മിലിന്ദ് ദേവ്‌റ കോൺഗ്രസ് വിട്ടു; ഏക്‌നാഥ് ഷിന്‍ഡെയുടെ ശിവസേനക്കൊപ്പം ചേർന്നേക്കുമെന്ന് സൂചന
ഡൽഹി: കോൺഗ്രസ് നേതാവ് മിലിന്ദ് ദേവ്‌റ രാജിവെച്ചു. എക്സിലൂടെയാണ് 55 വർഷം നീണ്ട കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്ന് മിലിന്ദ് വ്യക്തമാക്കിയത്. ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് തർക്കമാണ് രാജിയിൽ കലാശിച്ചതെന്നാണ് വിവരം.
'എന്റെ രാഷ്ട്രീയ യാത്രയിലെ സുപ്രധാനമായ ഒരു അധ്യായത്തിന് ഇന്ന് സമാപനമായിരിക്കുകയാണ്. പാർട്ടിയുമായുള്ള എന്റെ കുടുംബത്തിന്റെ 55 വർഷം നീണ്ട ബന്ധം അവസാനിപ്പിച്ച് കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഞാൻ രാജിവെച്ചു. വർഷങ്ങളായി അവർ നൽകിയ അചഞ്ചലമായ പിന്തുണയ്ക്ക് എല്ലാ നേതാക്കളോടും സഹപ്രവർത്തകരോടും കാര്യകർത്താക്കളോടും ഞാൻ നന്ദിയുള്ളവനാണ്', എന്നാണ് മിലിന്ദ് എക്സിൽ കുറിച്ചത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന മുരളി ദിയോറയുടെ മകനാണ് മിലിന്ദ്. മുരളിയുടെ മരണശേഷം അദ്ദേഹത്തിന്റെ മണ്ഡലമായ മുംബൈ സൗത്ത് ലോക്‌സഭ മണ്ഡലത്തിൽ നിന്നായിരുന്നു മിലിന്ദ് മത്സരിച്ചിരുന്നത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും അദ്ദേഹം ഇവിടെ നിന്ന് പരാജയം രുചിച്ചു. ശിവസേനയുടെ അരവിന്ജ് സാവന്താണ് ഇവിടെ വിജയിച്ചിരുന്നു. സാവന്ത് നിലവിൽ ഉദ്ധവ് താക്കറെ പക്ഷത്തണ്.
കോണ്‍ഗ്രസ് സഖ്യകക്ഷികൂടിയായ ഉദ്ദവ് താക്കറേ പക്ഷം ഇതേ സീറ്റിനായി ഇത്തവണയും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഇതിൽ മിലിന്ദ് കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. തുടർന്നാണ് മിലിന്ദ് ഇടഞ്ഞത്.പിന്നാലെ സഖ്യകക്ഷി ഇനിയും ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുകയാണെങ്കില്‍ തന്റെ പാര്‍ട്ടിയും ഓരോ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് മിലിന്ദ് വീഡിയോയിലൂടെ പ്രതികരിച്ചിരുന്നു.
ഇതോടെ അദ്ദേഹം പാർട്ടി വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമായി. എന്നാൽ താൻ അനുയായികളുമായി ചർച്ച നടത്തുകയാണെന്നും പാർട്ടി വിടാൻ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. എന്നാൽ ഇന്ന് രാവിലെയോടെ രാജിക്കാര്യം പ്രഖ്യാപിക്കുതയായിരുന്നു.
പാർട്ടി വിട്ട മിലിന്ദ് ഏക്‌നാഥ് ഷിന്‍ഡെയുടെ ശിവസേനയില്‍ ചേര്‍ന്നേക്കുമെന്നാണ് അഭ്യൂഹങ്ങൾ. എന്നാൽ ഷിൻഡെയ്ക്കൊപ്പം ചേർന്നാലും അദ്ദേഹത്തിന് മുംബൈ സൗത്തിൽ നിന്നും മത്സരിക്കാൻ സാധിച്ചേക്കില്ലെന്നാണ് വിവരം. എൻ ഡി എയിൽ ബി ജെ പിയായിരിക്കും ഇവിടെ നിന്ന് മത്സരിച്ചേക്കുക. നിലവിലെ മഹാരാഷ്ട്ര സ്പീക്കർ രാഹുൽ നവാർക്കറിന്റെ പേരാണ് മണ്ഡലത്തിൽ നിന്നും ബി ജെ പി പരിഗണിക്കുന്നത്. ഈ സാഹചര്യത്തിൽ മിലിന്ദിന് ലോക്സഭ സീറ്റിന് പകരം രാജ്യസഭ സീറ്റ് നൽകിയേക്കുമെന്നാണ് സൂചന.












Click it and Unblock the Notifications