
ഗുജറാത്ത് ഉറപ്പിച്ച് ബിജെപി; കോണ്‍ഗ്രസ് പ്രതീക്ഷ മുഴുവന്‍ ഹിമാചലില്‍, വോട്ടെണ്ണല്‍ 8 ന് ആരംഭിക്കും
ദില്ലി: ഗുജറാത്ത് , ഹിമാചല്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ ഇന്ന് പുറത്ത് വരും. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലേറെയായി ബി ജെ പി അധികാരത്തിലിരിക്കുന്ന സംസ്ഥാനത്ത് ഇത്തവണയും അവർ തന്നെ തുടരുമെന്ന തരത്തിലാണ് എക്സിറ്റ് പോള്‍ പ്രവചനങ്ങളെല്ലാം വന്നിരിക്കുന്നത്. എന്നാല്‍ പ്രവചനങ്ങള്‍ തള്ളിയ കോണ്‍ഗ്രസ് മികച്ച പ്രകടനം അവകാശപ്പെടുന്നു.
ഓരോ അഞ്ച് വർഷം കൂടുമ്പോഴും അധികാരം മാറിവരുന്ന ഹിമാചല്‍ പ്രദേശിലാവട്ടെ ഇരുപാർട്ടികള്‍ക്കും തുല്യ സാധ്യതയാണ് എക്സിറ്റ് പോളുകള്‍ കല്‍പ്പിക്കുന്നത്. രണ്ട് സംസ്ഥാനങ്ങളിലും ഏറെ പ്രതീക്ഷയോടെ ആം ആദ്മിയും മത്സര രംഗത്തുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം സംസ്ഥാനം എന്ന നിലയില്‍ ഗുജറാത്ത് ഇന്നത്തെ വോട്ടെണ്ണലില്‍ ഏറെ പ്രധാന്യം നേടുന്നു.

പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിക്കൊണ്ട് വോട്ടെണ്ണല്‍ 8 മണിക്കും ആരംഭിക്കും. ഗുജറാത്തിൽ തുടർച്ചയായി ഏഴാം തവണയും റെക്കോർഡ് നേട്ടമാണ് ബി ജെ പി ലക്ഷ്യമിടുന്നത്. 2017ലെ തെരഞ്ഞെടുപ്പിൽ 99 സീറ്റുകൾ നേടിയ ബി ജെ പി ഇത്തവണ 182 സീറ്റിൽ 117-151 സീറ്റുകളിലും കോൺഗ്രസിന് 16 മുതൽ 51 വരെ സീറ്റുകളിലും വിജയിക്കുമെന്നാണ് പ്രവചനം. ആം ആദ്മി പാർട്ടി കോൺഗ്രസ് വോട്ടുകൾ കയ്യടക്കുമോയെന്നതും ഇന്നത്തെ ഫലത്തോടെ അറിയാന്‍ സാധിക്കും.
Live: വോട്ടെണ്ണലിന് ഒരുങ്ങി ഗുജറാത്തും ഹിമാചലും; നെഞ്ചിടിപ്പോടെ മുന്നണികള്‍

2002ലായിരുന്നു സംസ്ഥാനത്ത് ബി ജെ പി ഇതുവരേയുള്ളതില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത്. 182 അംഗ സംസ്ഥാന നിയമസഭയിൽ 127 സീറ്റുകളായിരുന്നു അന്ന് ബി ജെ പിക്ക് ലഭിച്ചത്. ഗുജറാത്തിൽ 27 വർഷത്തെ ഭരണത്തിന് ശേഷം ബിജെപി ഭരണവിരുദ്ധ വികാരങ്ങളുമായി പോരാടുമ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തവണയും പാർട്ടിയുടെ തുറുപ്പുചീട്ടായിരുന്നു. ഭരണ വിരുദ്ധ ഘടകങ്ങളെ മോദി ബ്രാന്‍ഡ് ഉയർത്തിയാണ് ബി ജെ പി നേരിട്ടത്.
വിമർശകർക്ക് 'നെയ്മീന്' മറുപടിയുമായി റോബിന്: വെരി ഗുഡ്.., കയ്യടിച്ച് ആരതിപൊടിയും

തൊഴിലില്ലായ്മ, വിലക്കയറ്റം, സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ വെള്ളം എത്താത്തത്, വൻകിട പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കൽ, അധികമഴയെ തുടർന്നുണ്ടായ കൃഷിനാശത്തിന് കർഷകർക്ക് ശരിയായ നഷ്ടപരിഹാരം ലഭിക്കാത്തത് എന്നിവയായിരുന്നു ഗുജറാത്ത് പ്രചാരണത്തിലെ പ്രധാന വിഷയങ്ങൾ. നിരവധി റാലികളും മെഗാ റോഡ് ഷോകളും നടത്തി ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദി നേതൃത്വം നൽകിയപ്പോൾ, ആഭ്യന്തര മന്ത്രി ഷാ രണ്ട് മാസത്തോളം സംസ്ഥാനത്ത് ഉണ്ടായിരുന്നു. അദ്ദേഹം പ്രചാരണവും തിരഞ്ഞെടുപ്പ് തന്ത്രവും സൂക്ഷ്മമായി കൈകാര്യം ചെയ്തു.

പാർട്ടി അധ്യക്ഷൻ ജെ പി നദ്ദ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥ്, ശിവരാജ് സിംഗ് ചൗഹാൻ, ഹിമന്ത ബിശ്വ ശർമ്മ, പ്രമോദ് സാവന്ത് എന്നിവരും സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് റാലികളിൽ സജീവമായി. ബിജെപിയുടെ മിക്കവാറും എല്ലാ കേന്ദ്രമന്ത്രിമാരും പ്രചാരണത്തിൽ പങ്കെടുക്കുകയും ചെയ്തു.

കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം പ്രത്യക്ഷത്തില്‍ അവരുടെ പ്രചരണം അത്ര ശക്തമായിരുന്നില്ല. പാർട്ടിയുടെ 'നിശബ്ദ പ്രചാരണം' ജനങ്ങളിൽ സ്വാധീനം ഉണ്ടാക്കിയിട്ടുണ്ടോ എന്ന് വ്യാഴാഴ്ചത്തെ ഫലങ്ങൾ കാണിക്കും. പാർട്ടിയുടെ ഉന്നത നേതാക്കൾ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ തിരക്കിലായിരുന്നതിനാല്‍ പലരും പ്രചരണത്തിനായി ഗുജറാത്തിലും ഹിമാചലിലും എത്തിയില്ല.

2017ൽ കോൺഗ്രസിന് 77 സീറ്റുകളാണ് ലഭിച്ചത്. സമീപകാലത്തെ പാർട്ടിയുടെ മികച്ച പ്രകടനമായിരുന്നു ഇത്. നിലവില്‍ രാജസ്ഥാനിലും ഛത്തീസ്ഗഡിലും മാത്രമാണ് കോൺഗ്രസിന് അധികാരമുള്ളത്, ഇവ രണ്ടും 2023-ൽ തെരഞ്ഞെടുപ്പിലേക്ക് പോകും. ഈ സാഹചര്യത്തില്‍ ഹിമാചല്‍ പ്രദേശിലാണ് പാർട്ടിയുടെ പ്രതീക്ഷ മുഴുവനും. മലയോര മേഖലയിൽ അധികാരത്തിലിരിക്കുന്ന സർക്കാരിനെ വോട്ട് ചെയ്യാനുള്ള നാല് പതിറ്റാണ്ടോളം പഴക്കമുള്ള പാരമ്പര്യം വോട്ടർമാർ ഇത്തവണയും തുടരുമെന്നാണ് പ്രതീക്ഷ.

ആം ആദ്മി പാർട്ടിയെ സംബന്ധിച്ച് ഒരു ദേശീയ പാർട്ടിയായി നിലയുറപ്പിക്കാനും ദേശീയ തലത്തിലും ബി ജെ പിക്ക് വെല്ലുവിളി ഉയർത്താനും അവസരം ലഭിക്കുമോയെന്ന് തിരഞ്ഞെടുപ്പ് ഫലം നിർണ്ണയിക്കും. ഡൽഹിയിലും പഞ്ചാബിലും അധികാരത്തിലിരിക്കുന്ന എ എ പി, ഗുജറാത്തിൽ ആദ്യമായി ത്രികോണ മത്സരമാക്കി മാറ്റാൻ ശക്തമായ പ്രചാരണമാണ് നടത്തിയിത്.