കോണ്‍ഗ്രസില്ലാതെ പറ്റില്ല; അവര്‍ ബിജെപിയെ നേരിടുന്നത് 200 സീറ്റുകളില്‍, തേജസ്വിയുടെ ഷൂട്ട്
ദില്ലി: കോണ്‍ഗ്രസില്ലാതെ ഒരു പ്രതിപക്ഷ മുന്നണിയെ സങ്കല്‍പ്പിക്കാന്‍ പോലും പറ്റില്ലെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ എങ്ങനെ നേരിടുമെന്ന ചര്‍ച്ച പ്രതിപക്ഷ പാര്‍ട്ടികളില്‍ സജീവമാണ്. കോണ്‍ഗ്രസിനെയും ബിജെപിയെയും എതിര്‍ക്കപ്പെടേണ്ടതാണ് എന്ന നിലപാടുള്ള പാര്‍ട്ടികളാണ് ഐക്യപ്പെടുന്നത്. എന്നാല്‍ ഈ സഖ്യം കൊണ്ട് ബിജെപിയെ പരാജയപ്പെടുത്താനാകില്ലെന്നാണ് തേജസ്വിയുടെ നിലപാട്. കോണ്‍ഗ്രസില്ലെങ്കില്‍ മുന്നണി കൊണ്ട് കാര്യമില്ലെന്നും 200 സീറ്റുകളില്‍ ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്നവരാണ് കോണ്‍ഗ്രസ് എന്നും തേജസ്വി പറഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ കോണ്‍ഗ്രസ് കൂടുതല്‍ ഒറ്റപ്പെടുന്നതിനിടെയാണ് തേജസ്വിയുടെ പ്രതികരണം. ഇതാകട്ടെ കോണ്‍ഗ്രസിന് ഏറെ ആശ്വാസം നല്‍കുന്നതാണ്. ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഗുജറാത്ത് ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പും വൈകാതെ ലോക്‌സഭാ തിരഞ്ഞെടുപ്പുമാണ് ഇനി വരാനുള്ളത്. യുപിയില്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളെല്ലാം തനിച്ച് മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് ബിജെപിക്ക് ഗുണം ചെയ്യുമെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.
അതിനിടെയാണ് ദേശീയ തലത്തില്‍ പ്രതിപക്ഷത്തിന്റെ ഒരു മുന്നണി രൂപീകരിക്കാനുള്ള ശ്രമം. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെ മുന്നില്‍ നിര്‍ത്തിയാണ് ഈ മുന്നണി വരുന്നത്. അടുത്തിടെ ചില പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ പവാറിന്റെ ദില്ലിയിലെ വീട്ടില്‍ യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസില്ലാത്ത സഖ്യം കൊണ്ട് പ്രത്യേകിച്ച് നേട്ടമുണ്ടാകില്ലെന്ന് ചില നേതാക്കള്‍ അഭിപ്രായപ്പെട്ടത്.
നേരത്തെ രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും സമാനമായ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ഇത് മുന്നണി രൂപീകരണമല്ലെന്നും രാജ്യത്തിന്റെ പ്രത്യേക സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗമാണെന്നുമായിരുന്നു പവാറിന്റെ പ്രതികരണം. പ്രാദേശിക പാര്‍ട്ടികള്‍ എത്ര ശക്തമാണെങ്കിലും ഡ്രൈവിങ് സീറ്റില്‍ കോണ്‍ഗ്രസ് വേണം. ഇപ്പോള്‍ തന്നെ തയ്യാറെടുപ്പുകള്‍ നടത്തണമെന്നും തേജസ്വി യാദവ് പറഞ്ഞു.












Click it and Unblock the Notifications