പ്രിയങ്കയ്ക്കൊപ്പം സൽമാൻ ഖുർഷിദും..യുപി പിടിക്കാൻ പതിനെട്ടടവും പയറ്റി കോൺഗ്രസ്..പുതിയ കമ്മിറ്റി
ദില്ലി; രാജ്യം ഉറ്റുനോക്കുന്ന യുപി നിയമസഭ തിരഞ്ഞെടുപ്പിന് ഇനി വെറും മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.ഭരണം നിലനിർത്താൻ കൊണ്ടുപിടിച്ചുള്ള നീക്കത്തിലാണ് ബിജെപി. മറുവശത്ത് ബിജെപിയെ താഴെയിറക്കാനുള്ള സകല തന്ത്രങ്ങളും പ്രതിപക്ഷവും അണിയിറിയിൽ ഒരുക്കുന്നുണ്ട്.
സംസ്ഥാനത്ത് നഷ്ടപ്രതാപം തിരിച്ച് പിടിക്കുകയെന്ന ലക്ഷ്യത്തോടെ പോരാട്ടം കടുപ്പിക്കാനൊരുങ്ങുകയാണ് കോൺഗ്രസും. തിരഞ്ഞെടുപ്പിനായി പ്രത്യേക സമിതിയെ തന്നെ നേതൃത്വം രൂപീകരിച്ചിട്ടുണ്ട്.

കോൺഗ്രസിനേയും പ്രിയങ്കയേയും സംബന്ധിച്ച് യുപിയിൽ ഇത്തവണ അഭിമാന പോരാട്ടമാണ്. ഒരിക്കൽ സംസ്ഥാനം ഭരിച്ച പാർട്ടിക്ക് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ലഭിച്ചത് വെറും ഏഴ് സീറ്റുകളായിരുന്നു. അതേസമയം ഇത്തവണ അധികാരം നേടാൻ സാധിച്ചില്ലേങ്കിലും കൂടുതൽ സീറ്റുകൾ നേടാനാകുമെന്നാണ് കോൺഗ്രസ് നേതൃത്വം അവകാശപ്പെടുന്നത്.

ഇതിനോടകം തന്നെ നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കോൺഗ്രസ് കടന്ന് കഴിഞ്ഞു. തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് സംഘടന തലത്തിൽ പുതിയ നിയമനങ്ങൾ പ്രിയങ്ക നടത്തിയിരുന്നു. പുതിയ ബൂത്ത്,ബ്ലോക്ക് കമ്മിറ്റികളും കോൺഗ്രസ് സംസ്ഥാനത്ത് രൂപീകരിച്ചിട്ടുണ്ട്. ബിജെപിയോട് എല്ലാ രീതിയിലും കടപിടിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തകർക്ക് പ്രത്യേകം പരിശീലനം നൽകാനുള്ള പദ്ധതികളും കോൺഗ്രസ് അണിയറയിൽ തയ്യാറാക്കുന്നുണട്.

70,000ത്തോളം വരുന്ന നേതാക്കൾക്കാണ് പരിശിലീനം നൽകുക.ഇതിനായി 675 ക്യാമ്പുകൾ ഒരുക്കും.ഇക്കഴിഞ്ഞ ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ ബിജെപി പരാജയം രുചിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായിരുന്ന ഗൊരാഖ്പൂർ, കുംഭമേളയുടെ വേദിയായ അലഹബാദ്, സുൽത്താൻപൂർ, ലക്നൗ, കാൺപൂർ, ബറേലി, മഥുര, ഗാസിയാബാദ് എന്നിങ്ങനെ എട്ട് സോണുകളാക്കി തിരിച്ചാണ്
പ്രവർത്തകർ പരിശീലനം നൽകുക.

നിലവിൽ ബിജെപിയോട് കടപിടിക്കാൻ കഴിയുന്ന തരത്തിൽ സോഷ്യൽ മീഡിയ വഴിയുള്ള ഇടപെടലുകൾ ശക്തമാക്കാനായി പ്രത്യേക കമ്മിറ്റികൾ കോൺഗ്രസ് രൂപീകരിച്ചിട്ടുണ്ട്. ന്യായ് പഞ്ചായത്ത് തലങ്ങളിലും സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ സജീവമാക്കുകയാണ് ലക്ഷ്യം.ഇതിനെല്ലാം പുറമെ തിരഞ്ഞെടുപ്പിനായി മുൻ മന്ത്രിയും മുതിർന്ന നേതാക്കളേയും ഉൾപ്പെടുത്തിയുള്ള പുതിയ സമിതിയും കോൺഗ്രസ് രൂപീകരിച്ചിട്ടുണ്ട്. കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാലാണ് ഇത് സംബന്ധിച്ച് വ്യക്തമാക്കിയത്.

സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അജയ് കുമാർ ലല്ലു, മുൻ മന്ത്രിമാരായ സൽമാൻ ഖുർഷിദ്, രാജീവ് ശുക്ല, ആർപി സിംഗ് എന്നിവരുൾപ്പെട്ടതാണ് സമിതി. മുൻ എംപിമാരായ രാജേഷ് മിശ്ര, രാജാറാം പാൽ, രാകേഷ് സച്ചൻ, ബീഗം നൂർ ബാനോ, സഫർ അലി നഖ്‌വി തുടങ്ങിയ പ്രമുഖരേയും സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.പാനലിലിലെ 38 അംഗങ്ങൾക്ക് പുറമെ, ഉത്തർപ്രദേശിൽ നിന്നുള്ള ദേശീയ നേതാക്കൾ, മുൻ സംഘടനകളുടെ സംസ്ഥാന മേധാവികൾ, വൈസ് പ്രസിഡന്റുമാർ, യുപിസിസിയുടെ ജനറൽ സെക്രട്ടറിമാർ എന്നിവരും സമിതിയുടെ അനൗദ്യോകിക അംഗങ്ങളായിരിക്കും.

തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുകയും സമിതിയുടെ ചുമതല. അതേസമയം ഇതിനോടകം തന്നെ സ്ഥാനാർത്ഥികൾ ഉൾപ്പെടെയുള്ള കാര്യത്തിൽ അന്തിമ തിരുമാനം പാർട്ടി കൈക്കൊണ്ടിട്ടുണ്ടെന്നാണ് സൂചന. 160 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ കണ്ടെത്തിയിട്ടുണഅടെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ പാർട്ടിയെ ആര് നയിക്കും എന്ന ചോദ്യമാണ് ഇപ്പോഴും ഉയരുന്നത്.
Recommended Video

പ്രിയങ്ക ഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിനെ നേരിടണമെന്നതാണ് പാർട്ടി നേതാക്കളുടെ ആവശ്യം. പാർട്ടിക്ക് ഉയർത്തിക്കാണിക്കാൻ മറ്റൊരു നേതാവില്ലെന്നിരിക്കെ പ്രിയങ്ക മുന്നിൽ നിന്ന് നയിക്കുന്നത് ഗുണകരമാകുമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ കോൺഗ്രസിന്റെ സാധ്യതകൾ ഇപ്പോഴും മങ്ങി നിൽക്കുന്നൊരു സാഹചര്യത്തിൽ പ്രിയങ്കയെ മുഖ്യമന്ത്രിയാക്കി രാഷ്ട്രീയ അബദ്ധം കാണിക്കാൻ ദേശീയ നേതൃത്വം തയ്യാറായേക്കില്ലെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications