മധ്യപ്രദേശിൽ ബിജെപിയെ പൂട്ടാൻ എസ്പിയുമായി സഖ്യം?; നിയമസഭ തിരഞ്ഞെടുപ്പിന് പുതുതന്ത്രങ്ങളുമായി കോൺഗ്രസ്
ഡൽഹി: ഈ വർഷം അവസാനം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാല് സംസ്ഥാനങ്ങളിൽ അധികാരം പിടിക്കാൻ തീവ്രശ്രമങ്ങളുമായി കോൺഗ്രസ്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഏത് നിമിഷവും തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നേക്കുമെന്നാണ് പാർട്ടി കണക്ക് കൂട്ടുന്നത്. ഈ സാഹചര്യത്തിൽ എന്ത് വിലകൊടുത്തും വിജയം നേടണമെന്നാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. വരും ദിവസങ്ങളിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും സജീവമായി തന്നെ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ഇറങ്ങും.
കർണാടകയും ഹിമാചൽ പ്രദേശും പിടിച്ച മാതൃകയിൽ ജനകീയ പ്രഖ്യാപനങ്ങൾ നടത്തിയും തർക്കങ്ങൾ ഇല്ലാതെ ഒറ്റക്കെട്ടായി മുന്നോട്ട് പോകുമാണ് സംസ്ഥാന നേതൃത്വങ്ങൾക്ക് നിർദ്ദേശം. അതത് സംസ്ഥാനങ്ങളിലെ വിഷയങ്ങൾ കേന്ദ്രീകരിച്ചായിരിക്കും പ്രചരണങ്ങൾ. ദേശീയ വിഷയങ്ങൾ ചർച്ച ചെയ്യുന്നത് മോദിയുടെ പേര് ചർച്ചയാകാൻ കാരണമാകുമെന്നും ഇത് തിരിച്ചടിയാകുമെന്നുമാണ് നേതൃത്വം കരുതുന്നത്. ജാതി സെൻസസും ഒ ബി സി വിഷയവും കോൺഗ്രസ് ആയുധമാക്കിയേക്കും. ബിഹാർ ജാതി സെൻസസ് പുറത്തുവിട്ടതിന് പിന്നാലെ കർണാടകയോടും ദേശീയ നേതൃത്വം ജാതി സെൻസസ് നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാല് സംസ്ഥാനങ്ങളിൽ രണ്ടിടത്താണ് നിലവിൽ കോൺഗ്രസിന് ഭരണമുള്ളത്, ഛത്തീസ്ഗഡിലും രാജസ്ഥാനിലും. ഛത്തീസ്ഗഡിൽ ഭരണം നിലനിർത്താൻ ആകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. അതേസമയം രാജസ്ഥാനിലെ ഉൾപ്പാർട്ടി തർക്കങ്ങളും ഭരണ വിരുദ്ധ വികാരവും ആശങ്ക തീർക്കുന്നുണ്ട്. ജനകീയ പദ്ധതികൾക്ക് ഊന്നൽ നൽകിയുള്ള പ്രചരണം ശക്തമാക്കണമെന്നാണ് രാജസ്ഥാൻ നേതൃത്വത്തോട് ഹൈക്കമാന്റ് നിർദ്ദേശം. സംസ്ഥാനത്ത് ബി ജെ പിയിലും ആഭ്യന്തര തർക്കങ്ങൾ രൂക്ഷമാണ്. ഇത് മുതലെടുക്കാനുള്ള ശ്രമങ്ങളും കോൺഗ്രസ് നടത്തിയേക്കും.
മധ്യപ്രദേശിൽ ഇക്കുറി കോൺഗ്രസ് വലിയ പ്രതീക്ഷയിലാണ്. പുറത്തുവന്ന അഭിപ്രായ സർവ്വേകളിൽ കോൺഗ്രസിനാണ് സംസ്ഥാനത്ത് നേരിയ മുൻതൂക്കം പ്രവചിക്കുന്നത്. മധ്യപ്രദേശ് ഭരണം കൈപ്പിടിയിലായാൽ ലോക്സഭ തിരഞ്ഞെടുപ്പിൽ അത് കോൺഗ്രസിന് നൽകുന്ന ആവേശം ചെറുതായിരിക്കില്ല. അതിനിടെ ഭരണം പിടിക്കാൻ സംസ്ഥാനത്ത് സമാജ്വാദി പാർട്ടിയുമായി സഖ്യത്തിനുള്ള സാധ്യതയും കോൺഗ്രസ് തേടുന്നുണ്ട്.സഖ്യം വേണമെന്നാണ് അഖിലേഷ് യാദവിന്റെ നിലപാട്. ഇക്കാര്യത്തിൽ ഹൈക്കമാന്റിന്റെ നിലപാടും നിർണായകമാകും.
തെലങ്കാനയിലും കോൺഗ്രസിന് അനുകൂലമായ സാഹചര്യം ഉണ്ടാകുമെന്നാണ് ചില അഭിപ്രായ സർവ്വേകൾ ചൂണ്ടിക്കാട്ടുന്നത്. 119 അംഗ സഭയിൽ 60 സീറ്റ് വരെ കോൺഗ്രസിന് സർവ്വേകൾ സാധ്യത പ്രചവിക്കുന്നുണ്ട്. ഭരണം പിടിക്കാൻ തീവ്ര ശ്രമങ്ങളാണ് സംസ്ഥാനത്ത് കോൺഗ്രസ് നടത്തുന്നത്. ബിആർഎസ് നേതാക്കൾ കൂട്ടത്തോടെ പാർട്ടിയിലേക്ക് വരുന്നത് രാഷ്ട്രീയമാറ്റത്തിന്റെ സൂചനയാണെന്നും കോൺഗ്രസ് അവകാശപ്പെടുന്നു.












Click it and Unblock the Notifications