കോൺഗ്രസ് ഭരണം പിടിക്കും; ഗോവയെ ഗോവക്കാർക്ക് തിരിച്ച് നൽകുമെന്ന് പ്രിയങ്ക ഗാന്ധി
പനാജി; സംസ്ഥാനത്ത് കോൺഗ്രസ് ഇക്കുറി ഭരണം പിടിക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബി ജെ പിയും കോൺഗ്രസും നേർക്ക് നേരാണ് ഏറ്റുമുട്ടുന്നത്. പോരാട്ടത്തിൽ കോൺഗ്രസിനായിരിക്കും അന്തിമ വിജയമെന്നും പ്രിയങ്ക പറഞ്ഞു. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് പ്രിയങ്കയുടെ പ്രതികരണം.
രാഷ്ട്രീയപാർട്ടികൾക്ക് മാത്രമല്ല, ജനങ്ങൾക്കും സുപ്രധാനമായ തിരഞ്ഞെടുപ്പാണിത്. നിങ്ങളുടെ സംസ്കാരത്തിൽ വിശ്വസിക്കുന്ന ഒരു സർക്കാരാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ കോൺഗ്രസിന് വോട്ട് ചെയ്യുക. ഞങ്ങൾ നിങ്ങൾക്കായി കഠിനാധ്വാനം ചെയ്യും.വർഷങ്ങൾക്കുമുമ്പ് എന്റെ മുത്തശ്ശി ഇവിടെ ഒരു റഫറണ്ടം നടത്തി, നിങ്ങൾക്ക് മഹാരാഷ്ട്രയ്ക്കൊപ്പം നിൽക്കണമോ വേണ്ടയോ എന്നറിയാൻ. ഇന്ന് ഇതാ ഇപ്പോൾ ഞങ്ങൾ പറയുകയാണ് ഗോവയെ ഗോവക്കാർക്ക് നൽകാൻ ആണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. പ്രിയങ്ക ഗാന്ധി പറഞ്ഞു.

ബി ജെ പിയുടെ പദ്ധതികളുടെ ആനുകൂല്യ ലഭിക്കുന്നത് തിരഞ്ഞെടുക്കപ്പെട്ടവർക്ക് മാത്രമാണെന്ന് പ്രിയങ്ക ആരോപിച്ചു. ഗോവയിലെ കോൺഗ്രസ് പാർട്ടി ജനങ്ങളുടെ ക്ഷേമത്തിനായി നിരവധി കാര്യങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. കോൺഗ്രസ് ഭരണത്തിലേറിയാൽ ന്യായ് പദ്ധതിയിലൂടെ ദുർബല കുടുംബങ്ങൾക്ക് പ്രതിമാസം 6,000 ഉറപ്പാക്കും. തൊഴിലവസരങ്ങൾക്കായി 500 കോടി രൂപയുടെ സർക്കാർ ഫണ്ട് അനുവദിക്കും. ഓരോ ഗോവക്കാരനും സംസ്ഥാന ഇൻഷുറൻസ് ലഭിക്കും. സംസ്ഥാനത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില 80 രൂപയ്ക്ക് മുകളിൽ കൂടില്ലെന്നും അവർ പറഞ്ഞു.
നിങ്ങളുടെ സംസ്കാരത്തെ സർക്കാർ അംഗീകരിക്കാതിരിക്കുമ്പോൾ ജനങ്ങൾ കഷ്ടപ്പെടും. ഞാൻ സംസ്ഥാനത്തോട് ജനങ്ങളോട് സംവദിച്ചു. തങ്ങളെല്ലാവരും സമ്മർദ്ദത്തിലാണെന്നാണ് അവർ പറയുന്നത്. തങ്ങളുടെ ജീവിതം സുഖകരമാണെന്ന് ആരും പറഞ്ഞില്ല. കൊവിഡ് കാലത്ത് സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു പിന്തുണയും ജനങ്ങൾക്ക് ലഭിച്ചില്ല. അധികാരത്തിൽ തുടരുന്നതിൽ മാത്രമാണ് ഗോവ സർക്കാരിന്റെ ശ്രദ്ധ. അവർ അധികാരം കവർന്നെടുക്കുകയായിരുന്നുവെന്ന് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തന്നെ വ്യക്തമായിരുന്നു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ സർക്കാർ ജോലിയിൽ സ്ത്രീകൾക്ക് 30 ശതമാനം സംവരണം ഏർപ്പെടുത്തും. സ്ത്രീകളുടെ സുരക്ഷയ്ക്കായി വ്യവസ്ഥകൾ ഒരുക്കും, പ്രിയങ്ക പറഞ്ഞു. തൃണമൂൽ കോൺഗ്രസിനേയും ആം ആദ്മിയേയും പ്രിയങ്ക കടന്നാക്രമിച്ചു. ബി ജെ പി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കുക മാത്രമാണ് അവരുടെ ലക്ഷ്യമെന്നും അവർക്ക് സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാൻ സാധിക്കില്ലെന്നും പ്രിയങ്ക പറഞ്ഞു.
2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 40 അംഗ നിയമസഭയിൽ 17 സീറ്റുകൾ നേടിയിട്ടും കോമ്‍ഗ്രസിന് അധികാരം നേടാൻ സാധിച്ചിരുന്നില്ല. ബി ജെ പിക്ക് അന്ന് ലഭിച്ചത് 13 സീറ്റുകളായിരുന്നു. എന്നാൽ പ്രാദേശിക കക്ഷികളായ ഗോവ ഫോർവേഡ് പാർട്ടിയുമായും മഹാരാഷ്ട്രവാദി ഗോമന്ത് പാർട്ടിയുമായും ബി ജെ പി സഖ്യത്തിലെത്തുകയും കോൺഗ്രസിനെ അധികാരത്തിലേറുന്നത് തടയുകയും ചെയ്തു. തുടർന്ന് പിന്നീട് കോൺഗ്രസിലെ 14 ഓളം എം എൽ എമാരെ ബി ജെ പി മറുകണ്ടം ചാടിച്ചു. നിലവിൽ 3 എം എൽ എമാർ മാത്രമാണ് ഗോവയിൽ കോൺഗ്രസിന് ഉള്ളത്.
അതേസമയം ഇത്തവണ തൃണമൂൽ കോൺഗ്രസിന്റേയും ആം ആദ്മി പാർട്ടിയുടേയും വരവോടെ ശക്തമായ ചതുഷ്കോണ മത്സരത്തിനാണ് സംസ്ഥാനത്ത് കളമൊരുങ്ങിയിരിക്കുന്നത്. പ്രാദേശിക പാർട്ടിയായ ഗോവ ഫോർവേഡ് പാർട്ടിയുമായി സഖ്യത്തിലാണ് കോൺഗ്രസ് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. നേരത്തേ കോൺഗ്രസുമായി തൃണമൂൽ സഖ്യത്തിന് താത്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിൽ ഈ നിർദ്ദേശം ഹൈക്കമാന്റ് തള്ളിയിരുന്നു. സംസ്ഥാനത്ത് തൂക്കുസഭയാണ് മിക്ക അഭിപ്രായ സർവ്വേകളും പ്രവചിക്കുന്നത്. ഫെബ്രുവരി 14 നാണ് ഗോവയിൽ വോട്ടെടുപ്പ്. മാർച്ച് 10 ന് ഫലം വരും.












Click it and Unblock the Notifications