പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്; മായാവതിയ്ക്ക് മറുപടിയുമായി ഖാര്‍ഗെ
ന്യൂദല്‍ഹി: ബി ജെ പിയെ നേരിടാന്‍ പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് പാര്‍ട്ടിയുടെ രാജ്യസഭാ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. യു പി തെരഞ്ഞെടുപ്പില്‍ ബി എസ് പി അധ്യക്ഷ മായാവതിയ്ക്ക് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നു എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. എന്നാല്‍ ഇത് തള്ളി മായാവതി രംഗത്തെത്തിയിരുന്നു. രാജീവ് ഗാന്ധി ബി എസ് പിയെ പലപ്പോഴും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതാണെന്നും അതുപോലെ മകന്‍ രാഹുല്‍ ഗാന്ധിയും തന്റെ പാര്‍ട്ടിയെ മോശക്കാരാക്കാന്‍ നോക്കുകയാണെന്നും ആയിരുന്നു മായാവതി പറഞ്ഞത്.
ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം വ്യക്തമാക്കി മല്ലികാര്‍ജുന്‍ ഖാര്‍ഗെ രംഗത്തെത്തിയത്. യുപി തെരഞ്ഞെടുപ്പില്‍ ബി ജെ പിക്കെതിരെ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ശക്തമായി പോരാടയെന്നും അദ്ദേഹം അവകാശപ്പെട്ടു.അധസ്ഥിതരോടുള്ള ബി ജെ പിയുടെ അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിച്ചു. അതിനാല്‍ കോണ്‍ഗ്രസിനൊപ്പം വന്ന് ബി ജെ പിക്കെതിരായ പോരാട്ടം നയിക്കാന്‍ മായാവതിയോട് കോണ്‍ഗ്രസ് പറഞ്ഞു എന്നായിരുന്നു ബി എസ് പി സഖ്യത്തെക്കുറിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞത്.

ഉത്തര്‍പ്രദേശിലെ ബി ജെ പിയുടെ ഭരണത്തെ വിമര്‍ശിച്ച അദ്ദേഹം, വര്‍ധിച്ചു വരുന്ന തൊഴിലില്ലായ്മ കാരണം സംസ്ഥാനത്തെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണെന്നും ആര്‍ എസ് എസ് ഭരണഘടനാ സ്ഥാപനങ്ങള്‍ കൈവശപ്പെടുത്തുകയാണെന്നും പറഞ്ഞു. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിച്ച് ബിജെപിക്കെതിരെ പോരാടണം. ബി ജെ പി പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ത്ത് അധികാരം നേടുകയാണെന്ന് ആരോപിച്ച മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാജ്യത്ത് ഒരു പാര്‍ട്ടി മാത്രം നിലനില്‍ക്കാനാണ് ഭാരതീയ ജനതാ പാര്‍ട്ടി ശ്രമിക്കുന്നതെന്നും തോല്‍ക്കുന്ന സംസ്ഥാനങ്ങളില്‍ നേതാക്കളെ തകര്‍ത്ത് സര്‍ക്കാര്‍ രൂപീകരിക്കുകയാണെന്നും പറഞ്ഞു.

അവര്‍ക്ക് രാജ്യത്ത് ഒരു പാര്‍ട്ടി ഒരു ഭരണം വേണമെന്നും അതിനാല്‍ നമ്മള്‍ ഒരുമിച്ച് നിന്ന് ബി ജെ പിക്കെതിരെ പോരാടണം എന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. നേരത്തെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങള്‍ക്കുള്ള മറുപടിയാണ് മായാവതി നല്‍കിയത്. കോണ്‍ഗ്രസ് ഒരിക്കലും ദളിതര്‍ക്കൊപ്പം നിന്നിട്ടില്ലെന്ന് മായാവതി പറഞ്ഞു. സഖ്യത്തിന് മായാവതി വഴങ്ങിയില്ലെന്ന രാഹുലിന്റെ പരാമര്‍ശമാണ് മായാവതിയെ ചൊടിപ്പിച്ചത്. ഈ പറഞ്ഞതെല്ലാം നുണയാണെന്ന് മായാവതി പറഞ്ഞു.

രാഹുല്‍ ഗാന്ധി തന്നെ ജാതി മനോഭാവമുള്ളയാളാണെന്നും അങ്ങനെയൊരാളാണ് തന്നെ കുറ്റപ്പെടുത്തുന്നത് എന്നുമായിരുന്നു മായാവതി പറഞ്ഞത്. രാഹുല്‍ ഗാന്ധി നുണയാണ് പറയുന്നത്. കോണ്‍ഗ്രസില്‍ നിന്ന് തനിക്ക് ഓഫറുകളൊന്നും വന്നിട്ടില്ലെന്ന് മായാവതി പറഞ്ഞു. രാഹുല്‍ ഗാന്ധി ആദ്യം സ്വന്തം പാര്‍ട്ടിയെ നിലയ്ക്ക് നിര്‍ത്തട്ടെ എന്നും അവിടെ പ്രശ്നങ്ങളോട് പ്രശ്നങ്ങളാണ് അതിന് ശേഷം മാത്രം ബാക്കിയുള്ളവരുടെ കാര്യം സംസാരിക്കാമെന്നും മായാവതി പറഞ്ഞിരുന്നു.

കഴിഞ്ഞ മാസം പുറത്തുവന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ 403 ല്‍ രണ്ട് സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ബി എസ് പിക്ക് ഒരു സീറ്റും 13 ശതമാനം വോട്ടും മാത്രമാണ് ലഭിച്ചത്. ബി ജെ പി അധികാരം നിലനിര്‍ത്തിയ ഉത്തര്‍പ്രദേശില്‍ 2.5 ശതമാനത്തില്‍ താഴെ വോട്ട് വിഹിതം മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചിരുന്നത്. 97 ശതമാനം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കും സെക്യൂരിറ്റി ഡെപ്പോസിറ്റ് നഷ്ടപ്പെട്ടിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ ബി ജെ പി - എസ് പി പോരാട്ടമായി യു പി തെരഞ്ഞെടുപ്പ് മാറുകയായിരുന്നു.












Click it and Unblock the Notifications