ഖാർഗെ സമ്മതം മൂളിയാൽ പോരാട്ടം കടുക്കും; തരൂരിന് നറുക്ക് വീഴുമോ? മോഹിച്ച് ചെന്നിത്തലയും
ദില്ലി: കോൺഗ്രസ് പ്ലീനറി സമ്മേളനം ഫെബ്രുവരിയിൽ റായ്പൂരിൽ വെച്ച് നടത്താൻ കോൺഗ്രസ് തീരുമാനം. ഫെബ്രുവരി 20 നും 25 നുമിടയിലായിരിക്കും യോഗം ചേർന്നേക്കുക. കഴിഞ്ഞ ദിവസം പുതിയ അധ്യക്ഷനായ മല്ലികാർജ്ജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ചേർന്ന ആദ്യ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
സംഘടതലത്തിൽ വലിയ അഴിച്ച് പണിക്കായിരിക്കും പ്ലീനറി സമ്മേളനം വഴിയൊരുക്കുക. സമ്മേളനത്തിൽ പുതിയ പ്രവർത്തക സമിതി നിലവിൽ വരും. വർക്കിംഗ് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ എന്നിവരുടെ നിയമനം സംബന്ധിച്ചും യോഗത്തിൽ തീരുമാനമാകും. ലോക്സഭ തിരഞ്ഞെടുപ്പ് കൂടി ലക്ഷ്യം വെച്ചുള്ളതായിരിക്കും നിയമനങ്ങൾ.

അതേസമയം പ്രവർത്തക സമിതിയിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്താൻ മല്ലികാർജ്ജുൻ ഖാർഗെ സമ്മതം മൂളുമോയെന്നാണ് ഉറ്റുനോക്കുന്നത്. 25 വർഷം മുൻപാണ് പ്രവർത്തക സമിതി അംഗങ്ങളെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തിയത്. സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷയായത് മുതൽ പ്രവർത്തക സമിതിയിലെ അംഗങ്ങളെ എല്ലാവരേയും അധ്യക്ഷ തന്നെ നാമനിർദ്ദേശം ചെയ്യുകയായിരുന്നു.

പ്രവർത്തക സമിതിയിൽ 25 അംഗങ്ങളാണ് ഉണ്ടാകുക. ഇതിൽ പാർട്ടി അധ്യക്ഷൻ, പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധി എന്നിവർക്ക് പുറമെ 12 പേരെയാണ് തിരഞ്ഞെടുപ്പിലൂടെ കണ്ടെത്താനുള്ളത്. 11 പേരെ പുതിയ അധ്യക്ഷൻ നാമനിർദ്ദേശം ചെയ്യും. അധ്യക്ഷനായതിന് പിന്നാലെ നാമനിർദ്ദേശം തുടരാം എന്ന നിലയിലുള്ള പ്രതികരണങ്ങളും സൂചനകളുമാണ് ഖാർഗെ നൽകിയത്. അതേസമയം ശശി തരൂർ അടക്കമുള്ള നേതാക്കൾ ഇത്തവണ തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

നേതാക്കൾ ഒറ്റക്കെട്ടായി ആവശ്യത്തിൽ ഉറച്ച് നിന്നാൽ അധ്യക്ഷന് തിരഞ്ഞെടുപ്പ് എന്ന തീരുമാനവുമായി മുന്നോട്ട് പോകേണ്ടി വരും. അതേസമയം തിരഞ്ഞെടുപ്പ് നടന്നാൽ വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനായിരിക്കും കോൺഗ്രസിൽ കളമൊരുങ്ങിയേക്കുക. അങ്ങനെയെങ്കിൽ കേരളത്തിൽ നിന്ന് ആര് എന്ന ചോദ്യവും ഉണ്ട്. നിലവിൽ കേരളത്തിൽ നിന്നും എകെ ആന്റണി, ഉമ്മൻചാണ്ടി, കെസി വേണുഗോപാൽ എന്നിവരാണ് സമിതിയിൽ ഉള്ള മലയാളികൾ. ആരോഗ്യകാര്യങ്ങൾ ചൂണ്ടിക്കാട്ടി ഉമ്മൻചാമ്ടിയും ആന്റണിയും ഒഴിഞ്ഞേക്കും. കെസി വേണുഗോപാലിനെ നാമനിർദ്ദേശത്തിലൂടെ തുടർന്നേക്കും.

ശശി തരൂർ, രമേശ് ചെന്നിത്തല, കെ മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരാണ് പ്രവർത്തക സമിതി അംഗത്വത്തിനായി താത്പര്യമുള്ളവർ. എന്നാൽ തരൂർ വീണ്ടുമൊരു മത്സരത്തിന് തയ്യാറായേക്കില്ല. തൂരിന്റെ കാര്യത്തിൽ നേതൃത്വം എന്ത് നിലപാടായിരിക്കും സ്വീകരിക്കുകയെന്ന് ഉറ്റുനോക്കപ്പെടുന്നുണ്ട്. കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ വാശിയേറിയ പോരാട്ടത്തിന് വഴി വെച്ച തരൂരിനെ ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ നിന്നും നേതൃത്വം ഒഴിവാക്കിയിരുന്നു. അതേസമയം തിരഞ്ഞെടുപ്പ് നടന്നാൽ പല നാടകീയതകളും കോൺഗ്രസിൽ അരങ്ങേറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications