മോദിയുടെ തന്ത്രം പൊളിക്കാന്‍ കോണ്‍ഗ്രസ്; പസമന്ത വിഭാഗത്തെ ലക്ഷ്യമിടുന്നു... ഒപ്പം ക്രൈസ്തവരെയും
ന്യൂഡല്‍ഹി: ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്തിയാല്‍ മാത്രമേ വിജയം എളുപ്പമാകൂ എന്നാണ് ബിജെപിയുടെ ഉന്നത നേതാക്കളുടെ നിലപാട്. ഹൈദരാബാദില്‍ കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച നേതൃയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ നിര്‍ദേശവും ഇതുതന്നെയായിരുന്നു. പ്രബല ന്യൂനപക്ഷമായ മുസ്ലിങ്ങളെ ഉള്‍പ്പെടെ ബിജെപിയോട് അടുപ്പിക്കാനാണ് മോദി നിര്‍ദേശിച്ചത്.
എന്നാല്‍ എല്ലാ വിഭാഗം മുസ്ലിങ്ങളും ബിജെപിക്കൊപ്പം നില്‍ക്കില്ല എന്ന ബോധ്യം പാര്‍ട്ടി നേതൃത്വത്തിനുണ്ട്. ഈ സാഹചര്യത്തിലാണ് പിന്നാക്ക മുസ്ലിങ്ങളായ പസമന്ത വിഭാഗത്തെ കൂടെ നിര്‍ത്താന്‍ ബിജെപി പദ്ധതി തുടങ്ങിയത്. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളെ കുറിച്ച് ഇവരെ ബോധവല്‍ക്കരിക്കാന്‍ തീരുമാനിച്ചിരുന്നു. കൂടാതെ മത നേതാക്കളുമായി ചര്‍ച്ച നടത്താനും തീരുമാനിച്ചു.

നിരവധി മുസ്ലിം, ക്രൈസ്തവ നേതാക്കളുമായി ബിജെപി നേതൃത്വം ചര്‍ച്ച നടത്തിക്കഴിഞ്ഞു. ഇതര മതസ്ഥരുടെ ആഘോഷത്തിന് ജനസമ്പര്‍ക്ക പരിപാടികള്‍ നടത്തുകയും ചെയ്തു. എന്നാല്‍ ഇതേ കളി തിരിച്ചുകളിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. മുസ്ലിങ്ങളെ കൂടെ നിര്‍ത്താന്‍ പ്രത്യേക പദ്ധതി ആവിഷ്‌കരിക്കുകയാണ് പാര്‍ട്ടി. ഒപ്പം മറ്റു ന്യൂനപക്ഷങ്ങളെയും ആകര്‍ഷിക്കാന്‍ ശ്രമം തുടങ്ങി.
ബിജെപി ഹിന്ദുത്വ അജണ്ട മുന്നോട്ട് വെക്കുമ്പോള്‍ സര്‍വമത ഐക്യമെന്ന സന്ദേശമാണ് കോണ്‍ഗ്രസ് നല്‍കുന്നത്. കര്‍ണാടകയില്‍ വിജയിച്ച ഈ തന്ത്രം രാജ്യത്ത് ആകമാനം നടപ്പാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് നേതാക്കള്‍. വരും മാസങ്ങളില്‍ നടക്കാനിരിക്കുന്ന നാല് നിയമസഭാ തിരഞ്ഞെടുപ്പുകളും അടുത്ത ഏപ്രിലില്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പും ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസിന്റെ നീക്കം.
ന്യൂനപക്ഷങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനാണ് കോണ്‍ഗ്രസ് ശ്രമം എന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് വേണ്ട പദ്ധതി കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ വിഭാഗം തയ്യാറാക്കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയും ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പദ്ധതിക്ക് അംഗീകാരം നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുസ്ലിങ്ങള്‍ കൂടുതലുള്ള 100 ഇടങ്ങളില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ന്യൂനപക്ഷ വിഭാഗം ചെയര്‍മാന്‍ ഇമ്രാന്‍ പ്രതാപ് ഗര്‍ഹി പറഞ്ഞു.
ക്രിസ്ത്യന്‍, ജൈന, സിഖ് വിഭാഗത്തില്‍ നിന്നുള്ളവരെ സ്വാധീനിക്കാനും കോണ്‍ഗ്രസ് പദ്ധതി തയ്യാറാക്കുന്നുണ്ട്. ഭാരത് ജോഡോ ഭയ്ചാര സമ്മേളനം എന്ന പേരിലാകും പരിപാടികള്‍ സംഘടിപ്പിക്കുക. യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ പദ്ധതികള്‍ സംബന്ധിച്ച് മുസ്ലിങ്ങളെയും പ്രത്യേകിച്ച് പസമന്ത വിഭാഗത്തില്‍ നിന്നുള്ളവരെയും ബോധവല്‍ക്കരിക്കും. ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം റദ്ദാക്കിയ പഴയ പദ്ധതികളെ കുറിച്ചും വിശദീകരിക്കും.
മുത്തലാഖ് പോലുള്ള നരേന്ദ്ര മോദി സര്‍ക്കാര്‍ നിരോധിച്ച കാര്യങ്ങള്‍, സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെ നിര്‍ത്തലാക്കിയ പഴയ പദ്ധതികള്‍ എന്നിവ കോണ്‍ഗ്രസ് പ്രധാന പ്രചാരണ ആയുധമാക്കുമെന്നാണ് വിവരം. പസമന്ത വിഭാഗത്തെ കൂടെ നിര്‍ത്താനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ് കോണ്‍ഗ്രസിന്റെ പുതിയ നീക്കം. ഉത്തരേന്ത്യയിലെ മുസ്ലിങ്ങളില്‍ 80 ശതമാവനും പസമന്ത വിഭാഗത്തില്‍പ്പെട്ട പിന്നാക്കക്കാരാണ്.












Click it and Unblock the Notifications