ബിജെപിയുടെ ഒരു ലോക്സഭാ സീറ്റുള്‍പ്പടെ 2 സീറ്റുകള്‍ പിടിക്കും: മൂന്നിലും വിജയം ഉറപ്പിച്ച് കോണ്‍ഗ്രസ്
ദില്ലി: അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് ഹിമാചല്‍ പ്രദേശ്. 68 നിയമസഭാ സീറ്റുകള്‍ മാത്രമുള്ള സംസ്ഥാനത്ത് ഇത്തവണ അധികാരത്തിലേക്ക് തിരിച്ച് വരാന്‍ കയറുമെന്നുള്ള ഉറച്ച വിശ്വാസത്തിലാണ് കോണ്‍ഗ്രസ്. 2017 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 44 സീറ്റ് നേടിയായിരുന്നു ബിജെപി അധികാരത്തിലെത്തിയത്.
കോണ്‍ഗ്രസിന് 21 സീറ്റും സിപിഎം ഒരു സീറ്റിലും വിജയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിലും ബിജെപിക്ക് മുന്നേറ്റം നടത്താന്‍ സാധിച്ചെങ്കിലും നിയമസഭയില്‍ അത് തുടരാന്‍ ഒരിക്കലും കഴിയില്ലെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.
അഭിനയം മാത്രമല്ല കയ്യിലുളളത്, മലയാള സിനിമയിലെ ഡോക്ടർമാർ ഇവർ- ചിത്രങ്ങൾ

നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ സെമിഫൈനല്‍ എന്നോണം ഏതാനും ഉപതിരഞ്ഞെടുപ്പുകള്‍ കൂടി നടക്കുന്ന സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന്‍റെ ചൂട് ഇപ്പോള്‍ തന്നെ മൂര്‍ദ്ധന്യത്തിലെത്തി കഴിഞ്ഞു. രണ്ട് നിയമസഭാ സീറ്റിലേക്ക് ഒരു ലോക്സഭാ സീറ്റിലേക്കുമാണ് ഹിമാചല്‍ പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്.

മണ്ഡി ലോക്സഭ, ഫത്തേപൂർ, ജുബ്ബാൽ-കോട്ട്ഖായ് നിയമസഭാ സീറ്റുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടത്. മൂന്ന് മണ്ഡലങ്ങളിലേയും സിറ്റിങ് പ്രതിനിധികളുടെ മരണം മൂലമാണ് ഇവിടെ തിരഞ്ഞെടുപ്പിനുള്ള സാഹചര്യം ഒരുങ്ങിയത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇതുവരെ വന്നിട്ടില്ലെങ്കിലും ഈ സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എംപി രാംസ്വരൂപ് ശർമയ (മണ്ഡി ലോക്സഭാ), നരീന്ദർ ബ്രാഗ്ത (ജുബ്ബാൽ-കോട്ട്ഖായ്), സുജാൻ സിംഗ് ( ഫത്തേപൂർ) എന്നിവരാണ് അന്തരിച്ച ജനപ്രതിനിധികള്‍. സംസ്ഥാന വലിയ ഭരണ വിരുദ്ധ വികാരം നേരിടുന്ന ബിജെപിയെ സംബന്ധിച്ചിടത്തോളം ഒരു ലിറ്റ്മസ് പരീക്ഷണാമായിരിക്കും ഈ ഉപതിരഞ്ഞെടുപ്പുകള്‍.

അതേസമയം മറുവശത്ത് വലിയ വിജയ പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. മണ്ഡി ലോക്സഭാ സീറ്റും ജുബ്ബാൽ-കോട്ട്ഖായിയും ബിജെപിയിൽ നിന്നും പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. ഫത്തേപൂർ ഒരു കോൺഗ്രസ് ശക്തികേന്ദ്രമായി തുടരുന്നതിനാല്‍ അവിടുത്തെ വിജയത്തില്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് സംശയമൊന്നും നിലനില്‍ക്കുന്നില്ല.

അതേസമയം ജുബ്ബാൽ-കോട്ട്ഖായ് നിയമസഭാ മണ്ഡലത്തില്‍ ആര്‍ക്കും വ്യക്തമായ മേധാവിത്വം ഇല്ല. കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകളില്‍ മണ്ഡലത്തില്‍ ഇരു പാര്‍ട്ടികളും മാറി മാറി വിജയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ കൂടി ഉപതിരഞ്ഞെടുപ്പിനെ അതീവ പ്രാധാന്യത്തോടെയാണ് കോണ്‍ഗ്രസും ബിജെപിയും നോക്കി കാണുന്നത്.

ഉപതെരഞ്ഞെടുപ്പിനായി പാർട്ടി ഇതിനകം തന്നെ നേതാക്കള്‍ക്ക് ചുമതലകള്‍ നല്‍കിയിട്ടുണ്ടെന്നാണ് ബിജെപി പ്രസിഡന്റ് സുരേഷ് കശ്യപ് വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഞങ്ങള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ വരും ദിവസങ്ങളില്‍ തന്നെ അന്തിമ തീരുമാനം ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് സര്‍ക്കാറിനെതിരെ ജന്‍ ആക്രോഷ് റാലി നടത്തിയ കോണ്‍ഗ്രസ് പ്രതിഷേധം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ്. വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം, തൊഴിലില്ലായ്മ, വിവിധ മേഖലകളിലെ സർക്കാർ പരാജയങ്ങൾ എന്നിവയ്ക്കെതിരെയാണ് റാലി എങ്കിലും, യഥാർത്ഥ ലക്ഷ്യം ഉപതിരഞ്ഞെടുപ്പ് തന്നെയായിരുന്നു.

നിലവിലെ ഭരണത്തിൽ പൊതുജനങ്ങൾ നിരാശരായതിനാൽ ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ഉറപ്പായും വിജയിക്കുമെന്നാണ് ജന്‍ ആക്രോഷ് റാലിയില്‍ പങ്കെടുത്തുകോണ്ട് കോണ്‍ഗ്രസ് നേതാവ് കുല്‍ ദീപ് സിങ് റാത്തോഡ് അഭിപ്രായപ്പെട്ടത്. തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം കൂടുതൽ സീറ്റില്‍ വിജയിച്ചെങ്കിലും വിജയിച്ച സ്ഥാനാർത്ഥികളുടെ പിന്തുണ നേടുന്നതിനായി ബിജെപി സർക്കാർ അധികാരം ദുരുപയോഗം ചെയ്തെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഇന്ധന വില വര്‍ധനവ്, പണപ്പെരുപ്പം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ സംസ്ഥാനത്തെ ജനങ്ങള്‍ കടുത്ത അസംതൃപ്തരാണ്. ഈ അസംതൃപ്തി ഈ ഉപതിരഞ്ഞെടുപ്പില്‍ മാത്രമല്ല, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ജനങ്ങള്‍ രേഖപ്പെടുത്തും. സംസ്ഥാനത്ത് ബിജെപിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.












Click it and Unblock the Notifications