍ പ്രധാനമന്ത്രിയെ ഭയപ്പെടുന്നില്ല. രാജ്യത്തിന്റെ താല്‍പര്യത്തിന് വേണ്ടി എപ്പോഴും ഞാന്‍ പ്രവര്‍ത്തിക്കും. കേട്ട് മനസ്സിലാക്കി കൊള്ളൂ എന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
കോണ്‍ഗ്രസ് നേതൃത്വത്തിനും പാര്‍ട്ടിക്കും മേല്‍ സമ്മര്‍ദം ചെലുത്തിയാല്‍ അതോടെ ഞങ്ങള്‍ നിശബ്ദരാവുമെന്നാണ് ബിജെപി സര്‍ക്കാര്‍ കരുതുന്നത്. ഞങ്ങള്‍ നിശബ്ദരാവില്ല. മോദിയും അമിത് ഷായും ചെയ്യുന്നതിനെതിരെ ഞങ്ങള്‍ നില കൊള്ളും. അവരെന്ത് ചെയ്താലും ആ നിലപാടില്‍ മാറ്റമില്ലെന്നും രാഹുല്‍ പറഞ്ഞു.
ഞങ്ങള്‍ നിയമത്തില്‍ നിന്ന് ഓടിപോകാന്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ അങ്ങനെ പറഞ്ഞിട്ടും ഇല്ല. അവരാണ് ഞങ്ങള്‍ ഓടിപ്പോകുമെന്ന് പറയുന്നതെന്നും രാഹുല്‍ തുറന്നടിച്ചു. അതേസമയം രാജ്യസഭയിലും ലോക്‌സഭയിലും ഈ വിഷയം ഉന്നയിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ അനുമതി തേടി. എന്നാല്‍ സ്പീക്കര്‍ അനുവദിച്ചില്ല. മല്ലികാര്‍ജുന്‍ ഗാര്‍ഗെയ്ക്കും ഇഡി നോട്ടീസ് ലഭിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മറുപടി പറയണമെന്നും ഗാര്‍ഗെ ആവശ്യപ്പെട്ടു.












Click it and Unblock the Notifications