ബംഗാളില്‍ കൊവിഡ് പടര്‍ന്നുപിടിക്കുന്നു; പൊലീസ് സേനയില്‍ രോഗം വ്യാപനം രൂക്ഷം, വന്‍ പ്രതിസന്ധി
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. പൊലീസ് സേനയിലും കൊവിഡ് രൂക്ഷമായിട്ടുണ്ട്. ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ അടക്കം 83 പേര്‍ക്ക് സംസ്ഥാനത്ത് കൊവിഡ് ബാധിച്ചെന്നാണ് ഏറ്റവും പുതിയതായി പുറത്തുവരുന്ന റിപ്പോര്‍ട്ട്. 83 പേരില്‍ 47 പേര്‍ വീട്ടുകളില്‍ ഐസലേഷനില്‍ കഴിയുകയാണ്. 16 പേരെ ആശുപത്രിയില്‍ പ്രവേശിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
കൂടാതെ, കൊല്‍ക്കത്ത മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും സ്റ്റാഫും ഉള്‍പ്പെടെ നൂറിലധികം പേര്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ചിട്ടുണ്ട്. നഗരത്തിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്നാണ് കൊല്‍ക്കത്ത മെഡിക്കല്‍ കോളേജ്. ഇവിടെയുള്ള ഡോക്ടര്‍മാര്‍ക്കും സ്റ്റാഫുകള്‍ക്കും രോഗം സ്ഥിരീകരിച്ചതോടെ വലിയ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്.
അതേസമയം, നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളേജിലെയും സിലിഗുരിയിലെ ഒരു ആശുപത്രിയിലെയും ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെ 25 മെഡിക്കല്‍ സ്റ്റാഫുകള്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. ഇവര്‍ എല്ലാവരും ഐസലേഷനില്‍ പ്രവേശിച്ചിരിക്കുകയാണ്. തിങ്കളാഴ്ച, കൊല്‍ക്കത്ത നാഷണല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 70 ഡോക്ടര്‍മാര്‍ക്കും കാളിഘട്ടിലെ ചിത്തരഞ്ജന്‍ സേവാ സദനിലെയും ശിശു സദന്‍ ഹോസ്പിറ്റലിലെയും 24 മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ക്കും റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയിലെ 12 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ പോകാന്‍ ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് ഡിസംബര്‍ 28 മുതല്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച്, ഡിസംബര്‍ 28 മുതല്‍ തിങ്കളാഴ്ച വരെ പോസിറ്റീവ് നിരക്ക് 19.59 ശതമാനമായി ഉയര്‍ന്നു. ഡിസംബര്‍ 28ന് മുമ്പ് ഇത് 2.35 ശതമാനമായിരുന്നു. നിലവില്‍ സജീവമായ കേസുകളുടെ എണ്ണം 20,186 ആണ്, ഡിസംബര്‍ 28 ന് ശേഷം 12,729 കേസുകളാണ് അധികമായത്.
ആരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച്, സംസ്ഥാനത്ത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് കോവിഡ് മഹാമാരിയുടെ മൂന്നാം തരംഗമാണെന്നാണ്. ഫെബ്രുവരി വരെ നീണ്ടുനിന്നേക്കാമെന്നും ഈ മാസം രണ്ടാം വാരത്തില്‍ അത് ഉയര്‍ന്നേക്കാനും സാധ്യതയുണ്ട്. രോഗം വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങലാണ് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പുതിയ നിയന്ത്രണങ്ങള്‍ അനുസരിച്ച്, രാത്രി 10 മുതല്‍ പുലര്‍ച്ചെ 5 വരെ ആളുകളുടെ ഗതാഗതവും വാഹനങ്ങളും ഏതെങ്കിലും തരത്തിലുള്ള പൊതുപരിപാടികളും എല്ലാം നിരോധിച്ചിരിക്കുന്നു. അവശ്യ സേവനങ്ങളും അടിയന്തര സേവനങ്ങളും മാത്രമേ അനുവദിക്കൂ. സ്‌കൂളുകള്‍, കോളേജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. നീന്തല്‍ക്കുളങ്ങള്‍, സ്പാകള്‍, ജിമ്മുകള്‍, സലൂണുകള്‍ എന്നിവ ജനുവരി 3 മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിരിക്കും. മൃഗശാലകളും വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിട്ടിട്ടുണ്ട്. സിനിമാ തിയേറ്ററുകളിലെ സീറ്റ് 50 ശതമാനമായി വെട്ടിക്കുറച്ചു . എല്ലാ ഷോപ്പിംഗ് മാളുകളും മാര്‍ക്കറ്റുകളും ബാറുകളും റെസ്റ്റോറന്റുകളും 50 ശതമാനം ശേഷിയില്‍ മാത്രമേ പ്രവര്‍ത്തിക്കാവൂ.3.












Click it and Unblock the Notifications