കോണ്‍ഗ്രസ് 2019ല്‍ തിരിച്ചുവരും.... 1989ലെയും 2004ലെയും ചരിത്രം വീണ്ടും ആവര്‍ത്തിക്കും
ദില്ലി: 2019 തിരഞ്ഞെടുപ്പ് അടുത്ത വരവേ ഏറ്റവും ഉയര്‍ന്ന് കേള്‍ക്കുന്ന ചോദ്യമാണ് കോണ്‍ഗ്രസിന്റെ തിരിച്ചുവരവ്. വെറും 44 സീറ്റ് മാത്രമുള്ള പാര്‍ട്ടി എങ്ങനെയാണ് തിരിച്ചുവരിക എന്നത് ഇപ്പോഴും അദ്ഭുതമാണ്. എന്നാല്‍ എപ്പോഴും തിരിച്ചുവന്നിട്ടുള്ള ചരിത്രമാണ് കോണ്‍ഗ്രസിനുള്ളത്. ഇത്രയും ശക്തനായ നേതാവിനെ കോണ്‍ഗ്രസ് ഇതുവരെ നേരിട്ടിട്ടില്ല എന്ന വാദങ്ങള്‍ നിലനില്‍ക്കുന്നതല്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അതുകൊണ്ട് തന്നെ കോണ്‍ഗ്രസിനുള്ള സാധ്യതകള്‍ വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്.
രണ്ട് തവണ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞ ശേഷം തിരിച്ച് വന്നിട്ടുണ്ട്. 1977, 1989, 1996 വര്‍ഷങ്ങളിലായിരുന്നു അത്. ഇതില്‍ 1996ലാണ് തകര്‍ന്നടിഞ്ഞിട്ടും കോണ്‍ഗ്രസിന്റെ വരവ് ദുഷ്‌കരമായത്. അത് സഖ്യങ്ങളെ ഒപ്പം കൂട്ടുന്നതില്‍ പരാജയപ്പെട്ടത് കൊണ്ടായിരുന്നു. എന്നാല്‍ മുമ്പ് തിരിച്ചുവന്ന സന്ദര്‍ഭങ്ങളും ഇത്തവണത്തെ സാഹചര്യങ്ങളും തമ്മില്‍ സാമ്യങ്ങളുണ്ട്. 2014 ബിജെപിയുടെ കുതിപ്പിന് സമാനമായി ദേശീയ തലത്തില്‍ ഉയര്‍ന്ന് വന്നവരായിരുന്നു കോണ്‍ഗ്രസിനെ വീഴ്ത്തിയത്. എന്നാല്‍ ഇവരെ തിരിച്ചുവീഴ്ത്താന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു.

ചരിത്രം ഇങ്ങനെ
1977ലും 1989ലും വമ്പന്‍ തിരിച്ചടിയാണ് കോണ്‍ഗ്രസ് നേരിട്ടത്. പക്ഷേ 88ല്‍ അവര്‍ക്ക് 39.5 ശതമാനം വോട്ട് ലഭിച്ചിരുന്നു. 77ല്‍ ഇത് 34.5 ശതമാനമായിരുന്നു. അതോടൊപ്പം ഒരു കോണ്‍ഗ്രസ് ഇതര സര്‍ക്കാരും അഞ്ച് വര്‍ഷകാലം കേന്ദ്രത്തില്‍ ഭരിച്ചിട്ടില്ല. അതുകൊണ്ട് ചരിത്രവും കണക്കുകളും ബിജെപിക്കെതിരാണ്. 2004ന് സമാന അവസ്ഥയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നാണ് വ്യക്തമാകുന്നത്.

2004ലെ അപ്രതീക്ഷിത ജയം
അടല്‍ ബിഹാരി വാജ്‌പേയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മികച്ച ഭരണമാണ് കാഴ്ച്ചവെച്ചതെന്നായിരുന്നു 2004ല്‍ രാഷ്ട്രീയ നിരീക്ഷകര്‍ പ്രവചിച്ചിരുന്നത്. കോണ്‍ഗ്രസിന് ഒരുസാധ്യതയും കല്‍പ്പിച്ചിരുന്നില്ല. വാജ്‌പേയ് വീണ്ടും അധികാരത്തിലെത്തുമെന്നും പ്രവചിച്ചിരുന്നു. 145 സീറ്റുകള്‍ നേടിയാണ് അന്ന് കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കിയത്. അതിന് മുമ്പ് വെറും 114 സീറ്റിലൊതുങ്ങിയ കോണ്‍ഗ്രസിന്റെ തിരിച്ചുവരവായിരുന്നു ഇത്. ഏറ്റവും വലിയ ഒറ്റകക്ഷിയും കോണ്‍ഗ്രസായിരുന്നു.

പ്രമുഖ നേതാവ്....
ഇന്നത്തെ പോലെ പ്രമുഖനായ നേതാവ് അന്നും ബിജെപിക്കുണ്ടായിരുന്നു. അടല്‍ ബീഹാരിയുടെ നേതൃത്വമുണ്ടായിട്ടും 138 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. ഇന്ന് മോദിയുണ്ടായിട്ടും ബിജെപി ജയിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. അതേസമയം രണ്ടാം യുപിഎ അധികാരത്തിലെത്തിയത് 200ലധികം സീറ്റുകള്‍ നേടിയിട്ടാണെന്നതും അദ്ഭുതമായിരുന്നു. അതുകൊണ്ട് ബിജെപി ശക്തരാണെങ്കിലും കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് തള്ളിക്കളയാനാവാത്തതാണ്. നിലവിലെ അവസ്ഥ വെച്ച് 2004ലെ അതേ ട്രെന്‍ഡ് ആവര്‍ത്തിക്കാനും സാധ്യതയുണ്ട്.

മികച്ച തിരിച്ചുവരവായിരുന്നില്ല
2004ല്‍ കോണ്‍ഗ്രസ് ഏറ്റവും മികച്ച തിരിച്ചുവരവല്ല നടത്തിയത്. 1980ല്‍ കോണ്‍ഗ്രസിന്റെ വോട്ടുബാങ്കില്‍ 8.2 ശതമാനം വര്‍ധനവാണ് ഉണ്ടാക്കിയത്. എന്നാല്‍ 2004ല്‍ ചെറിയ നേട്ടമായിരുന്നു ഉണ്ടായത്. ജനതാ പാര്‍ട്ടി തകര്‍ന്നതും 1980ല്‍ കോണ്‍ഗ്രസിന് ഗുണം ചെയ്തിരുന്നു. പക്ഷേ അത് ആവര്‍ത്തിക്കാന്‍ സാധ്യതയില്ല. 1971ല്‍ 69 സീറ്റും 1984ല്‍ 62 സീറ്റും 2009ല്‍ 61 സീറ്റുമാണ് കോണ്‍ഗ്രസ് വര്‍ധിപ്പിച്ചത്. ഇതില്‍ ഏതെങ്കിലും ഒന്ന് ആവര്‍ത്തിക്കാനാണ് സാധ്യത. 70 സീറ്റിന് മുകളില്‍ ലഭിച്ചാല്‍ അത് കോണ്‍ഗ്രസിന്റെ തിരിച്ചുവരവാകും എന്നുറപ്പാണ്.

വോട്ടുബാങ്ക് കുറയുന്നു
കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് ഇപ്പോള്‍ 20 ശതമാനത്തില്‍ താഴെയാണ്. ആദ്യമായിട്ടാണ് ഇങ്ങനെ സംഭവിച്ചത്. ഇത് കൊണ്ട് തന്നെ സീറ്റുകല്‍ വര്‍ധിക്കാനുള്ള സാധ്യതയാണ് കാണുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ജയം കേഡര്‍ പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസിന്റെ സാധ്യതകള്‍ കുത്തനെ ഉയര്‍ത്തും. മറ്റൊന്ന് പ്രതിപക്ഷത്തിന്റെ ഐക്യമാണ്. യുപിയിലും ബീഹാറിലും കോണ്‍ഗ്രസിനുള്ള വോട്ടുബാങ്ക് തിരിച്ചുപിടിച്ചാല്‍ ഇത് സാധ്യമാകും. ഉത്തര്‍പ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ബിജെപി ദുര്‍ബലമാവുകയാണ്. ഇവിടെയുള്ള വോട്ടുബാങ്ക് കോണ്‍ഗ്രസിലെത്തിയാല്‍ അധികാരം തിരിച്ചുപിടക്കാനും കോണ്‍ഗ്രസിന് സാധിക്കും.












Click it and Unblock the Notifications