രാമക്ഷേത്ര സന്ദർശനം വിവാദമായി; കോൺഗ്രസ് വിട്ട് രാധിക ഖേര, പാർട്ടിയിൽ പുരുഷ മേധാവിത്തമെന്ന് ആരോപണം
ന്യൂഡൽഹി: രാമക്ഷേത്ര സന്ദർശനം വിവാദമായതിന് പിന്നാലെ രാജിപ്രഖ്യാപിച്ച് ഛത്തീസ്‌ഗഢ് കോൺഗ്രസ് നേതാവ് രാധിക ഖേര. കോൺഗ്രസ് സംസ്ഥാന ഘടകത്തിന്റെ മോശം പെരുമാറ്റവും പുരുഷ മേധാവിത്ത മനോഭാവവുമാണ് പാർട്ടിയിൽ നിന്ന് രാജിവയ്ക്കാൻ കാരണമെന്നാണ് രാധിക ഖേര തന്നെ വ്യക്തമാക്കുന്നത് കാരണങ്ങൾ. രാജിവയ്ക്കാനുണ്ടായ കാരണം ഉൾപ്പെടെ ചൂണ്ടിക്കാട്ടി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് അവർ കത്തയച്ചു.
രാമക്ഷേത്ര സന്ദർശനം നടത്തിയതിന്റെ പേരിൽ പാർട്ടി സംസ്ഥാന ഘടകം തന്നെ വിമർശിച്ചുവെന്നും അവർ കത്തിൽ ചൂണ്ടിക്കാണിക്കുന്നു. അയോധ്യയിലെ രാമനെ പിന്തുണയ്ക്കുന്നതിന്റെ പേരിൽ തനിക്ക് കടുത്ത എതിർപ്പാണ് നേരിടേണ്ടി വന്നത്. കഴിഞ്ഞ 22 വർഷങ്ങൾ പാർട്ടിക്ക് വേണ്ടി ഉഴിഞ്ഞുവെച്ചയാളാണ് താനെന്നും അവർ കത്തിൽ ചൂണ്ടിക്കാണിക്കുന്നു.

എപ്പോഴാണ് രാധിക ഖേര രാമക്ഷേത്രം സന്ദർശിച്ചതെന്ന് കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ രാജി പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് തന്റെ എക്‌സ് അക്കൗണ്ടിലെ പ്രൊഫൈൽ ചിത്രത്തിൽ രാമക്ഷേത്രത്തിൽ മറ്റ് രണ്ട് സ്ത്രീകളോടൊപ്പം നിൽക്കുന്ന ചിത്രമായിരുന്നു ഖേര വച്ചിരുന്നത്. ഇതിന് പിന്നാലെയാണ് രാജി പ്രഖ്യാപനം.
ഛത്തീസ്‌ഗഢ് കോൺഗ്രസ് ഘടകത്തിൽ നിന്ന് തനിക്ക് അനാദരവ് നേരിട്ടെന്ന് പറഞ്ഞിട്ട് പോലും തനിക്ക് നീതി നിഷേധിക്കപ്പെട്ടുവെന്നും ഖേര ആരോപിച്ചു. കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം ഉപേക്ഷിക്കുകയാണെന്നും വലിയ വേദനയോടെയാണ് താൻ സ്ഥാനമൊഴിയുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. നീതിക്ക് വേണ്ടിയുള്ള പോരാട്ടം ഇനിയും തുടരുമെന്നും അവർ വ്യക്തമാക്കി.
താനൊരു സനാതന ധർമ്മ വിശ്വാസി ആണെന്നും രാമക്ഷേത്രത്തിൽ പോയത് ഒരു ഹിന്ദു ആയതിനാലാണെന്നും അവർ വാർത്താ ഏജൻസിയായ എൻഐഎയോട് പറഞ്ഞു. കോൺഗ്രസിന്റെ പോരാട്ടം രാം ലല്ലയോടാണോ അതോ മറ്റേതെങ്കിലും രാഷ്ട്രീയ കക്ഷിയോടാണോ എന്നാണ് പാർട്ടി ആദ്യം തീരുമാനിക്കേണ്ടതെന്നും അവർ പറയുന്നു.
നേരത്തെ പാർട്ടിയിലെ ചിലരിൽ നിന്ന് നിരന്തരം മോശം പെരുമാറ്റം നേരിടേണ്ടി വരുന്നുവെന്ന് ഖേര ആരോപിച്ചിരുന്നു. പാർട്ടിയിൽ വനിതാ നേതാക്കൾക്ക് അർഹിച്ച ബഹുമാനം ലഭിക്കുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു. ഛത്തീസ്‌ഗഢ് കോൺഗ്രസിന്റെ കമ്മ്യൂണിക്കേഷൻ വിങ് ചെയർപേഴ്‌സൺ സുശീൽ ആനന്ദ് ശുക്ലയാണ് ആരോപണ വിധേയൻ എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ അഭിപ്രായ ഭിന്നത ഉണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications