ശശി തരൂര്‍ രാഹുല്‍ ഗാന്ധിക്ക് തൊട്ടുതാഴെ!! സുപ്രധാന പദവി നല്‍കിയേക്കും, ചര്‍ച്ച സജീവം
ന്യൂഡല്‍ഹി: ശശി തരൂര്‍ എംപിയെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ് പുതിയ പദ്ധതി തയ്യാറാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പാര്‍ലമെന്റില്‍ സുപ്രധാന പദവി അദ്ദേഹത്തിന് നല്‍കിയേക്കും. രാഹുല്‍ ഗാന്ധിക്ക് തൊട്ടുതാഴെയുള്ള പദവിയാണ് ആലോചനയിലുള്ളതത്രെ. ഇക്കാര്യത്തില്‍ ഇന്ന് ഏകദേശ ധാരണയാകും. അസമില്‍ കോണ്‍ഗ്രസിനെ ആര് നയിക്കണം എന്ന തീരുമാനം വരുന്നതോടെയാണ് ഇതില്‍ വ്യക്തത വരിക.
തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിന്റെ ആദ്യ പടിയായി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഓരോ സംസ്ഥാനത്തെയും നേതാക്കളെ കോണ്‍ഗ്രസ് ഹൈക്കമാന്റ് ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ഇന്ന് അസമിലെ കോണ്‍ഗ്രസ് നേതാക്കളുമായിട്ടാണ് ചര്‍ച്ച. വെള്ളിയാഴ്ചയാണ് കേരളത്തിലെ നേതാക്കളെ ഹൈക്കമാന്റ് ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ശശി തരൂരിന്റെ പുതിയ പദവിയും വാര്‍ത്തകളില്‍ നിറയുന്നത്.

ലോക്‌സഭയില്‍ പ്രതിപക്ഷ ഉപനേതാവ് പദവി ശശി തരൂരിന് നല്‍കുന്ന കാര്യമാണ് ഹൈക്കമാന്റ് ചര്‍ച്ച ചെയ്യുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയാണ്. ഇതിന് തൊട്ടുതാഴെ വരുന്ന പദവിയാണ് പ്രതിപക്ഷ ഉപനേതാവ്. ഉയര്‍ന്ന പദവി ലഭിക്കുന്നതോടെ ശശി തരൂര്‍ പാര്‍ട്ടിയില്‍ കൂടുതല്‍ സജീവമാകുമെന്ന് അഭിപ്രായമുള്ള നേതാക്കളുമുണ്ട്.
നിലവില്‍ പ്രതിപക്ഷ ഉപനേതാവ് അസമില്‍ നിന്നുള്ള ഗൗരവ് ഗൊഗോയ് ആണ്. ഇദ്ദേഹത്തെ അസമിന്റെ പിസിസി അധ്യക്ഷനാക്കണം എന്ന് ആ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇന്ന് അസമിലെ നേതാക്കളുമായി ഹൈക്കമാന്റ് നടത്തുന്ന ചര്‍ച്ചയില്‍ അന്തിമ തീരുമാനമാകും. ഗൊഗോയ് പിസിസി അധ്യക്ഷനായാല്‍ ലോക്‌സഭാ പ്രതിപക്ഷ ഉപനേതാവ് പദവി ഒഴിയും.
അടുത്ത വര്‍ഷമാണ് അസമില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ബിജെപിയുടെ ഹിമന്ത ബിശ്വ ശര്‍മയാണ് അസം മുഖ്യമന്ത്രി. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അസമില്‍ ബിജെപി ശക്തമാണ്. ഒരു കാലത്ത് കോണ്‍ഗ്രസ് തുടര്‍ച്ചയായി ഭരിച്ചിരുന്ന അസമില്‍ ബിജെപി ഭരണം തുടങ്ങിയിട്ട് ഏറെ കാലമായി. ഗൗരവ് ഗൊഗോയിയെ പോലുള്ള ശക്തനായ നേതാവിനെ തിരിച്ചുകൊണ്ടുവന്ന് ഹിമന്ത ബിശ്വ ശര്‍മക്കെതിരെ പടയൊരുക്കണം എന്നാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം.
സുപ്രധാന പദവി ലഭിച്ചാല്‍ കൂടുതല്‍ തിളക്കമാര്‍ന്ന പ്രവര്‍ത്തനം നടത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ശശി തരൂര്‍. എന്നാല്‍ സംഘടനാ രംഗത്ത് ശശി തരൂരിന് കോണ്‍ഗ്രസ് ഇതുവരെ പ്രധാന പദവി നല്‍കിയിട്ടില്ല. കഴിഞ്ഞ നാല് തവണയും തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട തരൂര്‍ അടുത്തിടെ ഇടതുപക്ഷത്തെയും നരേന്ദ്ര മോദി സര്‍ക്കാരിനെയും പുകഴ്ത്തി സംസാരിച്ചത് വിവാദമായിരുന്നു.
ശശി തരൂര്‍ കോണ്‍ഗ്രസിന് എതിരായ നിലപാട് എടുക്കുമെന്ന് ഒരിക്കലും കരുതുന്നില്ല എന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ചില വിഷയങ്ങള്‍ ആണ് ശശി തരൂര്‍ ഉയര്‍ത്തിയതെന്നും അതിന്റെ പേരില്‍ അദ്ദേഹവുമായി വഴക്കടിക്കാന്‍ തങ്ങളാരും പോയിട്ടില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. യുഡിഎഫ് യോഗത്തിന് എത്തിയപ്പോഴാണ് ഇരുനേതാക്കളും പ്രതികരിച്ചത്.












Click it and Unblock the Notifications