തെലങ്കാനയിൽ കോൺഗ്രസ് ഭരണത്തിലേറും,ബിആർഎസിന് കനത്ത തിരിച്ചടി; പുതിയ സർവ്വേ
ഹൈദരാബാദ്: ഈ വർഷം അവസാനം നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന തെലങ്കാനയിൽ കോൺഗ്രസ് പ്രതീക്ഷകൾ വാനോളം ഉയർത്തി പുതിയ സർവ്വേ ഫലം. ഇത്തവണ സംസ്ഥാനം കോൺഗ്രസ് ഭരിക്കുമെന്നാണ് ജൻമത് അഭിപ്രായ സർവ്വേയിലെ പ്രവചനം. കോൺഗ്രസിന് 58 മുതൽ 60 സീറ്റുകൾ വരെയാണ് സർവ്വേ പ്രവചിക്കുന്നത്. 119 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 60 സീറ്റുകളാണ് ആവശ്യം.
ബി ആർ എസ് കനത്ത തിരിച്ചടി നേരിടുമെന്നാണ് സർവ്വേയിലെ കണ്ടെത്തൽ. 43 മുതൽ 45 സീറ്റുകൾ വരെയായിരിക്കും പാർട്ടിക്ക് ലഭിച്ചേക്കുക. അതേസമയം ബി ജെ പി പ്രകടനം മെച്ചപ്പെടത്തുമെന്നും സർവ്വേ പറയുന്നു. 9 സീറ്റുകൾ വരെയാണ് സാധ്യത കൽപ്പിക്കുന്നത്. അസദുദ്ദീൻ ഒവൈസിയുടെ എ ഐ എം ഐ എമ്മിന് 7 സീറ്റുകൾ വരെ ലഭിക്കുമെന്നും സർവ്വേ പ്രവചിക്കുന്നു. തെലങ്കാനയിൽ കോൺഗ്രസ് സ്വാധീനം വർധിപ്പിക്കുകയാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് കെ സി ആറിനെ ഞെട്ടിച്ച് കൊണ്ട് പുതിയ സർവ്വേ ഫലം പുറത്തുവന്നിരിക്കുന്നത്.

2018-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 88 സീറ്റുകള്‍ നേടിയായിരുന്നു ചന്ദ്രശേഖര റാവുവിന്റെ ബി ആര്‍ എസ് തെലങ്കാനയിൽ അധികാരം നിലനിര്‍ത്തിയത്. 19 സീറ്റുകളേ അന്ന്
കോണ്‍ഗ്രസിന് നേടാനായിരുന്നുള്ളൂ. 28.4 ശതമാനം വോട്ടുകള്‍ കോണ്‍ഗ്രസിന് നേടാനായപ്പോള്‍ ബി ആര്‍ എസിന് 46.9 ശതമാനം വോട്ടുകള്‍ ലഭിച്ചു. ഉവൈസിയുടെ എ ഐ എം ഐ എമ്മിന് 7 ഉം ബി ജെ പിക്ക് 1 സീറ്റുമായിരുന്നു ലഭിച്ചിരുന്നത്. കോൺഗ്രസിനെ ഞെട്ടിച്ച് കൊണ്ട് പിന്നീട് 10 കോൺഗ്രസ് അംഗങ്ങൾ ബി ആർ എസിലേക്ക് ചേക്കേറിയിരുന്നു. ഇതോടെ കെ സി ആറിന്റെ ബി ആർ എസിന് നിലവിൽ 102 അംഗങ്ങളുടെ പിന്തുണയാണ് ഉള്ളത്.
അതേസമയം ഒരിക്കൽ അബദ്ധത്തിൽ കൈവിട്ട് പോയ തെലുങ്ക് മണ്ണ് ഏത് വിധേനയും തിരിച്ച് പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഇക്കുറി കോൺഗ്രസ്. സംഘടനയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ നേതൃത്വം ഇവിടെ നടപ്പാക്കുന്നുണ്ട്. 2018 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ട് ശതമാനം ഉയർത്താനായത് നീക്കങ്ങൾ വിജയം കണ്ടതിന്റെ ഫലമാണെന്നാണ് നേതാക്കൾ പറയുന്നത്. അടുത്തിടെ ബി ആര്‍ എസില്‍ നിന്ന് 35 ഓളം നേതാക്കൾ കൂട്ടത്തോടെ കോൺഗ്രസിലേക്ക് ചേർന്നിരുന്നു. ഇതെല്ലാം സംസ്ഥാനത്തെ രാഷ്ട്രീയമാറ്റത്തിന്റെ സൂചനകളായി കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. ഭരണ വിരുദ്ധ വികാരവും ഇത്തവണ ഗുണം ചെയ്യുമെന്ന് നേതൃത്വം കരുതുന്നുണ്ട്. രാഷ്ട്രീയമായി ഏറെ നിർണായകമായ ഖമ്മം ജില്ലയിൽ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരിയും മുന്‍ മുഖ്യമന്ത്രി രാജശേഖര റെഡ്ഡിയുടെ മകളുമായ വൈഎസ് ശര്‍മിളയുടെ പിന്തുണയും കോൺഗ്രസിന് ഗുണം ചെയ്തേക്കുമെന്ന് വിലയുരുത്തൽ ഉണ്ട്.












Click it and Unblock the Notifications