തിരഞ്ഞെടുപ്പിന് ശേഷം സമാജ്വാദി പാർട്ടിയുമായി സഖ്യം? സൂചന നൽകി സൽമാൻ ഖുർഷിദ്
ലഖ്നൗ; കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിയുമായി സഖ്യത്തിലായിരുന്നു ഉത്തർപ്രദേശിൽ കോൺഗ്രസ് മത്സരിച്ചത്. എന്നാൽ സഖ്യത്തിന് മുന്നേറാൻ ആയില്ലെന്ന് മാത്രമല്ല കോൺഗ്രസ് കനത്ത തിരിച്ചടി നേരിടുകയും ചെയ്തു. വെറും ഏഴ് സീറ്റുകളായിരുന്നു കോൺഗ്രസിന് അന്ന് ലഭിച്ചത്.

ബി ജെ പിയെ പുറത്താക്കുകയെന്ന ലക്ഷ്യത്തോടെ ഇക്കുറിയും കോൺഗ്രസ് സമാജ് വാദിയുമായി സഖ്യം ഉണ്ടാകുമെന്നായിരുന്നു തുടക്കത്തിൽ വിലയിരുത്തപ്പെട്ടത്. എന്നാൽ ഇരു പാർട്ടികളും സഖ്യമില്ലെന്ന് ആവർത്തിച്ചു. കോൺഗ്രസ് തനിച്ച് പോരാടുമ്പോൾ 12 ഓളം ചെറുപാർട്ടികളുമായി സഖ്യമുണ്ടാക്കിയാണ് സമാജ്വാദി പാർട്ടി മത്സരിക്കുന്നത്.
അതേസമയം ഇപ്പോഴിതാ തിരഞ്ഞെടുപ്പിന് ശേഷം സമാജ്വാദി പാർട്ടിയുമായി സഖ്യത്തിന് തയ്യാറാണെന്ന സൂചന നൽകുകയാണ് മുതിർന്ന നേതാവും കോൺഗ്രസിന്റെ യുപിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ സമിതിയുടെ ചുമതലയുള്ള നേതാവുമായ സൽമാൻ ഖുർഷിദ്.

സമാജ്വാദി പാർട്ടിയുമായി കോൺഗ്രസിന് ആശയപരമായി കടുത്ത വിയോജിപ്പുകൾ ഉണ്ട്. എന്നിരുന്നാലും ബി ജെ പിയെ അധികാരത്തിൽ നിന്ന് പുറത്താക്കുകയെന്നാണ് കോൺഗ്രസ് ലക്ഷ്യം എന്നായിരുന്നു ഖുർഷിദിന്റെ വാക്കുകൾ. 'സമാജ്വാദി പാർട്ടിയുമായി ഞങ്ങൾ അത്ര നല്ല ബന്ധത്തിലല്ല. എന്നാൽ ബിജെപിയെ പുറത്താക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. കാരണം അവർ അത്യന്തം അപകടകാരികളാണ്, എ എൻ ഐയ്ക്ക് നൽകിയ അഭിമുഖത്തിൽ സൽമാൻ ഖുർഷിദ് പറഞ്ഞു. യു പിയിൽ ഇത്തവണ കനത്ത വെല്ലുവിളിയാണ് ബി ജെ പി നേരിടുന്നത്. കർഷക പ്രതിഷേധം ആളികത്തിയ സംസ്ഥാനത്ത് പല സുപ്രധാന മേഖലകളിലും ബി ജെ പിയുടെ നില പരുങ്ങലിലാണ്. ഈ സാഹചര്യത്തിലാണ് കോൺഗ്രസിന്റെ പുതിയ നിലപാട്.

നേരത്തേ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെതിരെയും അദ്ദേഹത്തിന്റെ അമ്മാവൻ ശിവ്പാൽ യാദവിനെതിരെയും കോൺഗ്രസ് സ്ഥാനാർത്ഥികളെ നിർത്തിയിരുന്നില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസുമായി സഖ്യം ഇല്ലേങ്കിലും അമേഠിയിൽ രാഹുൽ ഗാന്ധിക്കെതിരെയും റായ്ബറേലിയിൽ സോണിയ ഗാന്ധിക്കെതിരെയും സമാജ് വാദി പാർട്ടി സ്ഥാനാർത്ഥികളെ നിർത്തിയിരുന്നില്ല.

ഉത്തർപ്രദേശിൽ 173 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ബുധനാഴ്ചയാണ് നാലാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. നാലാം ഘട്ടത്തിൽ 59 മണ്ഡലങ്ങളിലാണ് വിധിയെഴുത്ത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഈ 59 ൽ 51 ഉം ബി ജെ പിയായിരുന്നു നേടിയത്. എന്നാൽ ബി ജെ പിക്കെതിരെ കടുത്ത കർഷക രോഷം നിലനൽക്കുന്ന ലഖിംപൂർ ഖേരി ഉൾപ്പെടെയുള്ള മണ്ഡലങ്ങളാണ് നാലാം ഘട്ടത്തിൽ വിധിയെഴുതുന്നത്. ഇത് ബി ജെ പിയുടെ ആശങ്ക ഉയർത്തുന്നുണ്ട്. 2017 ൽ ലഖിംപൂർ ജില്ലയിൽ 8 ൽ 8 സീറ്റും ബി ജെ പിക്ക് നേടാൻ സാധിച്ചിരുന്നു.

അതേസമയം നാലാം ഘട്ടത്തിൽ ഒരു പാർട്ടിയ്ക്കും വ്യക്തമായ ആധിപത്യം അവകാശപ്പെടാനുള്ള ജില്ലകൾ ഇല്ല. മേഖലയിലെ കർഷക സിഖ് വോട്ടുകളിൽ വിള്ളൽ വീഴുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷ പാർട്ടികൾ. ഇനി മൂന്ന് ഘട്ടം കൂടിയാണ് ഉത്തർപ്രദേശിൽ അവശേഷിക്കുന്നത്. ഫെബ്രുവരി 27 നും അഞ്ചാം ഘട്ടവും മാര്‍ച്ച് 3 നും ആറാം ഘട്ടവും മാര്‍ച്ചിന് 7 ന് ഏഴാം ഘട്ടവും നടക്കും. മാര്‍ച്ച് 10 നാണ് വോട്ടെണ്ണല്‍.
'ചൂമ്മാ തീ...' മീരാ നന്ദന്റെ ഹോട്ട് ലുക്ക്..വൈറലായി പുതിയ ഫോട്ടോസ്












Click it and Unblock the Notifications