പ്രിയങ്കയുമായി 2 കോടിയുടെ ഇടപാട്; ഇപ്പോള്‍ ആരും ജീവിച്ചിരിക്കുന്നില്ലല്ലോ എന്ന് കോണ്‍ഗ്രസ് നേതാവ്
ന്യൂഡല്‍ഹി: പ്രശസ്ത ചിത്രകാരന്‍ എംഎഫ് ഹുസൈന്റെ സൃഷ്ടി പ്രിയങ്ക ഗാന്ധിയില്‍ നിന്ന് രണ്ടു കോടി രൂപ വിലകൊടുത്ത് വാങ്ങാന്‍ തന്നെ നിര്‍ബന്ധിച്ചുവെന്ന റാണ കപൂറിന്റെ മൊഴി ചര്‍ച്ചയാകുന്നു. കള്ളപ്പണ കേസില്‍ പ്രതിയായ യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് നല്‍കിയ മൊഴിയിലാണ് മുന്‍ കേന്ദ്രമന്ത്രി ചിത്രം വാങ്ങാന്‍ നിര്‍ബന്ധിച്ചുവെന്ന് മൊഴിയുള്ളതത്രെ.
സോണിയ ഗാന്ധിയുടെ വിശ്വസ്തനായിരുന്ന അഹമ്മദ് പട്ടേലിനെതിരെയും ആരോപണമുണ്ട്. ഈ പണം സോണിയ ഗാന്ധിയുടെ അമേരിക്കയിലെ ചികില്‍സയ്ക്ക് ഉപയോഗിച്ചുവെന്നാണ് മൊഴി. ജീവിച്ചിരിപ്പില്ലാത്തവര്‍ക്കെതിരെ ആരോപണം ഉന്നയിക്കുകയാണ് റാണ കപൂര്‍ ചെയ്യുന്നതെന്ന് ഈ സംഭവത്തില്‍ ഒരു കോണ്‍ഗ്രസ് നേതാവ് എന്‍ഡിടിവിയോട് പ്രതികരിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ...

മുന്‍ പെട്രോളിയം മന്ത്രി മുരളി ദേവ്‌ര, അഹമ്മദ് പട്ടേല്‍ എന്നിവര്‍ക്കെതിരെയാണ് റാണ കപൂറിന്റെ മൊഴിയത്രെ. മരിച്ചവര്‍ക്കെതിരെ ആരോപണം ഉന്നയിച്ചാല്‍ എന്താണ് ചെയ്യാന്‍ കഴിയുക എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്നു. ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്നും കോണ്‍ഗ്രസ് സംശയിക്കുന്നു. എംഎഫ് ഹുസൈന്റെ ചിത്രം വാങ്ങാന്‍ തന്നെ നിര്‍ബന്ധിച്ചു എന്നാണ് റാണ കപൂര്‍ പറയുന്നത്.

പ്രിയങ്ക ഗാന്ധിയുടെ കൈവശമായിരുന്നു എംഎഫ് ഹുസൈന്റെ ചിത്രം. ഇത് വില കൊടുത്തുവാങ്ങാന്‍ മുരളി ദേവ്രയും അഹമ്മദ് പട്ടേലും തന്നെ നിര്‍ബന്ധിച്ചു എന്നാണ് റാണ കപൂര്‍ പറയുന്നത്. തുടര്‍ച്ചയായി ഫോണ്‍ ചെയ്തും, വീട്ടിലേക്ക് വിളിച്ചുമാണ് സമ്മര്‍ദ്ദം ചെലുത്തിയത്. ഇടപാട് നടന്നില്ലെങ്കില്‍ പത്മഭൂഷണ്‍ ബഹുമതി നഷ്ടപ്പെട്ടേക്കാമെന്നും ഭീഷണിപ്പെടുത്തിയത്രെ.

റാണ കപൂറിനെതിരായ കള്ളപ്പണക്കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സി പ്രത്യേക കോടതിയില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഈ കുറ്റപത്രത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ പരാമര്‍ശം. ആ പെയ്ന്റിങ് വാങ്ങാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു. തന്റെ കുടുംബത്തിനും താല്‍പ്പര്യമുണ്ടായിരുന്നില്ല. പക്ഷേ, നിര്‍ബന്ധിച്ച് വാങ്ങിപ്പിക്കുകയായിരുന്നുവെന്നും റാണ കപൂര്‍ പറയുന്നു.

പെയിന്റിങ് വാങ്ങുന്നത് വൈകിയാല്‍ യെസ് ബാങ്കിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. വ്യക്തിപരമായും പ്രയാസങ്ങളുണ്ടാകും. ഗാന്ധി കുടുംബവുമായുള്ള ബന്ധം നിലനിര്‍ത്താന്‍ സാധിച്ചേക്കില്ല. പത്മ ഭൂഷണ്‍ അവാര്‍ഡിനുള്ള സാധ്യതയും നഷ്ടമാകുമെന്നും മുരളി ദേവ്‌ര തന്നോട് പറഞ്ഞുവെന്ന് റാണ കപൂര്‍ മൊഴി നല്‍കിയെന്ന് ഇഡി സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ പറയുന്നു.

5000 കോടിയുടെ കുംഭകോണ കേസില്‍ പ്രതിയാണ് റാണ കപൂര്‍. കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ഇയാള്‍ മരിച്ചവരുടെ പേരില്‍ സമര്‍ഥമായി കുറ്റങ്ങള്‍ ആരോപിക്കുകയാണ്. ഇതില്‍ അപ്പുറമൊന്നുമില്ലെന്നും ഈ വാര്‍ത്തയോട് പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ഇത്തരം വാദങ്ങളെല്ലാം തള്ളിക്കളയുന്നുവെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.

ആ രണ്ട് കോടി സോണിയ ഗാന്ധിയുടെ ന്യൂയോര്‍ക്കിലെ ചികില്‍സയ്ക്ക് വേണ്ടി ഉപയോഗിച്ചുവെന്ന് മിലിന്ദ് ദിയോറയില്‍ നിന്നാണ് അറിഞ്ഞതെന്ന് റാണ കപൂര്‍ മൊഴി നല്‍കിയിട്ടുണ്ട്. അന്തരിച്ച കേന്ദ്രമന്ത്രി മുരളി ദേവ്‌രയുടെ മകനാണ് മുന്‍ കോണ്‍ഗ്രസ് എംപിയായ മിലിന്ദ് ദിയോറ. ഈ സമയം ഗാന്ധി കുടുംബത്തെ സഹായിക്കണമെന്ന് അഹമ്മദ് പട്ടേല്‍ തന്നോട് ആവശ്യപ്പെട്ടെന്നും റാണ കപൂര്‍ മൊഴി നല്‍കിയിട്ടുണ്ട്.

തനിക്ക് വിലപ്പിടിപ്പുള്ള കലാസൃഷ്ടികള്‍ വാങ്ങുന്നതിന് താല്‍പ്പര്യമുണ്ടായിരുന്നില്ല. കുടുംബത്തിനും എതിര്‍പ്പായിരുന്നു. എന്നാല്‍ ശക്തരായ കുടുംബത്തെ ശത്രു പക്ഷത്ത് നിര്‍ത്തുന്നതില്‍ ഭയമുണ്ടായിരുന്നു. പ്രിയങ്ക ഗാന്ധിയുടെ ഓഫീസില്‍ വച്ചാണ് ഇടപാട് നടന്നത്. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ചെക്ക് മുഖേനയാണ് പണം നല്‍കിയതെന്നും റാണ കപൂര്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.












Click it and Unblock the Notifications