സ്വന്തം സ്ഥാനാർത്ഥികളിൽ കോൺഗ്രസിന് വിശ്വാസമില്ല; ഫോൺ ചോർത്തൽ ആരോപണത്തിൽ കോൺഗ്രസിനെതിരെ ബിജെപി
ദില്ലി; ഫോൺ ചോർത്തൽ ആരോപണത്തിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ദ്. ആരോപണം ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള കോൺഗ്രസ് ശ്രമം ആണെന്നും സ്വന്തം സ്ഥാനാർത്ഥികളിൽ കോൺഗ്രസിന് വിശ്വാസമില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കോൺഗ്രസിന് അവരുടെ സ്ഥാനാർത്ഥികളിൽ യാതൊരു വിശ്വാസവുമില്ലെന്ന് തോന്നുന്നു. അതുകൊണ്ടാണ് ജനശ്രദ്ധ തിരിച്ചുവിടാനുള്ള നാടകം അവർ കളിക്കുന്നത്. നിസ്സാരമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിനുപകരം, ഗോവ കോൺഗ്രസ് അധ്യക്ഷൻ സ്വന്തം സ്ഥാനാർത്ഥികൾ കൈവിട്ട് പോകാതിരിക്കാൻ ശ്രദ്ധ കേന്ദ്രീകരിക്കൂ, സാവന്ദ് ട്വീറ്റ് ചെയ്തു. ഇത്തവണയും ഗോവയിൽ ബി ജെ പി തന്നെ ജയിക്കുമെന്നും അദ്ദേഹം ആവർത്തിച്ചു.

ബി ജെ പി അധികാര ദുർവിനിയോഗം നടത്തുകയാണെന്നും നേതാക്കളുടെ ഫോണുകൾ അനധികൃതമായി ചോർത്തുകയാണെന്നും കോൺഗ്രസ് നേരത്തേ ആരോപിച്ചിരു്നനു. കോൺഗ്രസിലെയും മറ്റ് പാർട്ടികളിലെയും നേതാക്കൾ ഉൾപ്പെടെ എല്ലാ പ്രതിപക്ഷ നേതാക്കളുടെയും ഫോണുകൾ അനധികൃതമായി ചോർത്തുന്നതായി തങ്ങൾക്ക് സ്ഥിരീകരണം ലഭിച്ചുവെന്നായിരുന്നു കോൺഗ്രസ് ആരോപണം. ഫോൺ ചോർത്തലിൽ ചില ഗോവ പോലീസ് ഉദ്യോഗസ്ഥർക്ക് പങ്കുള്ളതായും കോൺഗ്രസ് പറഞ്ഞിരുന്നു.
ഈ നടപടികൾ അവസാനിപ്പിക്കണമെന്നാണ് ബി ജെ പി നേതാക്കളോടും ഉദ്യോഗസ്ഥരോടും സംസ്ഥാന സർക്കാരിനോടും ഞങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ ഉള്ളത്. സ്വകാര്യതയ്ക്കുള്ള അവകാശം ഞങ്ങളുടെ മൗലികാവകാശമാണ്, ഞങ്ങൾ ആരോടാണ് സംസാരിക്കുന്നതെന്നും എന്താണ് പറയുന്നതെന്നും പരിശോധിക്കാൻ സർക്കാരിന് യാതൊരു അധികാരവും ഇല്ലെന്നും കോൺഗ്രസ് പറഞ്ഞു.
നിയമസഭ തിരഞ്ഞെടുപ്പിൽ പരാജയം ഉറപ്പിച്ചതോടെയാണ് ബി ജെ പി ഫോൺ ടാപ്പിംഗ് നടത്തുന്നത്. നിയമവിരുദ്ധമായി അധികാരത്തിലെത്താനുള്ള വഴി കണ്ടെത്താൻ കോൺഗ്രസ് നേതാക്കളുടെ ഫോൺ ചോർത്താൻ ഒരു ഏജൻസിയെ നിയോഗിച്ചിരിക്കുകയാണ് ബി ജെ പി.
ഫോൺ ചോർത്തൽ നിയമ വിധേയമായിട്ടാണോ അതോ നിയമവിരുദ്ധമായിട്ടാണോ എന്നത് സർക്കാർ ഇപ്പോൾ വിശദീകരിക്കണം. ഇതിൽ ഉൾപ്പെട്ടവരെ ഞങ്ങൾ വെറുതെ വിടില്ല, കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഗോവ കോൺഗ്രസ് അധ്യക്ഷൻ ഗിരീഷ് ചോണ്ഡ്കർ പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് ഇത്തവണ കോൺഗ്രസ് തന്നെ അധികാരത്തിലേറുമെന്നും ചോഡൻകർ പറഞ്ഞു, ഇത്തവണ 40 അംഗ നിയമസഭയിൽ 22 സീറ്റുകൾ വരെ കോൺഗ്രസ്- ജി എഫ് പി സഖ്യം നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു. 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 40 അംഗ നിയമസഭയിൽ 17 സീറ്റുകൾ നേടിയിട്ടും കോൺഗ്രസിന് അധികാരം നേടാൻ സാധിച്ചിരുന്നില്ല. ബി ജെ പിക്ക് അന്ന് ലഭിച്ചത് 13 സീറ്റുകളായിരുന്നു. തുടർന്ന് പ്രാദേശിക കക്ഷികളായ ഗോവ ഫോർവേഡ് പാർട്ടിയുമായും മഹാരാഷ്ട്രവാദി ഗോമന്ത് പാർട്ടിയുമായും ബി ജെ പി സഖ്യത്തിലെത്തുകയും കോൺഗ്രസിനെ അധികാരത്തിലേറുന്നത് തടയുകയും ചെയ്തു.
ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമാണ് സംസ്ഥാനത്ത് നടന്നത്. കഴിഞ്ഞ തവണ ബി ജെ പിക്കൊപ്പം ഉണ്ടായിരുന്ന പ്രാദേശിക പാർട്ടികളായ ജി എഫ് പിയും എം ജി പിയും ഇത്തവണ അവർക്കൊപ്പമില്ല. ജി എഫ് പി കോൺഗ്രസിനൊപ്പവും എം ജി പി തൃണമൂൽ കോൺഗ്രസിനൊപ്പവുമാണ് മത്സരിച്ചത്.
എന്നിരുന്നാലും പ്രതീക്ഷ ഉയർന്ന നിലയിലാണ് ബി ജെ പി ക്യാമ്പ്. ഗോവയിൽ തൃണമൂൽ കോൺഗ്രസിന്റേയും ആം ആദ്മിയുടേയും വരവ് ഇത്തവണ തങ്ങളെ തുണയ്ക്കുമെന്ന് ബി ജെ പി കരുതുന്നു. ഇരു പാർട്ടികളും ബി ജെ പി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കുമെന്നാണ് ബി ജെ പിയുടെ കണക്ക് കൂട്ടൽ.
'അനുശ്രീ മുത്താണ്'......പേൾ അഴകിൽ നടിയുടെ എലഗന്റ് ഫോട്ടോസ്.. വൈറൽ
അതേസമയം ശക്തരായ നേതാക്കളുടേത് ഉൾപ്പെടെയുള്ള കൊഴിഞ്ഞ് പോക്ക് ബി ജെ പിക്ക് തിരിച്ചടിയാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. മുൻ മുഖ്യമന്ത്രി കൂടിയായ ലക്ഷ്മികാന്ത് പർസേക്കർ, മൈക്കൽ ലോബോ, മനോഹർ പരീഖറിന്റെ മകൻ ഉത്പൽ പരീക്കർ തുടങ്ങിയ പ്രമുഖരാണ് ബി ജെ പി ക്യാമ്പ് വിട്ട പ്രമുഖർ.












Click it and Unblock the Notifications