വോട്ടൊന്നിന് 6000 രൂപ..; ജെപി നദ്ദക്കും ബൊമ്മയ്ക്കുമെതിരെ പരാതി നല്‍കി കോണ്‍ഗ്രസ്
'തെരഞ്ഞെടുപ്പിനായി 30000 കോടി രൂപ സംസ്ഥാനത്ത് ഒഴുക്കാനാണ് ബി ജെ പി പദ്ധതിയിടുന്നത്'

ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കൈക്കൂലി വാഗ്ദാനം ചെയ്തു എന്ന് രോപിച്ച് ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, എം എല്‍ എ രമേഷ് ജാര്‍ക്കിഹോളി എന്നിവര്‍ക്കെതിരെ കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കി. കെ പി സി സി അധ്യക്ഷന്‍ ഡി കെ ശിവകുമാറും നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യയും ആണ് പരാതി നല്‍കിയിരിക്കുന്നത്.
ഈ വര്‍ഷം മെയ് മാസത്തില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു വോട്ടിന് 6000 രൂപ നല്‍കുമെന്ന് ഗോകാക്ക് ബി ജെ പി എം എല്‍ എ രമേശ് ജാര്‍ക്കിഹോളി പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പരാതി. ലൈംഗികാരോപണത്തെ തുടര്‍ന്ന് 2021-ല്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന നേതാവാണ് രമേശ് ജാര്‍ക്കിഹോളി.
ബെലഗാവിയില്‍ അടുത്തിടെ നടന്ന ഒരു റാലിയില്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് എം എല്‍ എ 3000 രൂപ വരെയാണ് നല്‍കുന്നത് എങ്കില്‍ തങ്ങള്‍ 6000 രൂപ നല്‍കും എന്ന് രമേശ് ജര്‍ക്കിഹോളി പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും കോണ്‍ഗ്രസ് പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്.

ഡി കെ ശിവകുമാറും സിദ്ധരാമയ്യയും മറ്റ് പാര്‍ട്ടി നേതാക്കളും ഒപ്പിട്ട പരാതി ഹൈഗ്രൗണ്ട്‌സ് പൊലീസ് സ്റ്റേഷന് കൈമാറിയിട്ടുണ്ട്. ബാസവരാജ ബൊമ്മൈ, ജെ പി നദ്ദ, ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ എന്നിവരുടെ മൗനാനുവാദത്തോടെ ബി ജെ പിയിലെ ഉന്നതതലങ്ങളില്‍ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണിതെന്ന് കോണ്‍ഗ്രസ് പറഞ്ഞു.
ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യാനുള്ള നഗ്‌നവും ധിക്കാരപരവുമായ ശ്രമമാണിത് എന്നും ഇവരെ മാതൃകാപരമായി ശിക്ഷിക്കണം എന്നുമാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. കര്‍ണാടകയില്‍ അഞ്ച് കോടിയോളം വോട്ടര്‍മാരുണ്ടെന്നും ഇങ്ങനെയെങ്കില്‍ തെരഞ്ഞെടുപ്പ് വിജയത്തിനായി 30,000 കോടി രൂപ സംസ്ഥാനത്തെ ബി ജെ പി വിതരണം ചെയ്ത് വോട്ടര്‍മാരെ സ്വാധീനിക്കുമെന്നും കോണ്‍ഗ്രസ് പറഞ്ഞു.
വിഷയത്തില്‍ ആദായ നികുതി വകുപ്പും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തണം എന്നും ബി ജെ പിയുടെ കേന്ദ്ര-സംസ്ഥാന നേതാക്കള്‍, കര്‍ണാടക മുഖ്യമന്ത്രി, മന്ത്രിമാര്‍, ജാര്‍ക്കിഹോളി എന്നിവര്‍ക്കെതിരെ നടപടിയെടുക്കണം എന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications