പഞ്ചാബ് മോഡലിലും വലുത് രാജസ്ഥാനില്‍: സച്ചിന്‍ പൈലറ്റിന് കാത്തുവെക്കുന്നത് മുഖ്യമന്ത്രി സ്ഥാനമോ?
ദില്ലി: രാജ്യത്ത് കോണ്‍ഗ്രസ് ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളായ പഞ്ചാബ്, രാജസ്ഥാന്‍, ഛത്തിസ്ഗഡ് എന്നിവിടങ്ങളിലെ പാര്‍ട്ടി സംഘടനാ സംവിധാനത്തില്‍ സമീപ കാലത്ത് വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഏറെ പ്രതിസന്ധിക്കൊടുവില്‍ പഞ്ചാബില്‍ നവജോത് സിങ് സിദ്ധു കോണ്‍ഗ്രസ് അധ്യക്ഷനായി വന്നു കഴിഞ്ഞു.
അമരീന്ദര്‍ സിങ് കടുത്ത വെല്ലുവിളി ഉയര്‍ത്തിയെങ്കിലും രാഹുല്‍ ഗന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ ഏറെ ശ്രമപ്പെട്ട് അദ്ദേഹത്തെ അനുനയിപ്പിക്കുകയായിരുന്നു. പഞ്ചാബിലെ പ്രശ്നം പരിഹരിക്കപ്പെട്ടതോടെ കോണ്‍ഗ്രസ് അടുത്തതായി ഉറ്റുനോക്കുന്നത് രാജസ്ഥാനിലേക്കാണ്.

രാജസ്ഥാനില്‍ ഏറെ നാളായ മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് കോണ്‍ഗ്രസിന് സംസ്ഥാനത്ത് അധികാരം ലഭിച്ചപ്പോള്‍ സച്ചിന് പൈലറ്റ് മുഖ്യമന്ത്രിയാവുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഗെലോട്ടിനെ മുഖ്യമന്ത്രിയും പൈലറ്റിനെ ഉപമുഖ്യമന്ത്രിയും ആക്കാനായിരുന്നു ഹൈക്കമാന്‍ഡിന്‍റെ തീരുമാനം.

മുഖ്യമന്ത്രി ആയതിന് പിന്നാലെ തനിക്കും തന്റെ കൂടെ നില്‍ക്കുന്നുവര്‍ക്കുമെതിരെ ഗെലോട്ട് പ്രവര്‍ത്തിക്കുകയാണെന്നാണ് സച്ചിന്‍റെ പരാതി. വകുപ്പ് വിഭജനത്തില്‍ അടക്കം ഗെലോട്ട് പക്ഷപാതം കാട്ടിയെന്നും അദ്ദേഹം ആരോപിക്കുന്നു. ഒരു ഘടത്തില്‍ തന്റെ കൂടെയുള്ള എംഎല്‍എമാരേയും കൂട്ടി ഒരു വിമത നീക്കവും സച്ചിന്‍ പൈലറ്റ് നടത്തിയിരുന്നു.

അന്ന് ഉപമുഖ്യമന്ത്രി സ്ഥാനം അടക്കമുള്ളവ നഷ്ടപ്പെട്ടെങ്കിലും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മുന്നോട്ട് വെച്ച സമവായ നീക്കങ്ങള്‍ക്ക് മുന്നില്‍ സച്ചിന്‍ പൈലറ്റ് വഴങ്ങുകയായിരുന്നു. എന്നാല്‍ അന്ന് നല്‍കിയ ഉറപ്പുകള്‍ ഒരു വര്‍ഷമായിട്ടും നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടുന്ന സച്ചിന്‍ പൈലറ്റ് അടുത്തിടേയും ചില വിമത സ്വരം പാര്‍ട്ടിയില്‍ സജീവമാക്കിയിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് പഞ്ചാബിന് സമാനമായ നീക്കം രാജസ്ഥാനിലും ഉണ്ടാവുമോയെന്ന് ഏവരും ഉറ്റ് നോക്കുന്നത്. വളരെ ജനപിന്തുണയുള്ള നേതാവാണ് ഗെലോട്ട് എങ്കിലും നിലവില്‍ പാര്‍ട്ടിയെ ഒറ്റക്ക് നയിച്ച് അധികാരത്തിലേറ്റാനുള്ള ശേഷിയില്ല. 1998, 2008, 2018 വർഷങ്ങളിൽ മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്നെങ്കിലും 2003 ലും 2013 ലും അധികാരം നഷ്ടമായി. 2018 ല്‍ തന്നെ അധികാരം പിടിക്കുന്നതില്‍ ഏറ്റവും നിര്‍ണ്ണായകമായത് സച്ചിന്റെ പ്രവര്‍ത്തനങ്ങളായിരുന്നു.

പാര്‍ട്ടിയിലെ പുനഃസംഘടനയുണ്ടാവാനുള്ള നീക്കം ഗെലോട്ട് മുന്നില്‍ കാണുന്നുണ്ട്. 2021 ജൂണിൽ കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേർന്ന് പാർട്ടി പുനഃസംഘടന വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കോവിഡ് -19 പാൻഡെമികിന്‍റെ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന നിലപാടായിരുന്നു ഗെലോട്ട് സ്വീകരിച്ചത്.

മധുസൂദനൻ മിസ്ത്രിയുടെ നേതൃത്വത്തിലുള്ള എ.ഐ.സി.സി തിരഞ്ഞെടുപ്പ് സമിതി വോട്ടെടുപ്പ് ഷെഡ്യൂൾ സമർപ്പിക്കുകയും സംഘടനയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വോട്ടെടുപ്പ് നടത്താൻ അനുമതി നല്‍കുകയും ചെയ്ത സമയയത്തായിരുന്നു ഗെലോട്ടിന്റെ ഇത്തരമൊരു ഇടപെടല്‍ എന്നതും ശ്രദ്ധേയമാണ്.

2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജസ്ഥാന്‍ പാര്‍ട്ടിയില്‍ വലിയ മാറ്റം വേണമെന്നാണ് രാഹുല്‍ ഗാന്ധി അടക്കമുള്ളവരുടേയും ആഗ്രഹം. മുഖ്യമന്ത്രിയാണെങ്കിലും ഗെലോട്ടിനെ മുന്നില്‍ നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ അത് പാര്‍ട്ടിയില്‍ തന്നെ വലിയ എതിര്‍പ്പിന് ഇടയാക്കും. അതുകൊണ്ട് തന്നെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കോ, ഒരുപക്ഷെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെയോ സച്ചിന്‍ പൈലറ്റ് എത്തിയാല്‍ അത്ഭുതപ്പെടാനില്ല.

അവസാനം ഒരു വര്‍ഷം സച്ചിന്‍ പൈലറ്റിന് മുഖ്യമന്ത്രി സ്ഥാനം നല്‍കിയാല്‍ 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ മുന്‍നിര്‍ത്തി കോണ്‍ഗ്രസിന് നേരിടാന്‍ സാധിക്കും. അത് വിജയ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസ് സംഘടനാ സംവിധാനത്തിലും സച്ചിന്‍ പൈലറ്റിന് വലിയ സ്വാധീനമുണ്ട്.












Click it and Unblock the Notifications